Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാൻ മടയിലും കൊൽക്കത്ത വീര്യം; ഉനദ്കടിന്റെ 11.5 കോടി?

കാർത്തിക് തെക്കേമഠം
Dinesh-Karthik രാജസ്ഥാൻ താരത്തെ പുറത്താക്കുന്ന കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്. (ട്വിറ്റർ ചിത്രം)

രാജസ്ഥാനെ അവരുടെ മണ്ണിൽച്ചെന്നു നേരിട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ സീസണിലെ മൂന്നാം ജയം. രാജസ്ഥാനെ എത്തിപ്പിടിക്കാവുന്ന സ്കോറിലേക്കൊതുക്കി വിക്കറ്റു നഷ്ടപ്പെടുത്താതെ വിജയം സ്വന്തമാക്കുകയെന്ന തന്ത്രമാണ് ബുധനാഴ്ചത്തെ മൽസരത്തിൽ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ കൊൽക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാർത്തിക്കും സംഘവും വിജയകരമായി നടപ്പിലാക്കിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി വിജയം കയ്യാളിയാണ് കൊൽക്കത്ത ടീം ജയ്പൂരിൽ നിന്നും വണ്ടികയറുന്നത്. 

കൂട്ടായ പരിശ്രമത്തിലൂടെയാണ് കരുത്തരായ രാജസ്ഥാനെ കൊൽക്കത്ത തോല്‍പ്പിച്ചത്. സ്പിന്നർമാരെയും മീഡിയം പേസർമാരെയും ഉപയോഗിച്ച് രാജസ്ഥാൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയ അവർ ബാറ്റിങ്ങിലും ഇതേ കൂട്ടായ്മ തുടർന്നു. ജയത്തോടെ പോയിന്റു പട്ടികയിലും കൊൽക്കത്ത ഒന്നാമതെത്തി. അഞ്ചു കളികളിൽ നിന്നു മൂന്നു ജയവും രണ്ടു തോൽവിയുമാണ് കൊൽക്കത്തയുടെ പെട്ടിയിലുള്ളത്. ബുധനാഴ്ചത്തെ തോൽവിയോടെ രാജസ്ഥാൻ രണ്ടു ജയവും രണ്ടു തോൽ‌വിയുമെന്ന നിലയിലാണ്. 

എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചൊതുക്കി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെതിരെ പിയുഷ് ചൗള, കുൽദീപ് യാദവ്, സുനിൽ നരെയ്ൻ, നിതീഷ് റാണ എന്നീ സ്പിന്നര്‍മാരെയും ശിവം മാവി, ടോം കുറാൻ  എന്നീ പേസർമാരെയുമാണ് കൊൽക്കത്ത ആയുധങ്ങളാക്കിയത്. ഓപ്പണറായെത്തിയ രാജസ്ഥാൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കടന്നാക്രമണത്തിൽ തുടക്കത്തിൽ പതറിയെങ്കിലും, പിന്നീട് കൊൽക്കത്ത തിരിച്ചുവന്നു.

കുൽദീപ് യാദവ് തുടങ്ങിവച്ച വിക്കറ്റ് വേട്ട മറ്റുള്ളവരും ഏറ്റെടുത്തു. സ്പിന്നർമാര്‍ നാലും മറ്റുള്ളവർ മൂന്നും രാജസ്ഥാൻ വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ എത്തിപ്പിടിക്കാവുന്ന സ്കോറിലേക്കു രാജസ്ഥാനെ അവർ തളയ്ക്കുകയും ചെയ്തു.  കൊൽക്കത്തയ്ക്കു വേണ്ടി നിതീഷ് റാണ, ടോം കുറാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ശിവം മാവി, കുൽദീപ് യാദവ്, പിയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

തിളങ്ങാതെ സഞ്ജു; തിളക്കത്തിലേക്ക് ഷോർട്ട്

സീസണിലാദ്യമായി മലയാളി താരം സഞ്ജു സാംസന്റെ ബാറ്റ് നിശബ്ദമായപ്പോൾ, രാജസ്ഥാന്‍ സ്കോറിനു കരുത്തു പകർന്നത് ഓപ്പണർമാരായ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും ഡാർസി ഷോർട്ടിന്റെയും ബാറ്റിങ്ങാണ്. 19 പന്തുകള്‍‌ നേരിട്ട രഹാനെ 36 റൺസെടുത്തു. 43 പന്തിൽ 44 റൺസെടുത്ത് ഡാർസിയും ടീമിന് തന്നിലുള്ള വിശ്വാസം നിലനിർത്തി. നാല്, ആറ്, 11 എന്നിങ്ങനെയായിരുന്നു ഡാർസിയുടെ ആദ്യ മൂന്നു മൽസരങ്ങളിലെ സ്കോറുകൾ. സമ്മർദ്ദമില്ലാതെ ബാറ്റു വീശിയ രഹാനെയാകട്ടെ പതിവുപോലെ ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവച്ചു. 

മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാനാകാതെ പോയതാണു രാജസ്ഥാനു തിരിച്ചടിയായത്. 54-ാം റണ്‍സിലാണു അവരുടെ ആദ്യ വിക്കറ്റു വീഴുന്നത്. എന്നാല്‍ ഓപ്പണർമാരല്ലാതെ മറ്റാരും രാജസ്ഥാനു വേണ്ടി കാര്യമായ പ്രകടനം നടത്തിയില്ല. എട്ടു പന്തിൽ ഏഴു റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി.

രാഹുൽ ത്രിപാഠി (11 പന്തിൽ‌ 15), ബെൻ സ്റ്റോക്സ് (11 പന്തിൽ 14), കൃഷ്ണപ്പ ഗൗതം ( ഏഴു പന്തിൽ 12 ), ശ്രേയസ് ഗോപാൽ ( പൂജ്യം), ധവാൽ കുൽക്കർണി (മൂന്ന്) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. ജോസ് ബട്‍ലർ (18 പന്തിൽ 24), ജയ്ദേവ് ഉനദ്ഘട്ട് (പൂജ്യം) എന്നിവർ കൊൽക്കത്തയ്ക്കെതിരെ പുറത്താകാതെ നിന്നു.

ആത്യാവേശം കൂടാതെ മൂന്നാം ജയത്തിലേക്ക്

താരതമ്യേന അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊൽക്കത്ത ആവേശമൊട്ടു കാട്ടാതെയാണ് ബാറ്റിങ് തുടങ്ങിയത്. തുടർ ബൗണ്ടറികൾ‌ സൃഷ്ടിക്കാതെ തരംകിട്ടുമ്പോൾ മാത്രം റൺസ് കണ്ടെത്തുകയെന്ന സിംപിൾ തന്ത്രമായിരുന്നു ക്യാപ്റ്റന്‍ കാർത്തിക് കൊൽക്കത്ത ബാറ്റ്സ്മാൻമാര്‍ക്കു പറഞ്ഞു കൊടുത്തത്. 

മൂന്നാം പന്തിൽ തന്നെ അപകടകാരിയായ ക്രിസ് ലിന്നിനെ വീഴ്ത്തി രാജസ്ഥാന്‍ മികച്ച തുടക്കമിട്ടതാണ്. പക്ഷേ, പിന്നീട് കളി കൊൽക്കത്ത പിടിച്ചെടുത്തു. സുനിൽ നരെയ്നെ കൂട്ടുപിടിച്ച് റോബിൻ ഉത്തപ്പ നടത്തിയ രക്ഷാപ്രവർത്തനം ലക്ഷ്യം കണ്ടു. 36 പന്തുകളിൽ നിന്ന് 48 റൺസെടുത്താണ് റോബിൻ ഉത്തപ്പ പുറത്തായത്. നരെയ്ന്‍ 25 പന്തിൽ  35 റൺസും സ്വന്തമാക്കി. 70-ാം റൺസിലാണ് കൊൽക്കത്തയുടെ രണ്ടാം വിക്കറ്റ് രാജസ്ഥാനു വീഴ്ത്താനായത്. നിതീഷ് റാണ (27 പന്തില്‍ 35) , ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് (23 പന്തിൽ 42 ) എന്നിവർ നിലയുറപ്പിച്ചതോടെ ജയവും കൊൽക്കത്തയ്ക്കു സ്വന്തമായി.

ഉനദ്ഘടിന്റെ 11.5 കോടി ???

രണ്ടു വിക്കറ്റു വീഴ്ത്തിയ കർണാടക താരം കൃഷ്ണപ്പ ഗൗതമിനു മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട ബോളിങ് പ്രകടനം നടത്താനായത്. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയാണ് ഗൗതമിന്റെ രണ്ടു വിക്കറ്റ് പ്രകടനം. മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങിയ ശ്രേയസ് ഗോപാലും അത്രതന്ന ഓവറിൽ 25 റൺസ് വഴങ്ങിയ ബെൻ സ്റ്റോക്സും വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞു.

കോടികളെറിഞ്ഞ് രാജസ്ഥാൻ സ്വന്തമാക്കിയ ഇന്ത്യൻ യുവതാരം ജയ്ദേവ് ഉനദ്ഘടിന്റെ കാര്യമാണ് കഷ്ടം. മൽസരം നാലു പിന്നിടുമ്പോഴും തന്നെ ടീമിലെടുത്തത് എന്തിനെന്നു വ്യക്തമായ ധാരണയില്ലാത്ത രീതിയിലാണ് ഉനദ്ഘടിന്റെ ഏറ്. ഇന്നലെ മൂന്ന് ഓവറിൽ 34 റണ്‍സാണ് ഉനദ്ഘട് വഴങ്ങിയത്. രാജസ്ഥാൻ നിരയിൽ ഏറ്റവും കൂടുതൽ തല്ലുകൊണ്ടതും ഉനദ്ഘട് തന്നെ. താരലേലത്തിൽ 11.5 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കിയ താരമാണ് ഉനദ്ഘടെന്ന് ഓർക്കണം. ബെൻ ലാഫ്‍ലിൻ 3.5 ഓവരിൽ 37 റൺസ് വഴങ്ങിയപ്പോൾ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയ ധവാൽ കുൽക്കർണിയും ‘മോശമാക്കിയില്ല’.

related stories