Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാന്തിയുടെ മയിലുകൾ നൃത്തമാടട്ടെ; ട്രംപ്–കിം ഉച്ചകോടി സെന്റോസ ദ്വീപിൽ

capella-singapore

വാഷിങ്ടൺ∙ ലോകം കാത്തിരിക്കുന്ന ഡോണൾ‍ഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ച സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ ആഡംബര ഹോട്ടൽ കാപെല്ലയിൽ. അടുത്ത ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറര (സിംഗപ്പൂർ സമയം രാവിലെ ഒൻപത്)യ്ക്കാണു യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ ഭരണത്തലവനും തമ്മിലുള്ള ചരിത്ര ഉച്ചകോടി. ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

ഉത്തര കൊറിയയുടെ ആണവനിരായുധീകരണം, അവർക്കെതിരായ രാജ്യാന്തര ഉപരോധം പിൻവലിക്കൽ, കൊറിയൻ ഉപദ്വീപിൽ ശാശ്വതസമാധാനം തുടങ്ങി ഒട്ടേറെ ‘ചൂടൻ’ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്യും. ആണവ നിരായുധീകരണത്തിൽ തട്ടി പലതവണ കൂടിക്കാഴ്ച അലസിപ്പോകുന്ന സ്ഥിതിയുണ്ടായിരുന്നു. പല പ്രതിസന്ധികളെ മറികടന്നാണ് അതു യാഥാർഥ്യമാകുന്നത്. ലോകം കൂടുതൽ സമാധാനത്തിലേക്കു നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഏവരും.

sentosa-torusist

∙ സെന്റോസ: പ്രശാന്തിയുടെ ദ്വീപ്

– സിംഗപ്പൂരിലെ 63 ദ്വീപുകളിലൊന്ന്.

–500 ഹെക്ടർ വിസ്തീർണം.

– വിനോദസഞ്ചാര കേന്ദ്രം

– ആഡംബര ഹോട്ടലുകൾ, സ്വകാര്യ കടലോരങ്ങൾ, ഗോൾഫ് ക്ലബ്ബുകൾ, അത്യാഡംബര വസതികൾ എന്നിവയുടെ കേന്ദ്രം. സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോയും റിസോർട്സ് വേൾഡ് കാസിനോയും ഇവിടെ.

– മരണത്തിന്റെ ദ്വീപ് എന്നാണ് ഒരുകാലത്തു സെന്റോസ അറിയപ്പെട്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തു കൂട്ടക്കൊലകൾ നടത്തിയ പ്രദേശം. യുദ്ധത്തടവുകാരെ പാർപ്പിച്ച ക്യാംപും ഇവിടെ പ്രവർത്തിച്ചിരുന്നു.

– 1970കളിൽ സിംഗപ്പൂർ സർക്കാർ സെന്റോസ എന്നു പുനർനാമകരണം ചെയ്തു. ‘സമാധാനവും പ്രശാന്തിയും’ എന്നർഥം.

– ഉച്ചകോടിക്കു സെന്റോസ തിരഞ്ഞെടുക്കാൻ കാരണം സുരക്ഷ. ദ്വീപിലേക്കുള്ള വഴികൾ നിയന്ത്രിക്കാൻ എളുപ്പം.

– ചർച്ചകൾക്കിടെ ട്രംപിനും കിമ്മിനും അൽപം വിനോദം വേണമെന്നു തോന്നിയാൽ ഗോൾഫ് കോഴ്സുകൾ തൊട്ടടുത്ത്. ട്രംപ് അറിയപ്പെടുന്ന ഗോൾഫർ ആണുതാനും.

capella-singapore

∙ കാപെല്ല: മയിലുകളാടുന്ന ഹോട്ടൽ

– 30 ഏക്കറിലെ അത്യാഡംബര ഹോട്ടൽ, മുറികളും വില്ലകളുമായി താമസത്തിനുള്ള 112 ഇടങ്ങൾ.

– ബ്രിട്ടിഷ് കോളനിവാഴ്ചക്കാലത്തേതു പുനർനിർമിച്ചതും പുതിയതായി പണിതതുമായ കെട്ടിടങ്ങൾ

– ബ്രിട്ടിഷ് ആർക്കിടെക്ട് നോർമൻ ഫോസ്റ്ററാണു രൂപകൽപന ചെയ്തത്.

– പോപ് സ്വപ്നനായികമാരായ മഡോണയും ലേഡി ഗാഗയും താമസിച്ചിട്ടുണ്ട്.

– ഹോട്ടൽ വളപ്പിൽ മയിലുകൾ നിത്യക്കാഴ്ച.

– ഒരു രാത്രി താമസത്തിനുള്ള വാടക 33,000 മുതൽ 5 ലക്ഷം രൂപ വരെ.

– ഉച്ചകോടിക്കായി ഹോട്ടൽ പൂർണമായി ബുക്ക് ചെയ്തിട്ടുണ്ട്.

– രണ്ടു പ്രസിഡൻഷ്യൽ സ്വീറ്റു‌കൾ ഹോട്ടലിലുണ്ട്. ട്രംപോ കിമ്മോ ഇവയിലേതിലെങ്കിലും താമസിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

∙ ഒരുക്കങ്ങൾ

– സിംഗപ്പൂർ ആകെ അതീവ സുരക്ഷ.

– മന്ത്രാലയങ്ങളും മറ്റും ഉൾപ്പെട്ട പ്രധാന ദ്വീപിന്റെ മധ്യഭാഗവും സെന്റോസ ദ്വീപും പ്രത്യേക മേഖലകളായി പ്രഖ്യാപിച്ചു.

– സിംഗപ്പൂർ വ്യോമമേഖലയിൽ 11,12,13 തീയതികളിൽ നിയന്ത്രണം.

– ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 2500 പത്രപ്രവർത്തകർ എത്തും.

– യുഎസ് ഉന്നതതല സംഘം സിംഗപ്പൂരിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നു.

∙ ട്രംപ് കിം ഓർക്കിഡ്?

രാജ്യം സന്ദർശിക്കുന്ന പ്രമുഖരുടെ പേരിട്ട ഓർക്കിഡ് ചെടികൾ വളർത്തിയെടുക്കുക സിംഗപ്പൂരിന്റെ രീതിയാണ്. അവരുടെ ദേശീയ പുഷ്പമാണ് ഓർക്കിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ സിംഗപ്പൂർ സന്ദർശിച്ചപ്പോൾ അവർ ഓർക്കിഡിനു നൽകിയ പേരു ‘ഡെൻഡ്രോബിയം നരേന്ദ്ര മോദി’ എന്നാണ്. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേൽ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേല എന്നിവരുടെയൊക്കെ പേരിൽ ഓർക്കിഡുണ്ട്. ട്രംപിനും കിമ്മിനും ഒരുമിച്ചൊരു പൂവായിരിക്കുമോ, അതോ വെവ്വേറെയായിരിക്കുമോ എന്നതാണു ലോകം കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.