Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ വിരമിക്കൽ പരമ്പരയ്ക്ക് വന്ന ടീം അല്ലിത്; വിൻഡീസ് പഴയ വിൻഡീസല്ല

Sunil Gavaskar

ഇംഗ്ലണ്ട് പര്യടനത്തിലെ പരാജയ കളങ്കമെല്ലാം കഴുകിക്കളഞ്ഞു വിജയപാതയിൽ തിരിച്ചെത്താൻ തയാറെടുത്ത് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നു. അഞ്ചു ടെസ്റ്റ് പരമ്പരയ്ക്കുശേഷം രണ്ടു ടെസ്റ്റ് പരമ്പര എന്നത് അത്ര പന്തിയല്ല. മൂന്നു മത്സരങ്ങളെങ്കിലും ഉണ്ടാകുന്നതായിരുന്നു നന്ന്. ഇരു ടീമും ഓരോ ടെസ്റ്റ് ജയിച്ചാൽ പരമ്പര ആർക്കെന്നു നിശ്ചയിക്കാൻ മൂന്നാമതൊരു ടെസ്റ്റില്ലാത്തത് സങ്കടകരം. 

അതെന്തായാലും അഞ്ചു വർഷം മുൻപ് സച്ചിൻ തെൻഡുൽക്കറുടെ വിടവാങ്ങൽ പരമ്പരയ്ക്കെത്തിയ ടീമിനേക്കാൾ ഏറെ മികച്ച വെസ്റ്റ് ഇന്ത്യൻ ടീമാണ് ഇക്കുറി എത്തുന്നത്. ട്വന്റി 20യിലെ ചില മിന്നും താരങ്ങൾ ഇല്ലെങ്കിലും അവരുടെ ബാറ്റിങ് നിര സ്ഥിരതയുള്ളതാണ്. രാജ്കോട്ടിലെ പിച്ച് ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്നതാണെങ്കിൽ ഇന്ത്യയുടെ സ്പിന്നർമാർ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ബ്രാത്‍വെയ്റ്റ്, പവൽ, ഷായി ഹോപ്, സുനിൽ ആംബ്രിസ് എന്നിവർ മികച്ച അടിക്കാരാണ്. വാലറ്റത്തിനു ബലം കൊടുക്കുന്ന ജയ്സൻ ഹോൾഡറെയും വീഴ്ത്തുക എളുപ്പമല്ല.നാട്ടിൽ എതിരാളികളെ വിറപ്പിക്കുന്ന വിൻഡീസ് പേസർമാർ  ഇന്ത്യയിലും ഫോം തുടർന്നാൽ വിൻഡീസിനു പ്രതീക്ഷയ്ക്കു വകയുണ്ട്. 

ഓപ്പണിങ്ങിൽ പ്രതീക്ഷിച്ച മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുലിനൊപ്പം മായങ്ക് അഗർവാളാണോ കൗമാരതാരം പൃഥ്വി ഷായാണോ രാജ്കോട്ടിൽ ഇറങ്ങുക എന്ന് കണ്ടറിയണം. രാഹുൽ മികച്ച ഫോമിലാണെന്ന് ഏഷ്യാ കപ്പിലെ ഇന്നിങ്സ് കാണിച്ചുതന്നു. പൂജാരയ്ക്ക് വൻസ്കോർ നേടാൻ സ്വന്തം നാട്ടിലെ പിച്ചിൽ അവസരം. ഇംഗ്ലണ്ടിലെ തകർപ്പൻ ഫോം തുടരാൻ കോഹ്‍ലിയും. ബോളിങ്ങിൽ ഭുവനേശ്വറിനും ബുമ്രയ്ക്കും ഒരുമിച്ചു വിശ്രമം നൽകിയതു മനസ്സിലാക്കാനാകുന്നില്ല. സിലക്ടർമാർക്ക് ടെസ്റ്റുകൾ അത്ര പ്രധാനമല്ലെന്നു തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ ഏറ്റവും മികച്ച കളിക്കാർ ടീമിലുണ്ടാകണം. ഇവരുടെ അഭാവം ഷാർദുൽ ഠാക്കൂറിനും മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയ്ക്കുള്ള ടീമിൽ സ്ഥാനം നേടാൻ അവസരമായേക്കാം.

ഓവലിലെ അവസാന ടെസ്റ്രിൽ ഇന്ത്യ ആറു ബാറ്റ്സ്മാൻമാരുമായാണ് ഇറങ്ങിയത്. ഋഷഭ് പന്ത് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അശ്വിന്റെ നാലു സെഞ്ചുറികവഉം വിൻഡീസിനെതിരെയാണന്നത് അഞ്ചു ബോളർമാരെ ഇറക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും. 2013ൽ നടന്ന രണ്ടു ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള പരിശീലനമാകുന്ന ഈ പരമ്പര അത്ര എളുപ്പമാകാനിടയില്ല. 

related stories