യുഎസ് ഓപ്പൺ: ഫെഡറർ, നദാൽ മൂന്നാം റൗണ്ടിൽ

രണ്ടാം റൗണ്ടിൽ ജയിച്ച നദാലിന്റെ ആഹ്ലാദം.

ന്യൂയോർക്ക് ∙ അനായാസജയത്തിനു കാത്തുനിന്ന ആരാധകർക്കു നടുവിൽ ഫെഡറർ വീണ്ടും അധ്വാനിച്ചു ജയിച്ചു. അഞ്ചു ‌സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ റഷ്യയുടെ മിഖായേൽ യൂഷിനിയെ മറികടന്ന് വിമ്പിൾഡൻ ചാംപ്യൻ റോജർ ഫെഡറർ യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ (1-6, 7-6, 4-6, 6-4, 6-2). ജപ്പാന്റെ തരോ ഡാനിയേലിനെ, ലോക ഒന്നാംനമ്പർ താരം റാഫേ നദാൽ മറികടന്നതും പാടുപെട്ടായിരുന്നു (4-6, 6-3, 6-2, 6-2). അതിനിടെ അൻപത്തിമൂന്നാം നമ്പർ താരം ആന്ദ്രേ റുബ്‍ലേവിനോടു തോറ്റ് ഏഴാം സീഡ് ഗ്രിഗർ ദിമിത്രോവ് പുറത്തായി. ‌പതിനഞ്ചാം സീഡ് തോമസ് ബെർഡിച്ചും രണ്ടാം റൗണ്ടിൽ തോറ്റു. 

ആദ്യ റൗണ്ടിൽ തോൽവി മുന്നിൽ കണ്ടതിനുശേഷം തിരിച്ചെത്തിയ റോജർ ഫെഡറർ ഇന്നലെയും പഴയകാല പ്രകടനത്തിന്റെ നിഴൽ മാത്രമായിരുന്നു. ഒരു മേജർ ടൂർണമെന്റിലെ ആദ്യ രണ്ടു റൗണ്ട് മൽസരങ്ങളിൽ ഫെഡറർ അഞ്ചു സെറ്റ് മൽസരിക്കുന്നത് ഇതാദ്യമാണ്. യൂഷിനിക്കെതിരെ മുൻപു പതിനാറു മൽസരങ്ങളിലും ജയിച്ചുകയറിയ ഫെഡറർ ഇന്നലെ ആത്മവിശ്വാസം കളത്തിൽ കാട്ടിയില്ല. ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ ജൂലൈയിൽ വിമ്പിൾഡൻ കിരീടമുയർത്തിയ താരം യുഎസ് ഓപ്പണിൽ ഇതിനകം നാലു സെറ്റുകൾ നഷ്ടമാക്കിക്കഴിഞ്ഞു. പരുക്കിന്റെ പിടിവിട്ടെത്തിയ ഫെഡററെ പരിശീലനക്കുറവ് അലട്ടുന്നുണ്ടെന്നു തെളിയിക്കുന്നതായിരുന്നു കളത്തിലെ ഓരോ നീക്കവും.

121–ാം റാങ്കുകാരനായ ജപ്പാൻ താരത്തെ മറികടക്കാൻ രണ്ടു മണിക്കൂറും 53 മിനിറ്റും വേണ്ടിവന്നു നദാലിന്. ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനുശേഷം തിരിച്ചടിച്ച നദാൽ പിന്നീട് എതിരാളിക്ക് ഒരു ഘട്ടത്തിലും മുൻതൂക്കം നൽകിയില്ല. അർജന്റീനയുടെ ലിയനാർ‍ഡോ മേയറാണ് അടുത്ത റൗണ്ടിൽ നദാലിന്റെ എതിരാളി. 

അതേസമയം, യുഎസ് ഓപ്പൺ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സാനിയ മിർസ, രോഹൻ ബൊപ്പണ്ണ സഖ്യങ്ങൾ രണ്ടാം റൗണ്ടിലെത്തി. പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണ – പാബ്ലോ ഖുവേസ് സഖ്യം അമേരിക്കയുടെ ബ്രാഡ്‌ലി ലാന്‍ – സ്കോട്ട് ലിപ്സ്കി സഖ്യത്തെയാണു തോൽപിച്ചത് (1-6, 6-3, 6-4). സാനിയ – ഷുവായ് പെങ് സഖ്യം ക്രൊയേഷ്യയുടെ പെട്രാ മാര്‍ടിക് – ഡോണ വെക്ടിക് സഖ്യത്തെ മറികടന്നു (6–4, 6–1).