Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗപ്പൂർ ഉച്ചകോടി; ‘കിം’ ഫലം ?

kim-trump-cartoon

ചരിത്രപരം, നിർണായകം, അത്യപൂർവം... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വിശേഷണങ്ങളുടെ തോരണങ്ങൾ ചാർത്തപ്പെടുമ്പോൾ, ഒരു ചോദ്യം ബാക്കിയാകുന്നുണ്ട് – ഈ ചർച്ച എത്രമാത്രം ഫലവത്താകും? 

അങ്ങനെ സംശയിക്കാനുള്ള സാഹചര്യങ്ങൾ പലതുണ്ട്. ട്രംപും കിമ്മും വിവേകമില്ലാതെയും പ്രവചനാതീതമായും പെരുമാറുന്നവരാണെന്നു പലതവണ തെളിയിച്ചിട്ടുള്ളവരാണ്. കാനഡയിലെ ജി–7 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ഈ ‘ഗുണങ്ങൾ’ അതേപടി പ്രകടിപ്പിച്ചിട്ടാണു ട്രംപ് സിംഗപ്പൂരിലെത്തിയിരിക്കുന്നതും. അവിടെ ട്രംപ് ഉപയോഗിച്ച വാക്കുകൾ ഒരു ലോക നേതാവിന് ഒട്ടും ചേരുന്നതായിരുന്നില്ല. 

കിമ്മും ഒട്ടും ഭേദമല്ല. അദ്ദേഹത്തിന്റെ ഭരണകൂടം ഏതാനും ആഴ്ച മുൻപു നടത്തിയ വിദ്വേഷപ്രസ്താവനകൾ സിംഗപ്പൂർ ഉച്ചകോടിയുടെ സാധ്യത തന്നെ ഇല്ലാതാക്കിയതാണ്. അന്നു പിന്മാറ്റം പ്രഖ്യാപിച്ച ട്രംപിന്റെ മനസ്സു പിന്നീടു മാറിയതുകൊണ്ടു മാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ച സാധ്യമാകുന്നത്. 

ഇരുനേതാക്കളും ഇന്നു ചിരിച്ചുകൊണ്ടു ക്യാമറയ്ക്കു മുന്നിൽ ഹസ്തദാനം ചെയ്യുമെങ്കിലും രണ്ടു രാജ്യങ്ങളുടെയും ‘നോട്ടം’ രണ്ടിടത്താണ്. ഉത്തരകൊറിയ പൂർണമായി അണ്വായുധ വിമുക്തമാകണമെന്നു യുഎസ് ആവശ്യപ്പെടുന്നു; എന്നാൽ, ഉത്തരകൊറിയ ഉദ്ദേശിക്കുന്നത്, സാവകാശമെടുത്തുള്ള നിരായുധീകരണമാണ്. അതായത്, തങ്ങൾ ചെയ്യുന്ന ഓരോ വിട്ടുവീഴ്ചയ്ക്കും പകരം യുഎസും വിട്ടുവീഴ്ച ചെയ്യണം, സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ളവ ഒഴിവാക്കുന്ന കാര്യത്തിൽ. 

താൽപര്യങ്ങളിലെ ഈ വൈരുധ്യം യുഎസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമ്പൂർണ ആണവനിരായുധീകരണം യാഥാർഥ്യമാക്കാതെ നിലവിലുള്ള ഉപരോധം പിൻവലിക്കില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞെങ്കിലും ഒരു കാര്യംകൂടി അദ്ദേഹം കൂട്ടിച്ചേർത്തു: ‘ഇന്നത്തെ ചർച്ചയിൽ ഒറ്റയടിക്കു ഫലം പ്രതീക്ഷിക്കേണ്ടതില്ല. തുടർന്നുള്ള കാലം നടത്തേണ്ട കഠിനപരിശ്രമങ്ങൾക്കുള്ള രൂപരേഖ തയാറാക്കുകയാകും ഇന്നുണ്ടാവുക.’ 

ഈ പശ്ചാത്തലത്തിൽ സിംഗപ്പൂർ ഉച്ചകോടിയിൽനിന്നു പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഫലം കൂടുതൽ ചർച്ചകൾക്കുള്ള വാതിൽ തുറന്നുകിട്ടുക എന്നതാകും. കഠിനഹൃദയരായ രണ്ടു നേതാക്കൾ, അവരുടെ രാജ്യങ്ങൾ തമ്മിലുള്ള ആഴമേറിയ അഭിപ്രായഭിന്നതകളും പഴക്കംചെന്ന ശത്രുതയും പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നത് ഒട്ടും എളുപ്പമാകുമെന്നു കരുതാൻ വയ്യ. ചർച്ച കഴിഞ്ഞു പിരിയുമ്പോൾ ഇനിയും ഒരുപാടു മുന്നോട്ടു പോകാനുണ്ടെന്ന് ഇരുനേതാക്കളും മനസ്സിലാക്കുന്നുവെങ്കിൽ അതായിരിക്കും ഈ സംഗമത്തിന്റെ നേട്ടം. 

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറങ്ങി കിം 

കിം ജോങ് ഉന്നിന് ഇന്നലെ ഔദ്യോഗിക പരിപാടികളൊന്നുമില്ലായിരുന്നു. കൂടുതൽ സമയവും ചെലവഴിച്ചത് ഹോട്ടൽമുറിയിൽ. ഇടയ്ക്ക്, സിംഗപ്പൂരിലെ പ്രശസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു. 2011ൽ അധികാരമേറ്റ ശേഷം ചൈനയും ദക്ഷിണകൊറിയയുടെ അതിർത്തിയുമല്ലാതെ മറ്റൊരു വിദേശരാജ്യവും സന്ദർശിച്ചിട്ടില്ലാത്ത കിമ്മിന്റെ ഉല്ലാസസന്ദർശനം വലിയ കൗതുകമുണർത്തി. ലോകമെങ്ങും നിന്നുള്ള മൂവായിരത്തിലേറെ മാധ്യമപ്രവർത്തകരാണ് ഉച്ചകോടി റിപ്പോർട്ട് ചെയ്യാനായി സിംഗപ്പൂരിലെത്തിയിട്ടുള്ളത്.

(സിംഗപ്പൂരിലെ പ്രമുഖ  മാധ്യമപ്രവർത്തകനാണ് ലേഖകൻ)