Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായികതാരങ്ങളുടെ നിയമനം വർധിപ്പിക്കും: കായികമന്ത്രി

A.C. Moideen എ.സി. മൊയ്തീൻ

കോഴിക്കോട് ∙ കായികതാരങ്ങൾക്കുള്ള തൊഴിൽ നിയമനം 50 എന്നതിൽനിന്നു വർഷംതോറും 150 എന്ന നിലയിലേക്കു വർധിപ്പിക്കാൻ ആലോചനയെന്നു മന്ത്രി എ.സി.മൊയ്തീൻ. സംസ്ഥാന കോളജ് ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2010 മുതൽ മുടങ്ങിക്കിടക്കുന്ന സ്പോർട്സ് ക്വോട്ട നിയമനങ്ങൾ പരിശോധിച്ചു വേഗം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ താരങ്ങൾക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകും. കായികതാരങ്ങൾക്ക് ആജീവനാന്ത ഇൻഷുറൻസും പെൻഷനും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിലും പ്രഖ്യാപിച്ച സ്റ്റേഡിയങ്ങൾക്കു ഭരണാനുമതി നൽകിക്കഴിഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി ഇവയുടെ നിർമാണം ഉടൻ ആരംഭിക്കും. ദേശീയ ഗെയിംസിന്റെ ഭാഗമായും അല്ലാതെയും നിർമിച്ച പുതിയ സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനു പ്രത്യേക കമ്പനി രൂപീകരിക്കും. കുട്ടികൾ മുതൽ മുതിർന്ന പൗരൻമാർക്കുവരെ കായികക്ഷമത വർധിപ്പിക്കാൻ ആരോഗ്യവകുപ്പുമായി ചേർന്നു സമ്പൂർണ കായികക്ഷമതാ പദ്ധതി വിപുലീകരിക്കും. കോളജ് ഗെയിംസിൽ റെക്കോർഡ് നേടുന്നവർക്ക് ഇത്തവണമുതൽ പ്രൈസ്മണിയോടൊപ്പം 1000 രൂപ അധികം നൽകുമെന്നും മന്ത്രി അറിയിച്ചു.