വനിതാമതിൽ: എന്‍എസ്എസ് നീക്കം നായർ സമുദായം തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ

മലപ്പുറം∙ വിശ്വാസത്തെ ഭരണഘടനയ്ക്കു മീതെ സ്ഥാപിക്കാനുള്ള എന്‍എസ്എസിന്റെ നീക്കം നായർ സമുദായം തള്ളിക്കളയുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വനിതാമതിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാടെടുക്കാനും അതു പ്രഖ്യാപിക്കാനും എൻഎസ്എസിനു സ്വാതന്ത്ര്യമുണ്ട്. അതു ശരിയാണോ എന്നു പരിശോധിക്കാൻ സമുദായാംഗങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്.

എൻഎസ്എസും ബിഡിജെഎസുമൊന്നും സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന സംഘടനകളല്ലെന്നു നേരത്തെ മനസ്സിലായതാണല്ലോ. നേതൃത്വം പറയുന്നതു കേട്ട് വോട്ടു ചെയ്യുന്നവരാണു സമുദായാംഗങ്ങളെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അതു പ്രകടമാകേണ്ടതായിരുന്നു. ബിജെപി എല്ലാം പിടിച്ചെടുക്കുമെന്നു കേട്ടാണ് ബിഡിജെഎസ് എൻഡിഎയിലേക്കു പോയത്.

വനിതാമതിലിനു ന്യൂനപക്ഷ സമുദായങ്ങളെയും സംഘടനകളെയും ക്ഷണിച്ചാൽ, സർക്കാർ ന്യൂനപക്ഷങ്ങളെ ഒരുമിച്ചുകൂട്ടി ഹിന്ദുസമൂഹത്തെ എതിർക്കുന്നു എന്നാവും ആരോപണം. വനിതാമതിലിൽ ഏതു മതത്തിൽപ്പെട്ടവർക്കും പങ്കെടുക്കാം. ക്രൈസ്തവ, മുസ്‌ലിം, ഹിന്ദുവിഭാഗങ്ങളെല്ലാം സംസ്ഥാനത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

എഴുത്തച്ഛനാണു ഭാഷാപിതാവെങ്കിലും അച്ചടിയുൾപ്പെടെയുള്ള ഭാഷാവികസനപ്രവർത്തനങ്ങളിൽ ക്രിസ്ത്യൻ പാതിരിമാർ വലിയ പങ്കുവഹിച്ചു. കേരള നവോത്ഥാനത്തിൽ മന്നത്ത് പത്മനാഭനും എൻഎസ്എസിനും പങ്കുണ്ട്. ജനാധിപത്യ സർക്കാരിനെ പുറത്താക്കാനുള്ള നീക്കത്തിനു നേതൃത്വം നൽകിയെന്ന മറ്റൊരു മുഖവും മന്നത്ത് പത്മനാഭനുണ്ട്. നവോത്ഥാനമൂല്യങ്ങളിൽ താൽപ്പര്യമുള്ള കേരളത്തിലെ മനുഷ്യരെയാണു വനിതാമതിലിൽ പ്രതീക്ഷിക്കുന്നത്. വർഗീയ മതിൽ എന്ന വിശേഷണം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണെന്നും കാനം പറഞ്ഞു.