വനിതാ മതിലിൽ പങ്കെടുക്കരുത്; കോൺഗ്രസ് പ്രവർത്തകർക്ക് മുല്ലപ്പള്ളിയുടെ കത്ത്

മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം∙ വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു കത്തയച്ചു. വനിതാമതിലിന്റെ ആവശ്യകത വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ യുവതീപ്രവേശമാണു കാരണമെങ്കിലും അതു തുറന്നു പറയാന്‍ സര്‍ക്കാരിനു നട്ടെല്ലില്ല. കാരണം സംഘാടക സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെ വനിതാ മതിലില്‍ പങ്കെടുക്കുന്ന പല സംഘടനകളുടെയും നേതാക്കളും ഇത് അംഗീകരിക്കുന്നില്ല എന്നതാണ്. അതിനാലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന മൂടുപടം ഇട്ടിരിക്കുന്നത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു മതില്‍ കെട്ടിയാല്‍ മതിയോയെന്ന് മുല്ലപ്പള്ളി കത്തില്‍ ചോദിച്ചു. കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് എല്ലാ മതവിഭാഗത്തിലുംപെട്ട ജനങ്ങളുടെ കൂട്ടായ സംഭാവനയാണുള്ളത്. ശ്രീനാരയണഗുരുവും, ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും, അയ്യാവൈകുണ്ഠ സ്വാമികളും മറ്റും വെട്ടിയ ചാലുകളിലൂടെയാണു നവോത്ഥാന പ്രസ്ഥാനം ഒഴുകിപ്പരന്നത്.

ബാബറി മസ്ജിദ് പൊളിക്കുന്നതിനു കര്‍സേവ നടത്തിയ ഒരു ഹിന്ദു പാര്‍ലമെന്റ് നേതാവിനെയാണു നവോത്ഥാന മതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. തീവ്ര വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ പിണറായിക്കു സിന്ദാബാദ് വിളിച്ചാല്‍ അവരുടെ നിലപാടുകളെ സിപിഎം വിശുദ്ധവൽക്കരിക്കുകയാണു ചെയ്യുന്നത്. ഇതു കാരണമാണു വനിതാ മതില്‍ സമൂഹത്തില്‍ വർ‌ഗീയ ധ്രൂവീകരണത്തിന് കാരണമാകുമെന്നു പറയുന്നത്. അതിനാല്‍ സിപിഎമ്മിന്റെ ഈ വർഗീയ മതില്‍ സംരംഭത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന യാതൊരു നടപടിയിലും കോണ്‍ഗ്രസുമായും യുഡിഎഫുമായും ബന്ധമുള്ള ആരും ഏര്‍പ്പെടരുതെന്നു മാത്രമല്ല ശക്തിയായി എതിര്‍ത്തു തോൽപ്പിക്കാൻ രംഗത്തിറങ്ങണമെന്നും മുല്ലപ്പള്ളി കത്തില്‍ ആവശ്യപ്പെട്ടു.