Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയുടെ കരുത്ത് വിളംബരം ചെയ്ത ബുഷ് സീനിയർ

junior-with-senior മകൻ ജോർജ് ഡബ്ല്യു ബുഷിനൊപ്പം ബുഷ് സീനിയർ

ഏറ്റവും കാലം ജീവിച്ച യുഎസ് പ്രസിഡന്റ് എന്ന ബഹുമതി കൂടി സ്വീകരിച്ചാണു ബുഷ് സീനിയർ ചരിത്രത്തിന്റെ ഭാഗമായത്. കമ്യൂണിസം തകർന്നടിയുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്ത ലോകക്രമത്തിൽ, ഏക വൻശക്തിയായി അവശേഷിച്ച അമേരിക്കയുടെ ആഗോള ആധിപത്യ ശ്രമങ്ങൾക്കു കരുത്തു പകരുന്നതായിരുന്നു ബുഷിന്റെ വിദേശനയം. എന്നാൽ രാജ്യത്തിനുള്ളിൽ ഭരണപരാജയങ്ങളായിരുന്നു ബുഷിനു ശേഷപത്രം.

സാമ്പത്തികപ്രതിസന്ധിയും നികുതിഭാരവും, രണ്ടാം തവണയും വൈറ്റ് ഹൗസിലെത്താനുള്ള ബുഷിന്റെ മോഹങ്ങളെ തകർത്തു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പോൾ, യുഎസ് നാവികസേനയിൽ പൈലറ്റായി ചേർന്ന പതിനെട്ടുകാരനായ ബുഷ്, ഒട്ടേറെ സേനാദൗത്യങ്ങളുടെ ഭാഗമായി. പോർവിമാനം പസഫിക് സമുദ്രത്തിനു മുകളിൽ വച്ച് ജപ്പാൻ ആക്രമണത്തിൽ തകർന്നെങ്കിലും ബുഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം തകർന്നു കടലിൽ വീണ ബുഷിനെ യുഎസ് നാവികസേനയുടെ കപ്പൽ രക്ഷിക്കുന്നതിന്റെ ഫോട്ടോ യുഎസ് യുദ്ധചരിത്രത്തിന്റെ ഭാഗമാണ്.

1945 ജനുവരിയിലാണു ബർബറാ പേസുമായുള്ള വിവാഹം. 73 വർഷം നീണ്ട ആ ദാമ്പത്യത്തിൽ 6 മക്കളുണ്ടായി. ഒരു മകൾ നാലാം വയസിൽ അർബുദം ബാധിച്ചു മരിച്ചു. 1948 ൽ യെയ്ൽ സർവകലാശാലയിൽനിന്നു ബിരുദം നേടി. ടെക്സസിൽ എണ്ണഖനന മേഖലയിൽ ബുഷിന്റെ പിതാവിന്റെ സുഹൃത്തിന്റെ കമ്പനിയിൽ സെയിൽസ്‌മാനായിരുന്നു ആദ്യം. 3 വർഷത്തിനകം അദ്ദേഹം സ്വന്തം എണ്ണക്കമ്പനി സ്ഥാപിച്ചു.

bush-with-indira ബുഷ് സീനിയർ ഇന്ദിരാ ഗാന്ധിക്കൊപ്പം.

1960കളിലാണു റിപ്പബ്ലിക്കൻ പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1964 ൽ സെനറ്റിലേക്ക് മൽസരിച്ചെങ്കിലും തോറ്റു. 2 വർഷത്തിനുശേഷം ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1970 കളിൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സനുമായുള്ള അടുപ്പം ബുഷിന്റെ രാഷ്ട്രീയ വളർച്ചയ്ക്കു സഹായിച്ചു.1971 ൽ യുഎന്നിലേക്കുള്ള യുഎസ് അംബാസഡറായി. 1973 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നാഷനൽ കമ്മിറ്റിയുടെ അധ്യക്ഷനായി.1974 ൽ ചൈനയിലെ യുഎസ് അംബാസഡറും. രണ്ടു വർഷം കഴിയും മുൻപേ ബുഷ് സീനിയർ യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവിയായി.

തീവ്ര യാഥാസ്ഥിതികനായ റൊണാൾഡ‍് റെയ്ഗന്റെ എതിരാളിയായിരുന്നു ബുഷ്. എങ്കിലും തന്റെ വൈസ് പ്രസിഡന്റായി റെയ്ഗൻ തിരഞ്ഞെടുത്തതു ബുഷിനെയായിരുന്നു. റെയ്‌ഗന്റെ തീവ്ര നിലപാടുകളെയും സാമ്പത്തികനയങ്ങളെയും എതിർത്തുകൊണ്ടാണു ബുഷ് പിന്നീട് പ്രസിഡന്റ് സ്ഥാനാർഥിയായത്. ആണവ യുദ്ധഭീഷണി കുറയ്ക്കാനായി ആദ്യം അണ്വായുധം പ്രയോഗിക്കില്ലെന്ന വ്യവസ്ഥയുമായി 1991ൽ യുഎസും റഷ്യയും തമ്മിലുള്ള ആണവക്കരാർ ഒപ്പുവച്ചു. ഇതോടെ ദീർഘദൂര ആണവ മിസൈലുകളുടെ വിന്യാസത്തിൽ വൻ കുറവുണ്ടായി.

മധ്യപൂർവദേശത്തെ യുഎസ് സൈനിക ഇടപെടലുകളുടെ തുടക്കം ബുഷ് സീനിയറിന്റെ കാലത്തായിരുന്നു. സദ്ദാം ഹുസൈന്റെ കുവൈത്ത് ആക്രമണത്തെ ചെറുക്കാനായി സഖ്യസേന രൂപീകരിച്ചു. ഗൾഫിൽ യുഎസ് പട്ടാളത്തെയിറക്കി. പിതാവിന്റെ വഴി പിന്തുടർന്ന മകൻ ജോർജ് ഡബ്യു ബുഷ് 2 വട്ടം യുഎസ് പ്രസിഡന്റായി. ആധുനിക കാലത്ത് യുഎസ് പ്രസിഡന്റ് പദത്തിലെത്തിയ ഏക അച്ഛൻ–മകൻ ടീം ആണു ബുഷ് സീനിയറും (1989 – 1993), മകൻ ബുഷും (2001 – 2009). ജോൺ ആഡംസും (1797 – 1801) മകൻ ജോൺ ക്വിൻസി ആഡംസും (1825 – 1829) ആണ് ആദ്യ അച്ഛൻ –മകൻ യുഎസ് പ്രസിഡന്റുമാർ.

മറ്റൊരു മകനും മുൻ ഫ്ലോറിഡ ഗവർണറുമായ ജെബ് ബുഷ് 2016 ൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മൽസരിച്ചെങ്കിലും ട്രംപിനോടു പരാജയപ്പെട്ടു.