കെവിൻ ആൻഡേഴ്സണെ വീഴ്ത്തി; യുഎസ് ഓപ്പൺ റാഫേൽ നദാലിന്

ന്യൂയോർക്ക് ∙ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ തകർത്തുവിട്ട് സ്പാനിഷ് താരം റാഫേൽ നദാലിനു യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം (6–3, 6–3, 6–4). നദാലിന്റെ മൂന്നാം യുഎസ് ഓപ്പൺ കിരീടമാണിത്. 2010, 2013 വർഷങ്ങളിൽ നദാൽ യുഎസ് ഓപ്പൺ കിരീടം ചൂടിയിരുന്നു. 16–ാം ഗ്രാൻഡ്‌സ്ലാം കിരീടം നേടിയ നദാലിനു മുന്നിൽ ഇനി 19 കിരീടങ്ങൾ നേടിയ റോജർ ഫെഡറർ മാത്രമാണുള്ളത്.

തന്റെ 34–ാം ഗ്രാൻഡ്സ്ലാം ചാംപ്യൻഷിപ്പിൽ ആദ്യമായി ഫൈനലിലെത്തിയ ആൻഡേഴ്സണു നദാലിന്റെ പരിചയസമ്പത്തിനും കരുത്തിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടര മണിക്കൂർ നീണ്ട മൽസരത്തിനിടെ 40 അപ്രേരിത പിഴവുകളാണ് ആൻഡേഴ്സൺ വരുത്തിയത്. ഒരൊറ്റ ബ്രേക്ക് പോയിന്റ് പോലും നേടാനുമായില്ല. ആദ്യ സെറ്റിൽ കണക്കിലും കളിയിലും മുന്നിലെത്തിയ ആധിപത്യ പ്രകടനമാണു നദാൽ കാഴ്ചവച്ചത്. 4–3നു മുന്നിലെത്തിയശേഷം പിന്നീട് ആൻഡേഴ്സണിന് ഒരു പോയിന്റ് പോലും വിട്ടുനൽകാതെ നദാൽ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും നദാലിന്റെ ആധിപത്യം തുടർന്നു. 4–2 എന്ന നിലയിൽ ബ്രേക്ക് ചെയ്ത നദാൽ മൂന്നു വിജയകരമായ വോളികളിലൂടെ മുന്നേറി. മൽസരം കൈവിട്ടു എന്നു മനസ്സിലായതോടെ മനസ്സാന്നിധ്യം നഷ്ടപ്പെട്ട ആൻഡേഴ്സണു ടൈം വയലേഷനും ലഭിച്ചു. കരുത്തുറ്റ ഒരു ക്രോസ്കോർട്ട് ഫോർഹാൻഡ് വിന്നറിലൂടെ നദാൽ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിന്റെ ആദ്യ ഗെയിമിലും നദാൽ ആൻഡേഴ്സണെ ബ്രേക്ക് ചെയ്തു. ഫൈനലിൽ ആൻഡേഴ്സണിന്റെ നാലാം സർവ് നഷ്ടമായിരുന്നു അത്. ഫൈനലിനു മുൻപു ടൂർണമെന്റിലാകെ അഞ്ചുവട്ടം മാത്രമാണ് ആൻഡേഴ്സണു സർവ് നഷ്ടമായിരുന്നത്. അഞ്ചാം ഗെയിമിൽ വലതു കൈവിരലിൽനിന്നു രക്തമൊലിച്ചതിനെത്തുടർന്ന് ആൻഡേഴ്സണു വൈദ്യസഹായം തേടേണ്ടിയും വന്നു. ഒരുതവണ മാച്ച് പോയിന്റിൽനിന്നു രക്ഷപ്പെട്ടെങ്കിലും പിന്നാലെ ബാക്ക്ഹാൻ‍ഡ് വോളിയിൽ നദാൽ കളി തീർത്തു.

ഒരു സീസണിൽ ഇതു നാലാം തവണയാണ് നദാൽ രണ്ടു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടുന്നത്. ഈ വർഷം ഫ്രഞ്ച് ഓപ്പണും നദാൽ നേടിയിരുന്നു.

റോജർ ഫെഡറർ മുന്നിൽ

ടെന്നിസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ചൂടിയ പുരുഷതാരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററാണ്–19 എണ്ണം. 16 കിരീടങ്ങളുമായി റാഫേൽ നദാൽ തൊട്ടുപിന്നാലെയുണ്ട്. എന്നാൽ വനിതാ വിഭാഗത്തിൽ ഇവരെക്കാൾ കിരീടങ്ങളുള്ള മൂന്നു പേരുണ്ട്. ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ട് (24), അമേരിക്കയുടെ സെറീന വില്യംസ് (23), ജർമനിയുടെ സ്റ്റെഫി ഗ്രാഫ് (22) എന്നിവരാണവർ.