രാജസ്ഥാനിൽ ‘മായാജാലം’ അനിവാര്യം; ഗെലോട്ടിനെ മൂന്നാമതും വാഴിച്ച് കോൺഗ്രസ്

അശോക് ഗെലോട്ട്

ജയ്പൂർ∙ അച്ഛൻ കണ്ടെത്തിയ നേതാവിനെ മൂന്നാം തവണയും രാജസ്ഥാന്‍റെ മുഖ്യമന്ത്രിയായി വാഴിക്കാനുള്ള നിയോഗം മകന്– അശോക് ഗെലോട്ടെന്ന അനുഭവസമ്പന്നനായ രാഷ്ട്രീയക്കാരന്‍ ഒരിക്കൽ കൂടി രാജസ്ഥാന്‍റെ അമരത്തെത്തുന്നതിനെ ഇത്തരത്തിലും വിശേഷിപ്പിക്കാം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവായ രാജീവ് ഗാന്ധി കൈപ്പിടിച്ചുയർത്തിയ നേതാവാണ് ഗെലോട്ട്.

അസാമാന്യമായ സംഘാടനപാടവമാണ് ഗെലോട്ടിനെ മറ്റു നേതാക്കളിൽനിന്നും വ്യത്യസ്തനാക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായ ഗെലോട്ടിന്‍റെ കൈകളിലേക്ക് ഒരിക്കൽ കൂടി രാജസ്ഥാന്‍റെ ഭരണമെത്തുമ്പോൾ ഒരുകാര്യം ഉറപ്പാണ്– 2019ലെ പൊതുതിരഞ്ഞെടുപ്പെന്ന വലിയ ലക്ഷ്യത്തിൽ രാജസ്ഥാനുള്ള പങ്ക് കോൺഗ്രസ് ദേശീയ നേതൃത്വം ശരിക്കും തിരിച്ചറിയുന്നു.

അണികൾക്കിടയിലേക്കേ ആഴത്തിലിറങ്ങിച്ചെന്ന ഗെലോട്ടിന്‍റെ കരുത്തും ഈ സ്വീകാര്യതയും വിപുലമായ ബന്ധങ്ങളുമാണ്. രാഷ്ട്രീയ ഗോദയിലെ ചാണക്യനായാണു മുതിർന്ന നേതാവ് പൊതുവെ അറിയപ്പെടുന്നത്. സരസ സംഭാഷണങ്ങളിലൂടെ ഏതു പ്രതിസന്ധി ഘട്ടത്തെയും മറികടക്കാനുള്ള ഗലോട്ടിന്‍റെ കഴിവു പലപ്പോഴും കോൺഗ്രസിനു തുണയായിട്ടുള്ളത് ചരിത്രം.

സർദാർപുരയില്‍ നിന്നുമാണ് ഇത്തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു മന്ത്രിസഭകളിൽ വിനോദസഞ്ചാരം, വ്യോമയാനം, ടെക്സ്റ്റെയ്ൽസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ഒരു മജീഷ്യന്‍റെ മകനായ ഗെലോട്ട് അഞ്ചു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലെത്തിയില്ലായിരുന്നെങ്കിൽ പിതാവിന്‍റെ പാതയിൽ താനും മാജിക്കിലൂടെ തന്നെ സഞ്ചരിക്കുമായിരുന്നുവെന്നു പല തവണ വ്യക്തമാക്കിയിട്ടുള്ള ഗെലോട്ട് പൊതുവേദികളിൽ പലപ്പോഴും തന്നിലെ മജീഷ്യന്‍റെ കഴിവുകൾ പുറത്തെടുത്തിട്ടുണ്ട്. ഗാന്ധി കുടുംബത്തോടു വളരെ അടുത്ത ബന്ധം പുലർത്തുന്ന ഗെലോട്ടിന്‍റെ മാന്ത്രിക വിദ്യകൾ ഇനിയും കോൺഗ്രസിനു ആവശ്യമുണ്ടെന്നു രാഹുലും സോണിയ ഗാന്ധിയും ചിന്തിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എൻഎസ്‍യുവിലൂടെ രാഷ്ട്രീയത്തിൽ ചുവടുവച്ചപ്പോൾ പ്രകടമാക്കിയ അതേ വീര്യം ഇന്നും ഗെലോട്ടിൽ കാണാം.