Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്സ്; രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

AB de Villiers എ.ബി.ഡിവില്ലിയേഴ്സ്

സമകാലീന ക്രിക്കറ്റിലെ സൂപ്പർതാരം ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കളി നിർത്താൻ ഇതാണ് ശരിയായ സമയമെന്ന പ്രഖ്യാപനത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പാഡഴിക്കുകയാണെന്ന് ഡിവില്ലിയേഴ്സ് അറിയിച്ചത്. ഇതോടെ 14 വർഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണ് മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്.

കഠിനമായ തീരുമാനമാണെങ്കിലും ഇതാണ് ശരിയായ സമയമെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി. 114 ടെസ്റ്റുകളും 228 ഏകദിനങ്ങവും 78 ട്വന്റി20 മൽസരങ്ങളും രാജ്യാന്തര തലത്തിൽ ഞാൻ കളിച്ചിട്ടുണ്ട്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ട സമയമാണ്. എന്റെ ഊഴം അവസാനിച്ചിരുന്നു. സത്യം പറഞ്ഞാൽ ഞാൻ മടുത്തു – ഡിവില്ലിയേഴ്സ് പറഞ്ഞു.

ഡിവില്ലിയേഴ്സിന്റെ ക്രിക്കറ്റ് കരിയറിലൂടെ

2004 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ പോർട്ട് ഓഫ് എലിസബത്തിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 114 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിഞ്ഞ എബി, 50.66 റൺസ് ശരാശരിയിൽ 8765 റൺസ് നേടി. ഇതിൽ 22 സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 278 റൺസാണ് ഉയർന്ന സ്കോർ. അപൂർവമായി മാത്രം ബോൾ ചെയ്തിട്ടുള്ള ഡിവില്ലിയേഴ്സ്, രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2018 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ജൊഹാനാസ്ബർഗിലാണ് അവസാന ടെസ്റ്റ് കളിച്ചത്.

ടെസ്റ്റ് അരങ്ങേറ്റത്തിനു പിന്നാലെ 2005 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും ഡവില്ലിയേഴ്സ് അരങ്ങേറ്റം കുറിച്ചു. ഇതുവരെ 228 മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞ എബി, 53.50 റൺസ് ശരാശരിയിൽ 9577 റൺസ് നേടി. 25 സെഞ്ചുറികളും 53 അർധസെഞ്ചുറികളും ഉൾപ്പെടയാണിത്. 176 ആണ് ഉയർന്ന സ്കോർ. ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയനിലായിരുന്നു ഡിവില്ലിയേഴ്സിന്റെ അവസാന രാജ്യാന്തര ഏകദിനം. രാജ്യാന്തര ഏകദിനത്തിൽ ഏഴു വിക്കറ്റുകളും ഡിവില്ലിയേഴ്സ് സ്വന്തമാക്കി.

ഏകദിന അരങ്ങേറ്റത്തിന് ഒരു വയസ്സു തികഞ്ഞതിനു പിന്നാലെ 2006 ഫെബ്രുവരി 24ന് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ട്വന്റി20 അരങ്ങേറ്റം. 78 ട്വന്റി20 മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞ അദ്ദേഹം 26.12 റൺസ് ശരാശരിയിൽ 1672 റൺസ് നേടി. പുറത്താകാതെ നേടിയ 79 റൺസാണ് ഉയർന്ന സ്കോർ. 10 അർധസെഞ്ചുറിയും നേടി. 2017 ഒക്ടോബർ 29ന് ബംഗ്ലദേശിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ അവസാന രാജ്യാന്തര ട്വന്റി20.

മടുത്തു, നിർത്തുന്നു: ഡിവില്ലിയേഴ്സ്

വേദനിപ്പിക്കുന്ന തീരുമാനം തന്നെയാണിത്. ഇതേക്കുറിച്ച് ഏറെ ആലോചിച്ചു. നല്ല രീതിയിൽ കളിക്കുമ്പോൾ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ പരമ്പര വിജയങ്ങളോടെ, അവസാനിപ്പിക്കാൻ സമയമായെന്ന് മനസ്സു പറയുന്നു – ഡിവില്ലിയേഴ്സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കായി എവിടെ, എപ്പോൾ, ഏതു ഫോർമാറ്റിൽ കളിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നത് ശരിയാവില്ല. ഒന്നുകിൽ എല്ലാറ്റിലും അല്ലെങ്കിൽ ഒന്നിലും വേണ്ട എന്ന നയമാണ് എന്റേത്. ഇതുവരെ ഉറച്ച പിന്തുണ നൽകിയ എല്ലാ പരിശീലകരോടും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ടീമിലുണ്ടായിരുന്ന കാലത്തെല്ലാം ഉറച്ച പിന്തുണ നൽകിയ സഹതാരങ്ങൾക്കും വലിയ നന്ദി. അവരുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഇപ്പോഴുള്ളതിന്റെ പകുതി ദൂരം പോലും സഞ്ചരിക്കാൻ എനിക്കാകുമായിരുന്നില്ല – ഡിവില്ലിയേഴ്സ് പറഞ്ഞു.

മറ്റെവിടെയെങ്കിലും പോയി കൂടുതൽ സമ്പാദിക്കുക എന്നതല്ല ഈ തീരുമാനത്തിന്റെ അടിസ്ഥാനം. ഇന്ധനം തീർന്ന് തക്കസമയത്ത് നിർത്തുക എന്നതാണ്. എല്ലാം ഇതോടെ അവസാനത്തിലെത്തുന്നു. എനിക്ക് ഉറച്ച പിന്തുണ നൽകിയ ദക്ഷിണാഫ്രിക്കയിലേയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയും ആരാധകർക്ക് അകമഴിഞ്ഞ നന്ദി. ഈ നിമിഷം എന്നെ മനസിലാക്കുന്നതിനും നിങ്ങളെ കൃതജ്ഞത അറിയിക്കുന്നു – ഡിവില്ലിയേഴ്സ് പറഞ്ഞു.

വിദേശത്തു പോയി കളിക്കാനൊന്നും എനിക്കു പദ്ധതിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ ടൈറ്റാൻസിനു തുടർന്നും കളിക്കണമെന്നാണ് ആഗ്രഹം. ഫാഫ് ഡുപ്ലെസിക്കും മറ്റു താരങ്ങൾക്കും ഉറച്ച പിന്തുണയുമായി ഞാൻ കൂടെയുണ്ടാകും – എബി പറഞ്ഞു.