രാജസ്ഥാനിൽ ഭരണത്തിലേറി കോൺഗ്രസ്; ഗെലോട്ടും പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർ ഗവർണർ കല്യാണ്‍ സിങ്ങിനൊപ്പം. ചിത്രം: കോൺഗ്രസ്, ട്വിറ്റർ

ന്യൂഡൽഹി∙ രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിൽ നേതാക്കന്മാരെയും പ്രവർത്തകരെയും സാക്ഷി നിർത്തിയായിരുന്നു ചടങ്ങ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായവതിയും ചടങ്ങിൽ പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു. അസൗകര്യങ്ങളുള്ളതിനാൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ദിനേഷ് ത്രിവേദി എംപിയെയാണു അയച്ചത്.

തുടർന്ന്, ഉച്ചയ്ക്കു 1.30ന് ഭോപാലിൽ ജംബോരി മൈതാനത്താണു കമൽനാഥിന്റെ സത്യപ്രതിജ്ഞ. 15 വർഷത്തെ ബിജെപിയുടെ തേരോട്ടം അവസാനിപ്പിച്ചാണ് എഴുപത്തിരണ്ടുകാരനായ കമൽനാഥ്‌ മധ്യപ്രദേശിൽ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ദീർഘകാലം പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന പരിചയവും മുഖ്യമന്ത്രി പദത്തിൽ കമൽനാഥിന് മുതൽക്കൂട്ടാണ്.

ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ വൈകിട്ട് 5നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിൽ ഛത്തിസ്ഗഢ് പിസിസി അധ്യക്ഷനായ ബാഗേൽ സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാവാണ്. മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ്‌ സർക്കാരിലും വിഭജനത്തിനുശേഷം ഛത്തീസ്ഗഡിൽ ആദ്യമായി അധികാരത്തിൽ എത്തിയ അജിത് ജോഗി സർക്കാരിലും മന്ത്രിയായിരുന്നു. റായ്പ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിലാണു സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. സത്യപ്രതിജ്ഞയുടെ വിശദവിവരങ്ങൾ ‘ലൈവ് അപ്‍ഡേറ്റ്സിൽ’ വായിക്കാം.