മലയാളികൾക്കെന്താ സാല‍ഡ് കഴിച്ചാൽ?

വിരുന്നിനു പോയാൽ 'അൽപം ഹെവി' ആയിട്ടുള്ള ഭക്ഷണം ആദ്യം കഴിക്കുന്നതാണ് ചിലരുടെയെങ്കിലും ശീലം. "പച്ചക്കറിയും സവാളയും കഴിച്ചാൽ എന്തുഗുണമെന്ന" ചിന്ത നമുക്കു പലപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ചും മലയാളികളുടെ കാര്യത്തിൽ, പാകം ചെയ്ത ഭക്ഷണം കഴിച്ചാണ് ശീലം. നമ്മുടെ ഭക്ഷണ രീതി വേവിച്ച് പോഷകഗുണങ്ങളൊക്കെ നഷ്ടപ്പെടുത്തിയതാണെന്നു മറ്റുള്ളവർ കുറ്റപ്പെടുത്താറുമുണ്ട്. ലോകത്തിന്റെ ഭക്ഷ്യഭൂപടത്തിൽ കേരള ഭക്ഷണത്തിന് തനതായൊരു സ്ഥാനമുണ്ട്. ലോകത്തിൽ ഏറ്റവും കുറച്ചു സാലഡ് കഴിക്കുന്നവരാണ് മലയാളികൾ എന്നൊരു പറച്ചിലുണ്ട്. ഇപ്പോൾ വിദേശരാജ്യങ്ങളിലുള്ള മലയാളികൾ സാലഡ് കഴിക്കുമെങ്കിലും വീടുകളിൽ സാലഡുകൾ തയാറാക്കാൻ ഇതുവരെ തുടങ്ങിയിട്ടില്ല എന്നതാണു സത്യം. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ എല്ലാബീച്ചുകളിലും കിട്ടുന്ന തേങ്ങ,മാങ്ങ, സുണ്ടൽ എന്നൊക്കെ പറയുന്ന സാലഡുകളും അല്ലെങ്കിൽ കർണാടകത്തിന്റെ സ്വന്തം കാരറ്റ് കൊസമ്പരിയെന്ന സാലഡും പ്രസിദ്ധമാണ്. പക്ഷേ കേരളത്തിനു സ്വന്തമായൊരു സാലഡില്ല! അമ്പഴങ്ങയും മാങ്ങയും പുളിയിഞ്ചിയും ഇലുമ്പിക്കയും ലൗലോലിക്കയും നെല്ലിയ്ക്കയും  പച്ചയ്ക്കു കഴിക്കാൻ പറ്റുന്ന പപ്പായയും കിട്ടുന്ന ഈ സംസ്ഥാനത്തിന് സ്വന്തമായൊരു സാലഡില്ലെന്നതു വളരെ ദുഃഖകരമാണ്. സാലഡിനെക്കാൾ‍ അച്ചാറുകളാണ് നമുക്കു പ്രിയം.

പുതുതലമുറയിലെ ആളുകളുടെ തീൻമേശയിൽ സാലഡുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. പലതരം ഇലകൾ കൊണ്ടുണ്ടാക്കിയതും പച്ചക്കറികൾ നിറച്ചതുമായ സാലഡുകൾ രുചികരമായി വീടുകളിൽ തന്നെ തായാറാക്കാവുന്നതാണ്. ധാരാളം പ്രോട്ടിൻ നിറഞ്ഞ പയറുവർഗങ്ങൾ മുളപ്പിച്ചതും കിനുവ പോലുള്ള പുതിയ സാലഡുകൾ വിപണിയിൽ ലഭ്യമാണ്. കേരളത്തിലെ വീട്ടമ്മമാർ വീടുകളിൽ രുചികരമായ സാലഡ് തയാറാക്കുന്ന ശീലം ആരംഭിക്കേണ്ടിയിരിക്കുന്നു. കല്ല്യാണ സദ്യയിലും റസ്റ്ററന്റിലും ലഭിക്കുന്ന സാലഡുകൾ താത്പര്യമില്ലാതെ കഴിക്കുന്ന സമൂഹമായാണ് കേരള സമൂഹം മാറിക്കൊണ്ടിരിക്കുന്നത്, ഇത് മാറ്റുവാൻ പുതിയ തലമുറ വളരെ ചെറുപ്പത്തിലേ സാലഡുകൾ കഴിച്ചു തുടങ്ങിയാലേ സാലഡിനോടു സ്നേഹം കൂടുകയുള്ളു. ഇപ്പോഴത്തെ ജീവിതശൈലിയിൽ സാലഡിന്റെ ആവശ്യകത വളരെക്കൂടുതലാണ്.

