സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം: പിള്ള

തിരുവനന്തപുരം∙ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. എന്‍എസ്എസിന്റെ സമദൂരനിലപാടു മാറ്റാനാകില്ല. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം. ചട്ടമ്പിസ്വാമിയുടെയും മന്നത്തിന്റെയും കെ.കേളപ്പന്റെയും പാരമ്പര്യം സമുദായനേതൃത്വം മറക്കരുതെന്നും പിള്ള മുന്നറിയിപ്പു നല്‍കി.

താന്‍ എന്‍എസ്എസില്‍ തുടരുമെന്നും വനിതാ മതിലില്‍ കരയോഗാംഗങ്ങളും പങ്കെടുക്കുമെന്നും ബാലകൃഷ്ണ പിള്ള മനോരമ ന്യൂസിനോടു പറഞ്ഞു. ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചതിനു പിന്നാലെയാണു സുകുമാരന്‍ നായർക്കെതിരായ വിമര്‍ശനം. അയ്യപ്പജ്യോതിയെ പിന്തുണച്ച എന്‍എസ്എസ് നിലപാടിനെതിരാണു പിള്ളയുടെ വിമര്‍ശനം.

കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയില്‍ പോകില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പറഞ്ഞു. ‘ഇതുവരെ പോയവര്‍ ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്ക‍ാരിന് എന്‍എസ്എസുമായി ചര്‍ച്ച നടത്താമായിരുന്നു. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ഭരണഘടനാ ബാധ്യതയുണ്ടെന്നും പിള്ള മനോരമ ന്യൂസിനോടു വ്യക്തമാക്കി.

അയ്യപ്പജ്യോതിക്കൊപ്പമില്ലെന്നും വനിതാ മതിലിനൊപ്പമാണെന്നും ബാലകൃഷ്ണപിള്ള ഉച്ചയ്ക്കു വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോണ്‍ഗ്രസ് ബിയുടെ നിലപാട്. എന്‍എസ്എസ് നിലപാടിനു വിരുദ്ധമായി മുൻപും തീരുമാനങ്ങളെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് സമരങ്ങളില്‍ ഭാഗമാകും. മന്ത്രിപദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു.