Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരങ്ങൾ ലണ്ടൻ തെരുവിൽ; ആകാശത്ത് ‘കോമാളി ട്രംപ്’

blimp portraying U.S. President Donald Trump ട്രംപിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ബ്രിട്ടിഷ് പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധക്കാർ ഉയർത്തിയ ‘ട്രംപ് ബേബി’ ബലൂൺ. ചിത്രം: റോയിട്ടേഴ്സ്

ലണ്ടൻ∙ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേറ്റത് പ്രതിഷേധാരവം. ലണ്ടൻ അടക്കം ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലികൾ നടന്നു. ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റൻ ‘ട്രംപ് ബേബി’ ബലൂണും അന്തരീക്ഷത്തിലുയർന്നു. ബ്രിട്ടിഷ് പാർലമെന്റ് സ്ക്വയറിലാണ് പ്രതിഷേധക്കാർ ആറടി ഉയരമുള്ള കോമാളി ബലൂൺ ഉയർത്തിയത്. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടാണു വിമർശനങ്ങൾക്കു പ്രധാന കാരണം.

പ്രധാനമന്ത്രി തെരേസ മേയ്ക്കും ലണ്ടൻ മേയർ സാദിഖ് ഖാനുമെതിരെ നയതന്ത്ര മര്യാദകൾ പാലിക്കാതെ ട്രംപ് നടത്തിയ പരാമർശങ്ങളും ട്രംപിനെതിരെ വികാരമുയർത്തിയിട്ടുണ്ട്. ബ്രെക്സിറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നു പ്രധാനമന്ത്രി തെരേസ മേയെ താൻ ഉപദേശിച്ചിരുന്നതായും അവർ അതു ചെവിക്കൊണ്ടില്ലെന്നുമാണ് ‘സൺ’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. 

തെരേസ മേയുടെ തീരുമാനം യുഎസുമായുള്ള വ്യാപാര ഇടപാടുകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരേസ മേയുടെ ബ്രെക്സിറ്റ് നയരേഖയ്ക്കെതിരെ നിലപാടെടുത്തു രാജിവച്ച വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണെ വാനോളം പുകഴ്ത്തിയ ട്രംപ്, ജോൺസൺ മികച്ച പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളയാളാണെന്നും അഭിമുഖത്തിൽ തുറന്നടിച്ചു.

ട്രംപിന്റെ സന്ദർശനത്തിനെതിരെ നിലപാടെടുത്ത ലണ്ടൻ മേയർ സാദിഖ് ഖാനെ രൂക്ഷമായി വിമർശിച്ച ട്രംപ്, ലണ്ടനിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളും ഭീകരപ്രവർത്തനങ്ങളും തടയുന്നതിൽ മേയർ പരാജയമാണെന്നും ആരോപിച്ചു.