Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയായതു കൃത്രിമ ഗർഭധാരണ മാർഗങ്ങളിലൂടെ: മിഷേൽ ഒബാമ

Obama with family ബറാക് ഒബാമയ്ക്കും മക്കളായ മലിയ, സാഷ എന്നിവർക്കുമൊപ്പം മിഷേൽ ഒബാമ.

വാഷിങ്ടൻ ∙ കൃത്രിമ ഗർഭധാരണമാർഗമായ ഐവിഎഫ് (ഇൻവിട്രോ ഫെർട്ടിലൈസേഷൻ) വഴിയാണു താൻ രണ്ടു പെൺമക്കളെയും ഗർഭം ധരിച്ചതെന്ന് യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. അമ്മയാകാൻ താൻ താണ്ടിയ ദൂരങ്ങളെ കുറിച്ച് വികാരാർദ്രമായ ഓർമകളാണ് മിഷേൽ കഴിഞ്ഞ ദിവസം നൽകിയ ടിവി അഭിമുഖത്തിൽ പങ്കുവച്ചത്. 20 വർഷം മുൻപ് ഗർഭം അലസിപ്പോയതു തന്നെ മാനസികമായി തകർത്തു. അന്ന് മിഷേലിന് 34 വയസ്സായിരുന്നു. തുടർന്നു കൃത്രിമ ഗർഭധാരണത്തിലൂടെയാണു മക്കളായ മലിയയും (20) സാഷയും (17) ജനിച്ചത്.

മിഷേലിന്റെ ജീവിതസ്മരണ ‘ബിക്കമിങ്’ ചൊവ്വാഴ്ച പുറത്തിറങ്ങുന്നതിനു മുന്നോടിയായിട്ടാണ് അഭിമുഖം നൽകിയത്. വ്യക്തിജീവിതത്തെ കുറിച്ചു തുറന്നെഴുതുന്ന മിഷേൽ, യുഎസ് രാഷ്ട്രീയവും വിഷയമാക്കുന്നുണ്ട്. ബറാക് ഒബാമയുടെ ജനനത്തെ ചൊല്ലി തിരഞ്ഞെടുപ്പുകാലത്തു ഡോണൾഡ് ട്രംപ് ഉയർത്തിയ വിവാദങ്ങൾക്കും മിഷേൽ പുസ്തകത്തിൽ മറുപടി പറയുന്നുണ്ട്. ഒബാമ കെനിയയിലാണ് ജനിച്ചതെന്നും അതിനാൽ പ്രസിഡന്റ് പദവിക്ക് അർഹനല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രചാരണം. ഇതിലൂടെ ട്രംപ് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കു മേലാണ് വെല്ലുവിളി ഉയർത്തിയതെന്നും അതു താൻ ഒരിക്കലും ക്ഷമിക്കില്ലെന്നും മിഷേൽ പറയുന്നു. സ്ത്രീവിരുദ്ധനായ ട്രംപിനെ തിരഞ്ഞെടുക്കാൻ സ്ത്രീകൾ തന്നെ വോട്ട് ചെയ്തു എന്നത് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും മിഷേൽ വെളിപ്പെടുത്തുന്നു.