Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന ടെസ്റ്റിൽ റെക്കോർഡ് മഴ; ഓവലിൽ ചരിത്രമെഴുതി കുക്ക് മടങ്ങുന്നു

alastair-cook-last-test അലസ്റ്റയർ കുക്ക്

ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലെടുത്തുവച്ച ഇന്ത്യൻ യുവതാരം ഹനുമ വിഹാരിയുടെ പന്തിൽ ചരിത്ര സെഞ്ചുറി പൂർത്തിയാക്കി, അതേ വിഹാരിക്കുതന്നെ വിക്കറ്റും സമ്മാനിച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലസ്റ്റയർ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോടു വിടപറയുന്നു. അവസാന ടെസ്റ്റിൽ ഓവലിൽ ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർത്താണ് കുക്കിന്റെ മടക്കം. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്കോററായ കുക്ക്, മൊത്തം താരങ്ങളിൽ അഞ്ചാം സ്ഥാനത്തുണ്ട്.

അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം, അരങ്ങേറ്റ, വിരമിക്കൽ ടെസ്റ്റുകളുടെ രണ്ട് ഇന്നിങ്സിലും അൻപതിനു മുകളിൽ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരം, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇടംകയ്യൻ താരം, ആകെ റൺനേട്ടത്തിൽ അ‍‍ഞ്ചാമതുള്ള താരം, ഏറ്റവും കൂടുൽ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്ന നാലാമത്തെ താരം, ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം തുടങ്ങി എന്നെന്നും ഓർമിക്കാൻ ഒരുപിടി റെക്കോർഡുകളാണ് ഓവലിൽ കുക്ക് സ്വന്തമാക്കിയത്.

ഓവലിൽ കുക്ക് കുറിച്ച റെക്കോർഡുകളിലൂടെ

∙ അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് കുക്ക്. റെഗ്ഗി ഡഫ് – 104 | 146 (1902-1905), ബിൽ പോൻസ്ഫോർഡ് – 110 | 266 (1924-1934), ഗ്രെഗ് ചാപ്പൽ – 108 | 182 (1970-1984), മുഹമ്മദ് അസ്ഹറുദ്ദീൻ – 110 | 102 (1984-2000) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ. കുക്കിന്റെ അരങ്ങേറ്റ ടെസ്റ്റ് ഇന്ത്യൻ മണ്ണിൽ ഇന്ത്യയ്ക്കെതിരെയും വിരമിക്കൽ ടെസ്റ്റ് സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ തന്നെ ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2006ൽ നാഗ്പുരിലാണ് കുക്ക് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് കുക്ക് സെഞ്ചുറി നേടിയത് (പുറത്താകാതെ 104). ഓവലിൽ രണ്ടാം ഇന്നിങ്സിൽ 147 റൺസും കുക്ക് നേടി. അതേസമയം, നൂറിലധികം ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുള്ളവരിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം കുക്കാണ്.

∙ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും കുക്ക് മാറി. ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് മാത്രമാണ് ഇക്കാര്യത്തിൽ കുക്കിനു മുന്നിലുള്ളത്. (2555 റൺസ്)

cook-test-career കുക്കിന്റെ അവസാന ഇന്നിങ്സിനു പിന്നാലെ ഐസിസി ട്വീറ്റ് ചെയ്ത ചിത്രം.

∙ ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും കുക്ക് മാറി. ഇന്ത്യയുടെ സുനിൽ ഗാവസ്കറാണ് ഇക്കാര്യത്തിൽ മുന്നിൽ. 203 ഇന്നിങ്സുകളിൽ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത ഗാവസ്കർ 33 സെഞ്ചുറികളാണ് നേടിയത്. 278 ഇന്നിങ്സുകളിൽനിന്ന് ഓപ്പണറെന്ന നിലയിൽ കുക്കിന്റെ 31–ാം സെഞ്ചുറിയാണ് ഓവലിൽ പിറന്നത്. മാത്യു ഹെയ്ഡൻ (184 ഇന്നിങ്സുകളിൽനിന്ന് 30 സെഞ്ചുറി), ഗ്രെയിം സ്മിത്ത് (196 ഇന്നിങ്സുകളിൽനിന്ന് 27 സെഞ്ചുറി) എന്നിവർ കുക്കിനു പിന്നിലുണ്ട്. ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് േനടിയ താരവും കുക്ക് തന്നെ.

