മുഖ്യമന്ത്രിയായി; ഇനി ‘മന്ത്രിമോഹികൾ’ കോൺഗ്രസിന് തലവേദന, പ്രതിസന്ധി

ന്യൂഡൽഹി∙ മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറുന്ന മുഖ്യമന്ത്രിമാര്‍ക്കു മുന്‍പിലുള്ളതു കടുത്ത വെല്ലുവിളികള്‍. മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും കമല്‍നാഥിനും ഗെലോട്ടിനും കീറാമുട്ടിയാകാനാണു സാധ്യത. സഖ്യകക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ജാതി സമവാക്യങ്ങള്‍ക്കനുസരിച്ചു മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യുക എന്നതു തലവേദനയാണ്.

ഹിന്ദിഹൃദയഭൂമിയിലെ കാവിക്കോട്ടയായിരുന്ന രണ്ടുസംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുത്തതിലും വലിയ വെല്ലുവിളികളാണു രണ്ടു മുഖ്യമന്ത്രിമാരെയും കാത്തിരിക്കുന്നത്. മന്ത്രിമാരെ തീരുമാനിക്കുന്നതും വകുപ്പു വീതംവയ്ക്കുന്നതും എക്കാലത്തും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു തലവേദനയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനാണു സാധ്യത. കേവല ഭൂരിപക്ഷം എന്ന മാന്ത്രികസംഖ്യയില്‍ ഒട്ടിനില്‍ക്കുന്ന ഇരുസംസ്ഥാനങ്ങളിലും സഖ്യകക്ഷികളുടെ താല്‍പര്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കേണ്ടിവരും.

അതിനുശേഷമേ പാര്‍ട്ടി എംഎല്‍എമാരില്‍നിന്നു മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കു. രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നായിരുന്നു പാര്‍ട്ടി വിമതരായി ജയിച്ചുവന്ന എം.എല്‍.എമാരുടെ തീരുമാനം. ഇവരെയും അര്‍ഹമായ രീതിയില്‍ പരിഗണിക്കേണ്ടിവരും. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ മാത്രമാണ് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കുപുറമേ പ്രഖ്യാപിച്ചിട്ടുള്ളത്.

മധ്യപ്രദേശില്‍ മകനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി ദിഗ്‍വിജയ് സങ്ങ് രംഗത്തെത്തിയെന്നാണു വിവരം. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഇരുസംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിത്തറ കാക്കേണ്ടതും കമല്‍നാഥിനും ഗെലോട്ടിനും മുന്നിലെ വെല്ലുവിളിയാണ്.