Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കുമോ ഗംഭീർ, ഈഡനിലേക്കുള്ള തിരിച്ചുവരവ്?

Andre-Russel ഡൽഹിക്കെതിരെ കൊൽക്കത്ത താരം ആന്ദ്രെ റസ്സലിന്റെ ബാറ്റിങ്. (ട്വിറ്റർ ചിത്രം

കൊൽക്കത്ത∙ പതിനൊന്നാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞപ്പോൾ എല്ലാവരും മൂക്കത്തു വിരൽവച്ചു പോയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. താരലേലത്തിൽ പണം വാരിയെറിഞ്ഞിട്ടും മൂല്യത്തിനൊത്ത താരനിരയെ സ്വന്തമാക്കാൻ അവർക്കായില്ലെന്ന് ക്രിക്കറ്റ് പണ്ഡിതൻമാർ വിലയിരുത്തിയ ടീം. സീസൺ ആരംഭിച്ച് നാലു മൽസരങ്ങൾ പിന്നിടുമ്പോൾ, ഈ പേരുദോഷത്തിൽനിന്ന് പതുക്കെ പുറത്തേക്കു വരുകയാണ് നൈറ്റ് റൈഡേഴ്സ്. യുവത്വവും പരിചയസമ്പത്തുമെല്ലാം സമാസമം ചേർത്ത് ഒരു ‘വിന്നിങ് ഫോർമേഷൻ’ രൂപപ്പെടുത്താനുള്ള കൊൽക്കത്തയുടെ ശ്രമങ്ങൾ ഏതാണ്ട് വിജയിച്ചു കഴിഞ്ഞിരിക്കുന്നു.

ഇന്നലെ നടന്ന മൽസരത്തിൽ കരുത്തരായ ഡൽഹി ഡെയർഡെവിൾസിനെ അവർ പരാജയപ്പെടുത്തിയ രീതി നോക്കുക. ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യേണ്ടി വന്നിട്ടും 200 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്താൻ കൊൽക്കത്തയ്ക്കായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയെ വെറും 129 റൺസിന് പുറത്താക്കി 71 റൺസിന്റെ വിജയവും അവർ സ്വന്തമാക്കി. ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണാധിപത്യം പുലർത്തിയ പ്രകടനത്തിനൊടുവിൽ കൊൽക്കത്ത സ്വന്തമാക്കിയത് റൺ അടിസ്ഥാനത്തിൽ സീസണിലെ ഏറ്റവും വലിയ വിജയവും. കൊൽക്കത്ത വിട്ടശേഷം ഡൽഹി ക്യാപ്റ്റനെന്ന നിലയിൽ ഇവിടേക്കു മടങ്ങിയെത്തിയ ഗംഭീറിന്, മറക്കാനാകാത്ത അനുഭവവുമായി ഈ മൽസരം.

ടോസ് നഷ്ടം, വൻ വിജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും, കൊൽക്കത്തയെ അതൊട്ടും ബാധിച്ചില്ലെന്നു വ്യക്തം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് അടിച്ചുകൂട്ടിയപ്പോൾ, ഡൽഹിയുടെ പോരാട്ടം 14.2 ഓവറിൽ 129 റൺസിലൊതുങ്ങി. മൂന്നു വിക്കറ്റു വീതം നേടിയ സുനിൽ നരെയ്നും കുൽദീപ് യാദവുമാണ് ഡൽഹിയെ തകർത്തത്. മാക്സ്‌വെല്ലും (47റൺസ്) ഋഷഭ് പന്തും (43റൺസ്) പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല.  

നേരത്തേ, 12 പന്തിൽ ആറ് പടുകൂറ്റൻ സിക്സറുകളുടെ ബലത്തിൽ 41 റൺസ് അടിച്ച ആന്ദ്രേ റസലിന്റെ മിന്നൽ പ്രകടനമാണ് വമ്പൻ സ്കോർ നേടാൻ കൊൽക്കത്തയെ സഹായിച്ചത്. 35 പന്തിൽ 59 റൺസ് എടുത്ത നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. റോബിൻ ഉത്തപ്പയും (35 റൺസ്) കൊൽക്കത്തയ്ക്കായി തിളങ്ങി. റാണയാണ് കളിയിലെ കേമൻ.

