Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പ്രതീക്ഷ ‘പൃഥ്വി ഷോമാൻ’; ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാൻ ഒരുങ്ങി യുവതാരം

Prithvi-Shah പൃഥ്വി ഷാ

ഇന്ത്യൻ ക്രിക്കറ്റിൽ ഇത് ചെറിയൊരു പരിവർത്തനത്തിന്റെ കാലം. ഓപ്പണിങ്ങിൽ ആണിക്കല്ലു തെറിപ്പിച്ചു തന്നെയാണ് തുടക്കം. ശിഖർ ധവാനും മുരളി വിജയ്ക്കും ഇനിയും അവസരം നൽകാനാകില്ലെന്ന സത്യമാണ് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറുകളായ പൃഥ്വി ഷായ്ക്കും മായങ്ക് അഗർവാളിനുമുള്ള വാതിലായത്. 18 വയസ്സുള്ള പൃഥ്വിയെക്കുറിച്ച് നാളുകളായി പറയാൻ തുടങ്ങിയിട്ട്. അടുത്ത സച്ചിൻ എന്ന പേരു തെറ്റിക്കാതെയാണ് ഈ മുംബൈക്കാരന്റെ ഉയർച്ച.

∙ 300 പന്തിൽ 546 റൺസ്

14 വയസ്സുള്ളപ്പോഴാണ് പൃഥ്വി തലക്കെട്ടുകളിൽ ആദ്യം ഇടംപിടിച്ചത്. അണ്ടർ 16 സ്‌കൂൾ ടൂർണമെന്റിൽ റിസ്‍വി സ്പ്രിങ്ഫീൽഡ് സ്‌കൂളിനായി പൃഥ്വി നേടിയത് 300 പന്തിൽ 546 എന്ന ലോകറെക്കോർഡ് സ്‌കോറാണ്. സ്‌കൂൾ ക്രിക്കറ്റിലെ മുന്തിയ ടൂർണമെന്റായ ഹാരിസ് ഷീൽഡ് ട്രോഫിക്കായി 2013നും 14ലും സ്‌കൂളിനെ നയിച്ചത് കുഞ്ഞു ഷാ ആണ്.

അരങ്ങേറ്റത്തിൽ തന്നെ രഞ്ജിയിലും ദുലീപ് ട്രോഫിയിലും സെഞ്ചുറി നേടി കഴിഞ്ഞ വർഷം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. രഞ്ജിയിലെ സെഞ്ചുറി തമിഴ്‌നാടിനെതിരെ സെമിഫൈനലിലായിരുന്നു. ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമാണ് പൃഥി. പിന്നിലാക്കിയത് സച്ചിനെത്തന്നെ.

2012ൽ തന്നെ പൃഥിയെ മാഞ്ചസ്റ്ററിലെ ചീഡ്ൽ ഹ്യൂം കളിക്കാൻ വിളിച്ചിരുന്നു. 2 മാസംകൊണ്ട് 1446 റൺസ് അടിച്ചുകൂട്ടി. ഈ പ്രകടനം ഇംഗ്ലണ്ടിലെ ജൂലിയൻ വുഡ് അക്കാദമിയിൽ പരിശീലനത്തിന് അവസരം നൽകി. കൗണ്ടി പ്രീമിയർ ലീഗിൽ കളിക്കാനും പറ്റി.

∙ രണ്ടു മണിക്കൂർ യാത്ര

മുംബൈ നഗരത്തിനു പുറത്തുള്ള വിരാർ ആണ് പൃഥ്വിയുടെ നാട്. നഗരത്തിലേക്ക് 2 മണിക്കോറോളം യാത്ര ചെയ്തായിരുന്നു കുട്ടിക്കാലത്തെ ക്രിക്കറ്റ് പരിശീലനം. കളിമെച്ചപ്പെട്ടതിൽ പിന്നെയാണ് സാന്താക്രൂസിലേക്കു താമസം മാറുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ അണ്ടർ 19 കിരീടം ഇന്ത്യയിലേക്കെത്തിച്ചത് പൃഥ്വിയുടെ കിരീടത്തിൽ പൊൻതൂവലായി. 1.2 കോടി രൂപ മുടക്കി ഡൽഹി ഡെയർ ഡെവിൾസ് താരത്തെ ടീമിലെത്തിച്ചു. ഗംഭീർ നായക സ്ഥാനം ഉപേക്ഷിച്ചപ്പോൾ പകരം ഓപ്പണറായെത്തി എല്ലാവരെയും ഞെട്ടിച്ചു. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് നേടിയത്.

∙ സമ്മർദങ്ങളിൽ വീഴില്ല

പുറത്ത് എന്തു നടക്കുമ്പോഴും ഉള്ളിൽ ശാന്തനായി കളിക്കാൻ കഴിയുന്നതാണ് പൃഥ്വി ഷായുടെ മികവിനു കാരണമെന്നു പരിശീലകർ പറയുന്നു. സമ്മർദങ്ങൾക്ക് കീഴ്‌പ്പെടുന്നവനല്ല പൃഥി, ഈ മികവ് കൂടുതൽ കളിക്കുന്തോറും മെച്ചപ്പെട്ടു വരികയാണ്. സച്ചിനുമായി താരതമ്യം ചെയ്യുന്നതിന്റെ ഭാരവും ആ ശിരസ്സിൽ കയറാത്തത് അതുകൊണ്ടായിരിക്കും.

ഐപിഎല്ലിൽ ഷായുടെ ബാറ്റിങ് കണ്ട് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാർക്ക് വോ പറഞ്ഞത്, ഇതു സച്ചിൻ തന്നെയെന്നാണ്. ഇന്ത്യയ്ക്ക് പുതിയൊരു സച്ചിനെയല്ല ആവശ്യം, ഇന്ത്യൻ മണ്ണിലും വിദേശത്തും ചങ്കുറപ്പോടെ ബാറ്റു ചെയ്യുന്ന ഓപ്പണറെയാണ്. പ്രതീക്ഷ കാക്കാൻ പൃഥിക്കാകട്ടെ.

related stories