Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയ 200 സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറി

Donald Trump and Kim Jong Un

വാഷിങ്ടൺ∙ കൊറിയൻ യുദ്ധത്തിൽ കാണാതായ യുഎസ് പട്ടാളക്കാരിൽ 200 പേരുടെ ഭൗതികാവശിഷ്ടം ഉത്തരകൊറിയ ബുധനാഴ്ച കൈമാറിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ അവശിഷ്ടങ്ങൾ കൈമാറുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ യുഎസ് സൈനിക വൃത്തങ്ങൾ ഇതു സ്ഥിരീകരിച്ചിട്ടില്ല.

1950–53ലെ കൊറിയൻ യുദ്ധത്തിൽ മൊത്തം 36,500 യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഇതിൽ കാണാതായ 7700 പട്ടാളക്കാരെക്കുറിച്ചു വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇവരുടെ ഭൗതികാവശിഷ്ടങ്ങൾ യുഎസിനു കൈമാറാമെന്നു സിംഗപ്പൂർ ഉച്ചകോടിയിൽ ഉത്തരകൊറിയയിലെ നേതാവ് കിം ജോങ് ഉൻ സമ്മതിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തി.

ഇതിനിടെ, ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങൾ നടന്നിരുന്ന കേന്ദ്രം യുഎസ് കണ്ടെത്തി. ഈ സ്ഥലം നശിപ്പിക്കാമെന്നു കിം ജോങ് ഉൻ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതേസമയം, രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി കിം ചൈനയിൽ നിന്ന് ഉത്തരകൊറിയയ്ക്കു മടങ്ങി.