∙ കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും അർധസെഞ്ചുറി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമായും കുക്ക് മാറി. ദക്ഷിണാഫ്രിക്കൻ താരം ബ്രൂസ് ബിച്ചലാണ് ആദ്യം ഈ നേട്ടം കൈവരിച്ച താരം. 1929ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ബിച്ചൽ, 1949ൽ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് അവസാന ടെസ്റ്റ് കളിച്ചത്. ആദ്യ ടെസ്റ്റിൽ 88 & 61*, അവസാന ടെസ്റ്റിൽ 99 & 56 എന്നിങ്ങനെയായിരുന്നു ബ്രൂസിന്റെ സ്കോർ. അതേസമയം, 2006 മാർച്ചിൽ ഇന്ത്യയ്ക്കെതിരെ തന്നെ നാഗ്പുരിലായിരുന്നു കുക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ 60, രണ്ടാം ഇന്നിങ്സിൽ 104 എന്നിങ്ങനെയാണ് ആ മൽസരത്തിൽ കുക്ക് നേടിയ റൺസ്.

∙ രണ്ടാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരവുമായി കുക്ക്. രണ്ടാം ഇന്നിങ്സിൽ 15–ാം സെഞ്ചുറിയാണ് കുക്ക് ഓവലിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ 14 സെ‍ഞ്ചുറി നേടിയ കുമാർ സംഗക്കാരയെയാണ് കുക്ക് പിന്നിലാക്കിയത്. സച്ചിൻ തെൻഡുൽക്കർ (13), യൂനിസ് ഖാൻ (12) എന്നിവരാണ് പിന്നിലുള്ളത്.

∙ മൂന്നാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായും കുക്ക് മാറി (രണ്ടു ടീമുകളുടെയും രണ്ട് ഇന്നിങ്സുകൾ ചേർന്ന് നാല് ഇന്നിങ്സായി കണക്കാക്കുമ്പോൾ). മൂന്നാം ഇന്നിങ്സിലെ പതിമൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ കുക്ക് നേടിയത്. ഇവിടെയും പിന്നിലാക്കിയത് സംഗക്കാരയെ തന്നെ. അതേസമയം, ഒന്നാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം ഓസീസിന്റെ റിക്കി പോണ്ടിങ്ങാണ്. 21 എണ്ണം. രണ്ടാം ഇന്നിങ്സിൽ 18 സെഞ്ചുറി നേടിയിട്ടുള്ള സച്ചിൻ തെൻഡുൽക്കറാണ് ഒന്നാമത്. നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സെഞ്ചുറി പാക്കിസ്ഥാന്റെ യൂനിസ് ഖാന്റെ പേരിലാണ്. അഞ്ചെണ്ണം!

∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായ താരങ്ങളിൽ നാലാമതെത്താനും കുക്കിനു സാധിച്ചു. ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ജോ റൂട്ടിനൊപ്പം കുക്ക് പടുത്തുയർത്തിയത് കരിയറിലെ 77–ാം സെഞ്ചുറി കൂട്ടുകെട്ടാണ്. ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡ് (88), സച്ചിൻ തെൻഡുൽക്കർ (86) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. 85 സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയായ ഓസീസ് താരം റിക്കി പോണ്ടിങ് മൂന്നാമതുണ്ട്. ശ്രീലങ്കൻ താരം മഹേള ജയവർധനെ (76), വെസ്റ്റ് ഇൻഡീസ് താരം ശിവ്നാരായൺ ചന്ദർപോൾ (70) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ഇടംകയ്യൻ ബാറ്റ്സ്മാനായും കുക്ക് മാറി. കരിയറിലെ അവസാന ടെസ്റ്റിൽ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയെയാണ് കുക്ക് പിന്നിലാക്കിയത്. ബ്രയാൻ ലാറ (11,953), ശിവ്നാരായൺ ചന്ദർപോൾ (11,867), അലൻ ബോർഡർ (11,174) എന്നിവരാണ് ഇക്കാര്യത്തിൽ ഇരുവർക്കും പിന്നിലുള്ളത്.

