Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടു കൈ!

trump-kim-shake-hand സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ കാപെല്ല ആഡംബര ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും. ചിത്രം: റോയിട്ടേഴ്സ്

സിംഗപ്പുർ∙ അസാധാരണമായൊരു പ്രഭാതം. സെന്റോസയിലെ കാപെല്ല ഹോട്ടലിൽ, ചുവപ്പുപരവതാനി വിരിച്ച വേദി. യുഎസ്, കൊറിയ പതാകകൾ ഇടകലർന്നു നിരന്നുനിൽക്കുന്ന അത്യപൂർവ കാഴ്ച പശ്ചാത്തലത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രസംഗമത്തിനായി നിമിഷങ്ങളെണ്ണിയെണ്ണി മാധ്യമപ്പട അങ്ങേയറ്റത്ത്. 

അതാ, വേദിയുടെ വലതുവശത്തുനിന്ന്, നീട്ടിയ കരവുമായി ട്രംപ് വരുന്നു. ഇടതുവശത്തുനിന്ന് കിമ്മും. ഈ കൂടിക്കാഴ്ചയ്ക്കായി റിഹേഴ്സൽ നടത്തിയിരുന്നതുപോലെ ഇരു നേതാക്കളും ഉഷാറോടെ നടന്നടുത്തു. യുഎസ് പ്രസിഡന്റാകുന്നതിനു മുൻപ്, ‘കീടാണുപ്പേടി’ മൂലം ആളുകൾക്കു കൈകൊടുക്കുന്നത് ഒഴിവാക്കിയിരുന്ന ട്രംപാണു കിമ്മിനു നേരെ ആവേശത്തോടെ നടന്നുവരുന്നത്. അടുത്തെത്തിയതും ട്രംപു തന്നെയാണ് ആദ്യം കിമ്മിന്റെ കരം കവർന്നത്. തോളത്തു തട്ടുകയും ചെയ്തു. ‘നൈസ് ടു മീറ്റ് യൂ, മിസ്റ്റർ പ്രസിഡന്റ്’ എന്നു പറഞ്ഞ് കിം, ട്രംപിന്റെ കൈത്തലം അമർത്തിപ്പിടിച്ചു; കണ്ണുകളിലേക്കു തന്നെ നോക്കി സംസാരിച്ചു.  

കൂടിക്കാഴ്ചയിലുടനീളം അധീശത്വം നിലനിർത്താനുള്ള ട്രംപിന്റെ വ്യഗ്രത ഏറെ ശ്രദ്ധിക്കപ്പെട്ടു. മുൻ ടിവി താരം കൂടിയായ ട്രംപ്, നയതന്ത്ര കൂടിക്കാഴ്ചകളിൽ തന്റെ ശരീരഭാഷയിൽ പുലർത്തുന്ന ശ്രദ്ധയെക്കുറിച്ചും നിരീക്ഷണങ്ങൾ ഏറെയുണ്ടായി. ചടങ്ങിലെ താരം താൻ തന്നെയാണെന്നു സ്ഥാപിക്കുന്ന ഭാവങ്ങളും ചലനങ്ങളും. കിമ്മിനെക്കാൾ ഉയരമുള്ളതും പ്രായക്കൂടുതലുള്ളതും മുതലെടുത്ത്, ഉത്തര കൊറിയൻ നേതാവിനെ യുഎസ് പ്രസിഡന്റ് കൈപിടിച്ചു നയിക്കുന്ന പ്രതീതിയുണ്ടാക്കാൻ ട്രംപിനായി. 

എന്നാൽ, പരമ്പരാഗത രീതിയി‍ൽ നെരിപ്പോടിനു സമീപത്തിരുന്നുള്ള അടുത്ത ചർച്ചയ്ക്കിടെ കിം നോക്കിയതു മുഴുവൻ തറയിലേക്കായിരുന്നു. അത് അത്ര പിടിക്കുന്നില്ലെന്നു സൂചന നൽകി ട്രംപ് കൈവിരലുകൾ കൂട്ടിപ്പിണച്ചും അഴിച്ചും അസ്വസ്ഥനാകുന്നതും കാണാമായിരുന്നു. 

പ്രശംസിച്ചു മതിയാകാതെ ട്രംപും കിമ്മും

സിംഗപ്പൂർ ∙ കുറച്ചു മാസങ്ങൾക്കു മുൻപത്തെ കാര്യമാണ്; ഡോണൾഡ് ട്രംപ് കിം ജോങ് ഉന്നിനെ വിളിച്ചത്, ‘കുള്ളൻ മിസൈൽ മനുഷ്യൻ’ എന്നാണ്. തിരിച്ചു കിം ട്രംപിനെ വിളിച്ചത് ഇങ്ങനെ: ‘ബുദ്ധിസ്ഥിരതയില്ലാത്ത കിഴവൻ.’ 

അതെല്ലാം ഇന്നലെ ഒറ്റദിവസം കൊണ്ടു വിസ്മരിക്കപ്പെട്ടു. ട്രംപിനും കിമ്മിനും പരസ്പരം പ്രശംസ ചൊരിഞ്ഞ് മതിയായതേയില്ല. 

‘കിമ്മുമായി വളരെ സവിശേഷമായ സ്നേഹബന്ധമാണുണ്ടായിരിക്കുന്നത്. അദ്ദേഹം വളരെ പ്രതിഭാധനനായ ആളാണ്’ എന്നു ട്രംപ്. 

‘ഒരുപാടു വെല്ലുവിളികളിലൂടെ കടന്നുപോകേണ്ടി വരും; പക്ഷേ, ട്രംപിനൊപ്പം പ്രവർത്തിച്ച് അതെല്ലാം മറികടക്കു’മെന്ന് കിം. 

കിമ്മിനെ ഉചിതമായ സമയത്തു വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നു പറഞ്ഞ ട്രംപ്, ഒരിക്കൽ താൻ ഉത്തരകൊറിയ സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചു.