Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി

high-court-kerala

കൊച്ചി ∙ പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻപു സഭാ തർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്നു കേസിൽ കക്ഷി ചേരാനെത്തിയവർ തടസം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പിൻമാറ്റം.

പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. ഇരുകക്ഷികളും ബെഞ്ചില്‍ വിശ്വാസം അറിയിച്ചെങ്കിലും തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ കക്ഷി ചേരുന്നതിനായി വിശ്വാസികളുടേതായ ഹര്‍ജിയുമായി എത്തിയ അഭിഭാഷകനാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്നും പുതിയ ബെഞ്ച് കേസ് പരിഗണിക്കണമെന്നും ആവശ്യം ഉന്നയിച്ചത്. 

കഴിഞ്ഞ ആറു മാസം കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായ വ്യത്യാസം അറിയിച്ചിരുന്നില്ല. ഇത്രയും മുന്നോട്ടു പോയ ശേഷം പുതിയ ആവശ്യവുമായി വരുന്നത് നല്ലതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ പിന്‍മാറ്റം. ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. 

നേരത്തേ യാക്കോബായ സഭയുടെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജഡ്ജി ആയി എത്തിയപ്പോള്‍ തന്നെ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവിഭാഗവും വിശ്വാസം രേഖപ്പെടുത്തിയെങ്കിലും കേസ് അവസാന ഘട്ടത്തിലെത്തി വിധിപറയാനിരിക്കെയാണ് വിശ്വാസികളുടെ ഹര്‍ജി എന്നപേരില്‍ എത്തി പുതിയ ആവശ്യം ഉന്നയിച്ചത്.

എന്നാൽ, കേസിലെ 2 കക്ഷികളും സർക്കാരും ജഡ്ജിയെ സംശയിക്കുന്നില്ലെന്ന നിലപാടാണു സ്വീകരിച്ചത്. മുൻപ്, പള്ളിക്കേസുകളിൽ ഹാജരായിട്ടില്ലെങ്കിലും തടസവാദം ഉയർന്ന സാഹചര്യത്തിൽ പിൻമാറുകയാണെന്നു 2 ജഡ്ജിമാരും അറിയിച്ചു.