Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീ‍നിലേക്ക് രക്ഷാസേനയെ അയയ്ക്കണമെന്ന് യുഎൻ പ്രമേയം

കയ്‌റോ∙ ഇസ്രയേലിന്റെ ആക്രമണത്തിൽനിന്നു പലസ്തീൻ ജനതയെ സംരക്ഷിക്കാൻ ‘രാജ്യാന്തര രക്ഷാസേന’യെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന കരടുപ്രമേയം തിങ്കളാഴ്ച യുഎൻ രക്ഷാസമിതി ചർച്ചചെയ്യും. രക്ഷാസമിതി അംഗങ്ങൾക്കിടയിൽ കുവൈത്ത് ആണു കരടുപ്രമേയം വിതരണം ചെയ്തത്. 30 ദിവസത്തിനകം പലസ്തീൻ പൗരൻമാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടി ഉറപ്പുവരുത്താൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോടു പ്രമേയം ആവശ്യപ്പെട്ടു.

പ്രമേയം വോട്ടിനിടുമ്പോൾ, ഇസ്രയേലിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന യുഎസ് വീറ്റോ അധികാരം പ്രയോഗിക്കാനാണു സാധ്യത.

ഗാസ അതിർത്തിയിൽ പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ കഴിഞ്ഞ തിങ്കളാഴ്ച മാത്രം 62 പേരാണു കൊല്ലപ്പെട്ടത്. ആറാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടതു നൂറിലേറെപ്പേരും. ഈ പശ്ചാത്തലത്തിലാണു യുഎൻ പ്രമേയം കൊണ്ടുവന്നത്.

അതിനിടെ, ഇസ്രയേൽ സൈന്യം പലസ്തീൻ പ്രക്ഷോഭകർക്കു നേരെ നടത്തിയ കുറ്റകൃത്യങ്ങളിൽ രാജ്യാന്തര അന്വേഷണം വേണമെന്ന് അറബ് ലീഗ് വിദേശമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. ഗാസ അതിക്രമം അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ വയ്ക്കാൻ ജനീവയിൽ ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ കൗൺസിലും യോഗം ചേർന്നു. ഗാസയിലെ 19 ലക്ഷം പലസ്തീൻകാരുടെ മനുഷ്യാവകാശങ്ങൾ ഇസ്രയേൽ സ്ഥിരമായി ലംഘിക്കുന്നതായി യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി സെയ്ദ് റാദ് അൽ ഹുസൈൻ കുറ്റപ്പെടുത്തി.

അതിനിടെ, റമസാൻ പ്രമാണിച്ചു ഗാസ നിവാസികൾക്കായി അതിർത്തി തുറക്കാൻ തീരുമാനിച്ചതായി ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി പറഞ്ഞു. ഇസ്രയേലിൽക്കൂടിയല്ലാതെ ഗാസയിൽ നിന്നു പുറംലോകത്തേക്കുള്ള ഏകവഴി ഈജിപ്ത് അതിർത്തിയിലെ റാഫ കവാടമാണ്. സുരക്ഷാകാരണങ്ങളാൽ ഈ മാർഗം ഈജിപ്ത് അടച്ചിട്ടിരിക്കുകയാണ്.