∙ ഇതോടെ ഏറ്റവും കൂടുതൽ റൺസ് നേടിയ മൊത്തം താരങ്ങളിൽ കുക്ക് അഞ്ചാമതെത്തി. 161 ടെസ്റ്റുകളിൽനിന്ന് 12,472 റൺസാണ് കുക്കിന്റെ സമ്പാദ്യം. 134 ടെസ്റ്റുകൾ കളിച്ച സംഗക്കാര ആകെ നേടിയത് 12,400 റൺസാണ്. സച്ചിൻ തെൻഡുൽക്കർ (200 ടെസ്റ്റിൽനിന്ന് 15,921), റിക്കി പോണ്ടിങ് (168 ടെസ്റ്റിൽനിന്ന് 13,378), ജാക്വസ് കാലിസ് (166 ടെസ്റ്റുകളിൽനിന്ന് 13,289), രാഹുൽ ദ്രാവി‍ഡ് (164 ടെസ്റ്റുകളിൽനിന്ന് 13,288) എന്നിവർ മാത്രമാണ് കുക്കിനു മുന്നിലുള്ളത്.

∙ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് താരമായി കുക്ക്. ഇന്ത്യയ്ക്കെതിരെ ഏഴാമത്തെ സെഞ്ചുറിയാണ് കുക്ക് ഓവലിൽ നേടിയത്. ആറു സെഞ്ചുറി നേടിയ കെവിൻ പീറ്റേഴ്സൻ, അഞ്ചു സെഞ്ചുറി നേടിയ ഇയാൻ ബോതം, ഗ്രഹാം ഗൂച്ച് എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യ–ഇംഗ്ലണ്ട് മൽസരങ്ങളിൽ കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പവുമെത്തി കുക്ക്.

∙ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും കുക്ക് മാറി. 15 ടെസ്റ്റുകളിൽ രണ്ട് ഇന്നിങ്സുകളിലും അൻപതിനു മുകളിൽ റൺസ് നേടിയ റിക്കി പോണ്ടിങ്ങാണ് ഇക്കാര്യത്തിൽ ഒന്നാമത്. കുക്കിനൊപ്പം 14 ടെസ്റ്റുകളുടെ രണ്ട് ഇന്നിങ്സുകളിലും അൻപതിനു മുകളില്‍ റൺസ് നേടി ജാക്വസ് കാലിസും രണ്ടാമതുണ്ട്. അലൻ ബോർഡർ (13), കുമാർ സംഗക്കാര (12), ചന്ദർപോൾ, ഇൻസമാം ഉൾ ഹഖ് (11), ചാപ്പൽ, ദ്രാവിഡ് (10) എന്നിവരാണ് പിന്നിലുള്ളത്.

∙ കുക്ക് സിംഗിൾ നേടുന്നത് തടയാൻ രവീന്ദ്ര ജഡേജ സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ബൗണ്ടറി കടന്നതിലൂടെ ലഭിച്ച അഞ്ചു റൺസ് വഴിയാണ് കുക്ക് ഓവലിൽ സെഞ്ചുറി പിന്നിട്ടത്. ഓവർത്രോയിലൂടെ കുക്കിന് ലഭിക്കുന്ന നാലാമത്തെ മാത്രം അഞ്ചു റൺസ് നേട്ടമാണ് ഓവലിലേത്. ഇതിൽ മൂന്നും ഇന്ത്യയ്ക്കെതിരെ ആയിരുന്നു.

related stories