Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടിമറിയുടെ കൊടുങ്കാറ്റടങ്ങി; ലങ്കാ രാഷ്ട്രീയം ശാന്തമാകുന്നു

rajapakshe മഹിന്ദ രാജപക്ഷെ

കൊളംബോ ∙ തിരഞ്ഞെടുപ്പു നടത്താതെ അധികാരത്തിൽ തുടരാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണു രാജി വച്ചതെന്നു മഹിന്ദ രാജപക്ഷെ. പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണയുള്ള റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി നാളെ 30 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. സിരിസേനയ്ക്കൊപ്പം ചേർന്നു രാജപക്ഷെ രൂപീകരിച്ച യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യുപിഎഫ്എ) പാർട്ടി പ്രതിപക്ഷസഖ്യമായി നിലകൊള്ളും. വിക്രമസിംഗെയുടെ മന്ത്രിസഭയുമായി സഹകരിക്കരുതെന്ന് സിരിസേന തന്റെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ എംപിമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

റനിൽ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രിയായി തുടരാൻ നിയമത്തിന്റെ അംഗീകാരം ഉറപ്പാക്കുന്നതാണു സുപ്രീം കോടതി വിധി. തിരഞ്ഞെടുപ്പിനു സമയമാകും മുൻപ് പാർലമെന്റ് പിരിച്ചുവിട്ടു തിരക്കിട്ടു ജനവിധി തേടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു വ്യാഴാഴ്ച ഏഴംഗ സുപ്രീം കോടതി ബെഞ്ചിന്റെ വിധി. തിരഞ്ഞെടുപ്പിന് 2 വർഷം കൂടി ബാക്കിയുള്ളപ്പോൾ, 225 അംഗ പാർലമെന്റിൽ ഭൂരിപക്ഷം ലക്ഷ്യമിട്ടാണു ജനുവരി 5 നു പുതിയ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി)ക്കു ഭൂരിപക്ഷമുള്ള പാർലമെന്റിൽ രണ്ട് അവിശ്വാസപ്രമേയങ്ങൾ രാജപക്ഷെയ്ക്കെതിരെ പാസ്സാക്കിയിരുന്നു. അതേസമയം സിരിസേനയുമായി സഹകരിക്കാൻ തയാറാണെന്നു യുഎൻപി ഉപനേതാവ് സജിത് പ്രേമദാസ വ്യക്തമാക്കി. സിരിസേനയെ ചിലർ തെറ്റിദ്ധരിപ്പിച്ചെന്നും അതുകൊണ്ടാണ് അദ്ദേഹം വിക്രമെസിംഗെയെ പുറത്താക്കിയതെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിൽ ‌പ്രേമദാസ മാധ്യമപ്രവർത്തകരോടു പറഞ്ഞു. 

മഹിന്ദ രാജപക്ഷെ

ശ്രീലങ്ക മറ്റൊരു ഗ്രീസായി മാറുന്നത് ഒഴിവാക്കാനുള്ള നടപടികളായിരുന്നു യുപിഎഫ്എയുടെ ലക്ഷ്യം. ഇനി അത് അസാധ്യമാണെന്നു വ്യക്തമായി. തിരഞ്ഞെടുപ്പു പ്രഖ്യാപനം തടഞ്ഞ സങ്കീർണമായ കോടതിവിധി ശ്രദ്ധാപൂർവം പഠിച്ചതിനുശേഷം മാത്രം അതിനെക്കുറിച്ച് പ്രതികരിക്കും.

അട്ടിമറി പരാജയപ്പെട്ടതെങ്ങനെ?

∙ വിക്രമസിംഗെയെ പുറത്താക്കിയത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു 

∙ പാർലമെന്റിൽ ഭൂരിപക്ഷം നേടിയെടുക്കാനുള്ള പിൻവാതിൽ നീക്കങ്ങൾ പരാജയപ്പെട്ടു 

∙ രാജ്യാന്തര തലത്തിലും സിരിസേനയുടെ നടപടി വിമർശന വിധേയമായി 

∙ നേരത്തെ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ പ്രഖ്യാപനവും സുപ്രീം കോടതി തടഞ്ഞു 

∙ നിയമപിന്തുണയില്ലാതെ അധികാരത്തിൽ തുടരുന്നത് അസാധ്യമായതോടെ രാജപക്ഷെ സ്ഥാനമൊഴിഞ്ഞു 

∙ ഒക്ടോബറിൽ ആരംഭിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമായി