Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയോ രോഹിത്തോ? ഏഷ്യാകപ്പിനു പിന്നാലെ മികച്ച ക്യാപ്റ്റനാരെന്ന് ചർച്ച

ASIA CUP-Indian Cricket team ഏഷ്യാകപ്പ് ട്രോഫിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സഹതാരങ്ങളും.

വിരാട് കോഹ്‌ലി അവധി എടുക്കുമ്പോൾ മാത്രം തന്നെ തേടി വരാറുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകപദവി കയ്യിൽ ഭദ്രമാണെന്നു തെളിയിച്ചിരിക്കുകയാണ് രോഹിത് ശർമ. അവസരം കിട്ടുമ്പോഴെല്ലാം നായകനാകാൻ താൽപര്യമുണ്ടെന്നു പറയുകകൂടി ചെയ്തതോടെ ‘ക്യാപ്റ്റൻ’ ചർച്ചാവിഷയമാവുകയാണ്. പകരക്കാരൻ നായകന്റെ ഹാട്രിക് വിജയമാണ് ഏഷ്യാകപ്പിൽ കണ്ടത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഉപനായകനായ രോഹിത് ശർമ കോഹ്‌ലിയുടെ അഭാവത്തിൽ‌ മൂന്നു തവണ നായകനായി. ആദ്യം 2017ൽ ശ്രീലങ്കൻ പര്യടനം. തുടർച്ചയായി ഏഴു പരമ്പര വിജയങ്ങളുടെ തലപ്പൊക്കവുമായാണ് ചെന്നത്. ശ്രീലങ്ക വരവേറ്റത് തോൽവിയോടെ. ആദ്യ മത്സരത്തിലെ മുറിവുണക്കാൻ പിന്നീടൊന്നും ബാക്കിവച്ചില്ല രോഹിത്തും കൂട്ടരും. പരമ്പര തൂത്തുവാരി, ട്വന്റി 20 ഉൾപ്പെടെ.

കഴിഞ്ഞ മാർച്ചിൽ ശ്രീലങ്കയും ബംഗ്ലദേശും പങ്കെടുത്ത നിദഹാസ് ട്രോഫിയായിരുന്നു അടുത്തത്. ഫൈനലിൽ ബംഗ്ലദേശിനെ തോൽപിച്ച് കിരീടം വാങ്ങുമ്പോൾ രോഹിത്തിന്റെ മുഖത്ത് ലാളിത്യം ചാലിച്ച ചിരി മാത്രം. ഇപ്പോൾ ദുബായിൽ അതേ ബംഗ്ലദേശിനെ കീഴടക്കി വീണുകിട്ടിയതു വിഷ്ണുലോകമാക്കി രോഹിത് നായക വിജയത്തിന്റെ ഹാട്രിക് തികച്ചു.

∙ ശരിക്കും ചാർജർ

ക്യാപ്റ്റന്റെ തൊപ്പി അണിയുമ്പോൾ രോഹിത്തിന്റെ ബാറ്റിനു വർധിത വീര്യമാണ്. 3 പരമ്പരകളും അങ്ങനെ തന്നെ. 3 പരമ്പരകളിൽ ഒന്നിൽ റൺവേട്ടക്കാരിൽ‌ ഒന്നാമൻ, മറ്റു രണ്ടിലും രണ്ടാമൻ. രോഹിത്തിനെ രണ്ടാമനാക്കിയത് സഹഓപ്പണർ ശിഖർ ധവാൻ. ശ്രീലങ്കൻ പര്യടനത്തിൽ ഇരട്ട സെഞ്ചുറി കുറിച്ച് പരമ്പരയിലെ ടോപ്സ്കോററായി രോഹിത്. ട്വന്റി 20യിൽ ഒരു സെഞ്ചുറി ഉൾപ്പെടെ 162 റൺസ്.

നിദാഹാസ് ട്രോഫിയിൽ 173 റൺസോടെ രണ്ടാമൻ, 198 റൺസ് നേടി ധവാൻ ഒന്നാമൻ. ഏഷ്യാകപ്പിൽ ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറിയും ഉൾപ്പെടെ 317 റൺസോടെ വീണ്ടും രണ്ടാമൻ, ഇളക്കം തട്ടാതെ 342 റൺസോടെ ധവാൻ തന്നെ ഒന്നാമൻ. സ്വന്തം ബാറ്റിങ് മാത്രമല്ല സഹതാരത്തെക്കൂടി ഉത്തേജിപ്പിച്ച ചാർജറായി രോഹിത്. ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിങ് ശരാശരിയിലും രോഹിത് മുന്നിലാണ് –106. 8. മറ്റു മത്സരങ്ങളിലെ ശരാശരി 46.17 മാത്രം.

∙ കോഹ്‌ലിയോ രോഹിത്തോ

ഏഷ്യാ കപ്പ് വിജയത്തോടെ ആരാണ് മികച്ച ക്യാപ്റ്റൻ എന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ തരംഗമായി. അവസരം വന്നാൽ സ്ഥിരം ക്യാപ്റ്റനാകാനും തയാറാണെന്ന മോഹം രോഹിത് പങ്കുവച്ചതോടെയാണ് ചർച്ച ചൂടുപിടിച്ചത്. ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഇപ്പോൾ നായകൻ മാറേണ്ട സാഹചര്യമില്ലെന്നും വാദമുയരുമ്പോൾ രോഹിത്തും നല്ല ക്യാപ്റ്റനല്ലേ, ഒരവസരം കൊടുക്കേണ്ടതില്ലേ എന്നു മറു ചോദ്യം.

കോഹ്‌ലി ആക്രമണോത്സുകതയുടെ മുഖമാണെങ്കിൽ രോഹിത് ലാളിത്യത്തിന്റെ പര്യായമാണ്. ഇന്ത്യൻ ക്രിക്കറ്റിന് ഇതിലേതു വേണമെന്നതാണ് മറ്റൊരു ചോദ്യം. ധോണിക്കു ശേഷം ‘ക്യാപ്റ്റൻ കൂൾ’ രോഹിത്താണെന്ന് ആരാധകർ. ശാന്തത കൈവിടാതെ, സമ്മർദം മുഖത്ത് ദേഷ്യമായി മാറാതെ, ദൃഢനിശ്ചയത്തോടെ, ഇടയ്ക്കൊന്നു നഖം കടിച്ച് അവസാനം വരെ പോരാടി നോക്കാനുള്ള ആത്മവിശ്വാസം രോഹിത്തിനുണ്ട്.

താരങ്ങളെ മാറ്റിമാറ്റി പരീക്ഷിക്കുന്നതാണ് കോഹ്‌ലിക്കെതിരെയുള്ള മറ്റൊരു ആരോപണം. മധ്യനിര ബാറ്റ്സ്മാൻമാരെ ഇടക്കിടെ മാറ്റുന്നതിനാൽ വന്നു പോകുന്നവർക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കിട്ടുന്നില്ല. പക്ഷേ, രോഹിത് ഏഷ്യാ കപ്പിലെ ഒരു മത്സരത്തിൽ ഒഴികെ 11 പേരെയും അതേപടി കളിപ്പിച്ചു. അഫ്ഗാനെതിരായ അപ്രധാന കളിയിൽ പ്രമുഖരിൽ പലർക്കും വിശ്രമം അനുവദിച്ചു. അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക്, കേദാർ ജാദവ് എന്നിവരെ വിശ്വസിച്ചു സ്ഥിരം സ്ഥാനം നൽകി. അതേസമയം ബോളർമാരെ മാറ്റിമാറ്റി പരീക്ഷിക്കുന്നതിലെ മിടുക്കും ശ്രദ്ധേയമായി.

‘ഫുൾ ടീം’ ഇല്ലാതെയാണ് രോഹിത് പലപ്പോഴും കപ്പിലേക്ക് ഇന്ത്യയെ എത്തിച്ചതെന്നതും മാറ്റു കൂട്ടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പുകളിൽ ശരാശരി ടീമായിരുന്ന മുംബൈ ഇന്ത്യൻസിനെ മൂന്നു തവണ കപ്പു തൊടീച്ചത് രോഹിത് ശർമ നായകനായതോടെയാണ്.

∙ രോഹിത് പറഞ്ഞത്

ഏഷ്യാകപ്പ് മത്സരശേഷം നായകമോഹത്തെ കുറിച്ച് പറഞ്ഞതിനൊപ്പം ചില പ്രധാന കാര്യങ്ങൾ കൂടി രോഹിത് വ്യക്തമാക്കി.

‘‘പകരക്കാരൻ ക്യാപ്റ്റനെന്ന നിലയിൽ വെല്ലുവിളികളുണ്ട്. സഹതാരങ്ങളെ അവരുടെ ടീമിലെ സ്ഥാനം നോക്കാതെ ഫ്രീയായി കളിക്കാൻ അനുവദിക്കുകയായിരുന്നു ലക്ഷ്യം. അവസരം ലഭിക്കുമ്പോൾ പരമാവധി മുതലാക്കാനുള്ള ചുമതല കളിക്കാരുടേതാണ്. എന്നാൽ, സമ്മർദം കൂടാതെ കളിക്കാനുള്ള അവസരം അവർക്ക് ഒരുക്കിക്കൊടുക്കേണ്ടത് ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ്.  ഈ ടൂർണമെന്റിൽ ടീമെന്ന നിലയിൽ മികച്ച പ്രകടനം അതുവഴി കാഴ്ചവയ്ക്കാനായി. താരങ്ങളിൽ സുരക്ഷിതത്വ ബോധം നിറയ്ക്കുകയാണ് ക്യാപ്റ്റന്റെ മുഖ്യധർമം. പതിവുകാരല്ലാത്ത താരങ്ങളെ എല്ലാ മത്സരവും കളിപ്പിച്ചത് അതുകൊണ്ടാണ്. അങ്ങനെയാണ് നല്ല കളിക്കാരെ സൃഷ്ടിക്കുന്നത്. രണ്ടു മത്സരം കഴിഞ്ഞാൽ‌ പുറത്തിരിക്കേണ്ടി വരുമോ എന്ന ചിന്തയുണ്ടായാൽ അവരുടെ പ്രകടനം മോശമാകും, ഒന്നോ രണ്ടോ മത്സരം കൊണ്ട് ആരെയും വിലയിരുത്താനികില്ലല്ലോ.’’

related stories