Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലങ്കയിൽ ‘രാഷ്ട്രീയ അട്ടിമറി’; രാജപക്ഷെ പ്രധാനമന്ത്രി

Maithripala Sirisena, Mahinda Rajapaksa, Ranil Wickremesinghe മൈത്രിപാല സിരിസേന, മഹിന്ദ രാജപക്ഷെ, റനിൽ വിക്രമസിംഗെ

കൊളംബോ ∙ ശ്രീലങ്കയിൽ രാഷ്ട്രീയ അട്ടിമറി. നാടകീയ നീക്കങ്ങൾക്കൊടുവിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ  പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ പുറത്തായി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാർട്ടി സഖ്യസർക്കാരിൽനിന്നു പിന്മാറിയതിനെത്തുടർന്നാണു രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. എന്നാൽ പുതിയ മുന്നണിക്കു പാർലമെന്റിൽ ഭൂരിപക്ഷമില്ല.

സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എഫ്പി)യുടെ നേതൃത്വത്തിലുള്ള മുന്നണിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസും (യുപിഎഫ്എ), റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയും (യുഎൻപി) ഒരുമിച്ചായിരുന്നു ഭരണം. യുഎൻപിയുമായുള്ള സഖ്യം അവസാനിപ്പിച്ച യുപിഎഫ്എ മഹിന്ദ രാജപക്ഷെയുടെ ഒപ്പം ചേരുകയായിരുന്നു. ഇതോടെ വിക്രമസിംഗെ പുറത്തായി.

2015 ലാണ് സിരിസേനയും വിക്രമസിംഗെയും ചേർന്ന്, പതിറ്റാണ്ടു നീണ്ട രാജപക്ഷെയുടെ  ഭരണത്തിന് അന്ത്യം കുറിച്ചത്. രാജപക്ഷെ  സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു സിരിസേന. അദ്ദേഹവുമായി തെറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ചു. 3 വർഷം പിന്നിട്ടപ്പോൾ, സിരിസേന വീണ്ടും രാജപക്ഷെ യുമായി ചേരുകയാണ്. സിരിസേന – രാജപക്ഷെ  സഖ്യത്തിനു പക്ഷേ, പാർലമെന്റിൽ ഭൂരിപക്ഷമില്ല. ഇവർക്കു 95 സീറ്റു മാത്രമുള്ളപ്പോൾ വിക്രമസിംഗെയുടെ യുഎൻപിക്ക് 106 സീറ്റുണ്ട്. ശ്രീലങ്കൻ രാഷ്ട്രീയം വരും ദിവസങ്ങളിൽ കലങ്ങിമറിയുമെന്നർഥം.

ഫെബ്രുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാജപക്ഷെ യുടെ പാർട്ടി വൻവിജയം നേടിയതോടെയാണ് സിരിസേന – വിക്രമസിംഗെ സഖ്യത്തിൽ വിള്ളലുകൾ വീണത്. ഇരുവരും തമ്മിൽ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളും വർധിച്ചു.

തനിക്കും പ്രതിരോധ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനും മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതബായ രാജപക്ഷെക്കും നേരെയുണ്ടായ വധശ്രമത്തെ വിക്രമസിംഗെയുടെ പാർട്ടി ഗൗരവത്തിലെടുത്തില്ലെന്ന് കഴിഞ്ഞയാഴ്ച സിരിസേന ആരോപിച്ചിരുന്നു.

related stories