കരുത്തുകാട്ടി ലിൻ, റാണ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയുടേത് അത്ര മികച്ച തുടക്കമായിരുന്നില്ല. വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്നെ ഓപ്പണറാക്കിയുള്ള ചൂതാട്ടം ഇക്കുറി പിഴച്ചപ്പോൾ സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാലു പന്തിൽ ഒരു റണ്ണെടുത്ത നരെയ്നെ ബോൾട്ടാണ് മടക്കിയത്. രണ്ടാം വിക്കറ്റിൽ ക്രിസ് ലിൻ–റോബിൻ ഉത്തപ്പ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്നിങ്സിന് അടിത്തറയിട്ടു.

30 പന്തുകൾ നീണ്ട കൂട്ടുകെട്ടിൽ ഇരുവരും കൂട്ടിച്ചേർത്തത് 55 റൺസ്. 19 പന്തിൽ മൂന്നു സിക്സും രണ്ടു ബൗണ്ടറിയും സഹിതം 35 റൺസെടുത്ത ഉത്തപ്പയെ മടക്കി ഷഹബാസ് നദീം ഡൽഹിക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. അധികം വൈകാതെ ക്രിസ് ലിന്നും പുറത്തായി. 29 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 31 റൺസുമായി ലിൻ ഷാമിക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങുമ്പോൾ, കൊൽക്കത്ത സ്കോർബോർഡിൽ ഉണ്ടായിരുന്നത് 89 റൺസ്.

നാലാം വിക്കറ്റിൽ ഒരുമിച്ച നിതീഷ് റാണ–ദിനേഷ് കാർത്തിക് സഖ്യം ടീം ടോട്ടൽ 100 കടത്തിയെങ്കിലും 117ൽ വച്ച് കാർത്തിക് വീണു. 10 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസെടുത്ത കാർത്തിക്കിനെ മോറിസ് മടക്കി. 

ഡൽഹിയെ വിറപ്പിച്ച ‘റസ്സലടി’

അഞ്ചാം വിക്കറ്റിൽ നിതീഷ് റാണയ്ക്കു കൂട്ടായി വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസ്സലെത്തിയതോടെ കളി മാറി. 12 പന്തുകൾ മാത്രമേ റസ്സലിനു നേരിടേണ്ടി വന്നുള്ളൂ. ഡൽഹി ബോളർമാരുടെ ഉറക്കം കെടുത്താൻ അതു ധാരാളമായിരുന്നു റസ്സലിന്.

നേരിട്ട 12 പന്തിൽ ആറും നിലം തൊടാതെ ഗാലറിയിലെത്തിച്ചു റസ്സൽ. മുഹമ്മദ് ഷമിയായിരുന്നു റസ്സലിന്റെ ‘പ്രിയ ഇര’. ഷമിക്കെതിരെ മാത്രം നാലു സിക്സുകളാണ് റസ്സൽ നേടിയത്. ആകെ 12 പന്തിൽ ആറു സിക്സുൾപ്പെടെ 41 റൺസുമായി കൂടാരം കയറുമ്പോൾ റസ്സലിന്റെ പേരിൽ കുറിക്കപ്പെട്ട സ്ട്രൈക്ക് റേറ്റ് 341.66!

ഈ സീസണിൽ ഇതുവരെ 19 സിക്സുകൾ നേടിയ റസ്സൽ അക്കാര്യത്തിൽ മറ്റു താരങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്തി. 12 സിക്സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഇക്കാര്യത്തിൽ റസ്സലിനു പിന്നിലുള്ളത്. ട്വന്റി20 ക്രിക്കറ്റിൽ ബൗണ്ടറികളേക്കാൾ കൂടുതൽ സിക്സുകൾ നേടിയുട്ടുള്ള താരമെന്ന നേട്ടവും റസ്സലിനു സ്വന്തം. അഞ്ചാം വിക്കറ്റിൽ നിതീഷ് റാണയ്ക്കൊപ്പം 61 റൺസും റസ്സൽ കൂട്ടിച്ചേർത്തു.

റസ്സലിനു പിന്നാലെ 19–ാം ഓവറിൽ നിതീഷ് റാണയും മടങ്ങിയതോടെ കൊൽക്കത്തയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. 35 പന്തുകൾ നേരിട്ട റാണ അഞ്ചു ബൗണ്ടറിയും നാലു സിക്സും സഹിതം 59 റൺസെടുത്താണ് പുറത്തായത്. ക്രിസ് മോറിസ് എറിഞ്ഞ 19–ാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 11 റൺസ് നേടിയ കൊൽക്കത്തയ്ക്ക് രാഹുൽ ടെവാട്ടിയ എറിഞ്ഞ 20–ാം ഓവറിൽ നഷ്ടമായത് മൂന്നു വിക്കറ്റുകളാണ്. നേടാനായത് ഒരു റണ്ണു മാത്രം. 220 കടക്കേണ്ട കൊൽക്കത്ത സ്കോർ ഇതോടെ 200ൽ ഒതുങ്ങുകയും ചെയ്തു.

ശുഭ്മാൻ ഗിൽ (അഞ്ചു പന്തിൽ ആറ്), കുറാൻ (മൂന്നു പന്തിൽ രണ്ട്), പിയൂഷ് ചൗള (0), ശിവം മാവി (0) എന്നിങ്ങനെയാണ് അവസാന ഓവറുകളിൽ കൊൽക്കത്ത താരങ്ങളുടെ പ്രകടനം. നാല് ഓവറിൽ 53 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് ഡൽഹി നിരയിൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റു വാങ്ങിയ താരം. ഷഹബാസ് നദീം നാല് ഓവറിൽ 43, ക്രിസ് മോറിസ് നാല് ഓവറിൽ 41 എന്നിങ്ങനെയാണ് മറ്റു താരങ്ങൾ വഴങ്ങിയ റൺസ്. അതേസമയം, മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ടെവാട്ടിയ, നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ബോൾട്ട് എന്നിവരുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തു.

മറുപടിയില്ലാതെ ഡൽഹി

കൊൽക്കത്തയുടെ കൂറ്റൻ സ്കോറിലേക്കു ബാറ്റെടുത്ത ഡൽഹിക്ക് ഒരു ഘട്ടത്തിലും മറുപടിയുണ്ടായിരുന്നില്ല. ഡൽഹി നിരയിൽ രണ്ടക്കം കടക്കാനായത് രണ്ടു താരങ്ങൾക്കാണ്. അവർ ഇരുവരും അർധസെ‍ഞ്ചുറിക്ക് അരികിൽ എത്തുകയും ചെയ്തു.

ഋഷഭ് പന്ത് (26 പന്തിൽ 43), ഗ്ലെൻ മാക്സ്‌വെൽ (22 പന്തിൽ 47) എന്നിവരാണ് രണ്ടക്കം കടന്ന ഡൽഹി താരങ്ങൾ. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 62 റൺസാണ് ‍ഡൽഹിക്ക് മൽസരത്തിൽ അൽപനേരത്തേക്കെങ്കിലും പ്രതീക്ഷ സമ്മാനിച്ചത്.

ഇവർക്കൊഴികെ ഡൽഹി നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഗൗതം ഗംഭീർ (ഏഴു പന്തിൽ എട്ട്), ജേസൺ റോയി (മൂന്നു പന്തിൽ ഒന്ന്), ശ്രേയസ് അയ്യർ (മൂന്നു പന്തിൽ നാല്), രാഹുൽ ടെവാട്ടിയ (രണ്ടു പന്തിൽ ഒന്ന്), വിജയ് ശങ്കർ (നാലു പന്തിൽ രണ്ട്), ക്രിസ് മോറിസ് ( മൂന്നു പന്തിൽ രണ്ട്), മുഹമ്മദ് ഷാമി (ആറു പന്തിൽ ഏഴ്), ട്രെന്റ് ബോൾട്ട് (രണ്ടു പന്തിൽ പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷഹബാസ് നദീം എട്ടു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