ഗ്രീൻ ബീൻ സാലഡ്

പലതരം സാലഡുകൾ ഉണ്ടെങ്കിലും അതിലെ മുഖ്യ ആകർഷണം ലെറ്റ്യൂസ് ഇലകളാണ്. 16 തരത്തിലുള്ള ലെറ്റ്യൂസ് ഇലകൾ വിപണിയിൽ ലഭ്യമാണ്.

ലെയേർഡ് സാലഡ്

നാട്ടിൽ ലഭിക്കുന്ന പലതരം പച്ചക്കറികൾക്കൊപ്പം മാംസം, പയറുവർഗങ്ങൾ എന്നിവയൊക്കെ ചേർക്കാം. തേങ്ങ, നാരങ്ങാനീര് എന്നിവ ചേർത്ത് കേരള രീതിയിലുള്ള സാലഡുകളും എളുപ്പത്തിൽ തയാറാക്കാം. കുക്കുമ്പർ, ഉള്ളി, പച്ചത്തക്കാളി, നാരങ്ങാനീര്, തേങ്ങയും ചേർത്ത് കേരളശൈലിയിൽ സാലഡ് തയാറാക്കാം. മത്തങ്ങ, കപ്ലങ്ങയൊക്കെ ഇളം പരുവത്തിൽ സാലഡിൽ ചേർക്കാം.

കോക്കനട്ട് ആപ്പിൾ സാലഡ്

വിദേശ രാജ്യങ്ങളിൽ മാംസത്തോടൊപ്പം നൽകുന്ന റോസ്റ്റ് ചെയ്ത റൂട്ട് വെജിറ്റബിൾസ് പ്രസിദ്ധമാണ്. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ വെജിറ്റബിൾസ് തൊലിയോടുകൂടി റോസ്റ്റ് ചെയ്ത് ഉപ്പും ചേർത്ത് പലതരം ഇലകളോടു ചേർത്ത് സാലഡുകൾ ചെയ്യാറുണ്ട്. നമുക്ക് ചേന, ചേമ്പ്, കപ്പ എന്നിവയൊക്കെ ചുട്ടെടുത്ത് പല വ്യത്യസ്ത രീതിയിലുള്ള സാലഡുകൾ തയാറാക്കാൻ സാധിക്കും.

സിംപിൾ സാലഡ്

സാലഡുകളുടെ മുഖ്യ ആകർഷണമാണ് അതിന്റെ ഡ്രസിങ്. ഉപ്പും കുരുമുളകും തേനും നിറഞ്ഞ പല രുചി ഭേദങ്ങളിലാണ് ഇതു തയാറാക്കുന്നത്. മലയാളി സ്പെഷലായി കറിവേപ്പിലയും നാരങ്ങാ നീരും വെളിച്ചെണ്ണയുമൊക്കെ ചേർത്ത് മലയാളിത്വം സാലഡ് ‘ഡ്രസിങിലും’ പരീക്ഷിക്കാം. പുതിയൊരു ശൈലിയുണ്ടാക്കുന്ന തരത്തിൽ ഡ്രസിങ് തയാറാക്കാനുള്ള കൂട്ട് നമുക്ക് സ്വന്തമായിട്ടുണ്ട്.

അവാക്കഡോ സാലഡ്

വെജിറ്റേറിയൻ ഭക്ഷണക്കാർക്ക് ഏറ്റവും കൂടുതൽ പ്രൊട്ടീൻ കിട്ടുന്ന വിഭവമാണ് മുളപ്പിച്ച പയർ. പച്ചപയർ, ഗ്രീൻപീസ്,  പട്ടാണി തുടങ്ങി ഏതു തരത്തിലുള്ള പയറാണെങ്കിലും നനച്ച് ചാക്കിലിട്ട് മുളപ്പിച്ച് സാലഡിൽ ചേർത്താൽ രുചിയും പോഷകവും കൂടും.

മിക്സഡ് ബീൻസ് സാലഡ്

നിങ്ങളുടെ ചിന്തയിൽ സാലഡെന്നാൽ വെറുമൊരു സവാളയും തക്കാളിയും കുക്കുമ്പറും മാത്രമാണോ? മീൻ പൊരിച്ചതിനൊപ്പം കിട്ടുന്ന സവാളയോ നാരങ്ങയോ മാത്രമല്ല സാലഡുകൾ. 

വീടിനടുത്തു കിട്ടുന്ന പലതരം പച്ചക്കറികൾ ഉപയോഗിച്ച് വിവിധയിനം സാലഡുകൾ തയാറാക്കാം. പുതിയ തലമുറയ്ക്ക് സാലഡിന്റെ ഭക്ഷ്യസംസ്കാരം പരിചയപ്പെടുത്തിക്കൊടുക്കാം.