കറക്കി വീഴ്ത്തി നരെയ്ൻ, കുൽദീപ്

സമകാലീന ക്രിക്കറ്റിലെ സ്പിൻ ബോളിങ് വിസ്മയങ്ങളായ സുനിൽ നരെയ്ൻ, കുൽദീപ് യാദവ് എന്നിവരുടെ മൂന്നു വിക്കറ്റ് പ്രകടനങ്ങളാണ് ഡൽഹിക്കുമേൽ കൊൽക്കത്തയ്ക്ക് മേധാവിത്തം സമ്മാനിച്ചത്. നരെയ്ൻ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയും കുൽദീപ് യാദവ് 3.2 ഓവറിൽ 32 റൺസ് വഴങ്ങിയുമാണ് മൂന്നു വിക്കറ്റ് പിഴുതത്. ആന്ദ്രെ റസ്സൽ രണ്ട് ഓവറിൽ 25 റൺസ് വഴങ്ങിയപ്പോൾ, കുറാൻ രണ്ട് ഓവറിൽ 21 റൺസ് വഴങ്ങി.

ആദ്യ ഐപിഎൽ മൽസരത്തിനിറങ്ങിയ യുവതാരം ശിവം മാവി രണ്ട് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഡൽഹി ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ വിക്കറ്റ് പോക്കറ്റിലാക്കി. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ മാവിയുടെ പന്ത്, ഗംഭീറിന്റെ വിക്കറ്റുമായി പറക്കുന്ന കാഴ്ച, സമകാലീന ക്രിക്കറ്റിലെ സുന്ദരമായൊരു ദൃശ്യമായിരുന്നു.

മറക്കുമോ ഗംഭീർ, ഈ തിരിച്ചുവരവ്?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ‘അഡ്രസ്’ ഉണ്ടാക്കിക്കൊടുത്ത നായകനാണ് ഗൗതം ഗംഭീർ. 2012ലും 2104ലും കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാരാകുമ്പോൾ ടീമിന്റെ നായകസ്ഥാനത്ത് ഉണ്ടായിരുന്നതും മറ്റാരുമല്ല. ഗംഭീറിന്റെ കീഴിലല്ലാതെ കൊൽക്കത്തയൊട്ട് ഐപിഎൽ കിരീടം ചൂടിയിട്ടുമില്ല. എന്നിട്ടും, 11–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ക്യാപ്റ്റനെ കൈവിട്ടു കളയാനുള്ള കൊൽക്കത്തയുടെ തീരുമാനം ആരാധകരുടെ നെറ്റി ചുളിപ്പിച്ചതാണ്. പിന്നാലെ, നായകസ്ഥാനത്ത് അത്ര പരിചിതനല്ലാത്ത ദിനേഷ് കാർത്തിക്കിനെ ക്യാപ്റ്റനായി അവരോധിച്ചതോടെ സംശയം കൂടി.

എന്നാൽ, സീസണിലെ ആദ്യ നാലു മൽസരങ്ങൾ പിന്നിടുമ്പോൾ, രണ്ടു വിജയങ്ങളുമായി കൊൽക്കത്ത പതുക്കെ മികവിലേക്ക് ഉയരുകയാണ്. താരനിബിഡമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ച് തുടക്കമിട്ട കൊൽക്കത്ത, രണ്ടാം മൽസരത്തിൽ ചെന്നൈയോടും മൂന്നാം മൽസരത്തിൽ സൺറൈസേഴ്സിനോടും തോറ്റു. രണ്ടു മൽസരങ്ങളിലും അവസാന ഓവർ വരെ പൊരുതിയ ശേഷമായിരുന്നു കൊൽക്കത്തയുടെ തോൽവി.

ചെന്നൈയ്ക്കെതിരെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടിയെങ്കിലും ഒരു പന്തു മാത്രം ബാക്കി നിൽക്കെ അവർ വിജയം കൊത്തിപ്പറന്നു. സൺറൈസേഴ്സിനെതിരെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടാനെ കഴിഞ്ഞുള്ളുവെങ്കിലും 19–ാം ഓവർ വരെ പോരാട്ടം നീട്ടാൻ കൊൽക്കത്തയ്ക്കായി. ഇതിനു പിന്നാലെയാണ് ഡൽഹിക്കെതിരായ മൽസരത്തിലൂടെ ടീം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത്.

related stories