Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിമിത്രോവ് പുറത്ത്; ജോക്കോവിച്ച് മുന്നോട്ട്

tennis representational image മൽസരത്തിനിടെ ജോക്കോവിച്ചിന്റെ പ്രതികരണം.

പാരിസ് ∙ നാലാം സീഡ് ഗ്രിഗോർ ദിമിത്രോവിന്റെ ഫ്രഞ്ച് ഓപ്പൺ സ്വപ്നങ്ങൾക്ക് മൂന്നാം റൗണ്ടിൽ അന്ത്യം. സ്പെയിനിന്റെ ഫെർണാണ്ടോ വെർദാസ്കോ 7–6(4), 6–2, 6–4ന് ദിമിത്രോവിനെ തോൽപിച്ച് പ്രീ–ക്വാർട്ടറിൽ ഇടംപിടിച്ചു. മുൻപ് ആറു തവണ വെർദാസ്കോ പ്രീ–ക്വാർട്ടറിൽ എത്തിയിട്ടുണ്ടെങ്കിലും അതിനപ്പുറം മുന്നേറാനായിട്ടില്ല. രണ്ടാം സീഡ് അലക്സാണ്ടർ സ്വെരേവ് അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ബോസ്നിയയുടെ ഡാമിർ സുംഹറിനെ കീഴടക്കി പ്രീ– ‌ക്വാർട്ടറിലെത്തി (6–2, 3–6, 4–6, 7–6(3), 7–5). മികച്ച ഫോം കണ്ടെത്താൻ വിഷമിക്കുന്ന മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് നാലു സീറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ സ്പെയിന്റെ റോബർട്ടോ ബറ്റിസ്റ്റ്യൂട്ടയെ കീഴടക്കി (6–1, 6–7(6), 6–6(4), 6–2). കളിക്കിടെ പലതവണ പ്രകോപിതനായ ജോക്കോ റാക്കറ്റ് തല്ലിയൊടിച്ചു. വെർദാസ്കോയാണ് പ്രീ–ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ പതിമൂന്നാം സീഡ് മാഡിസൺ കീ 6–1, 7–6(7)ന് ജപ്പാന്റെ നവോമി ഒസാകയെ കീഴടക്കി പ്രീ–ക്വാർട്ടറിലെത്തി. നാലാം സീഡ് യുക്രെയ്ന്റെ എലീന സ്വിതോലിന 3–6, 5–7ന് റുമേനിയയുടെ മിഹേല ബുസാൻസ്കുവിനോടു തോറ്റു പുറത്തായി. മാഡിസൺ കീയാ ബുസാൻസ്കുവിന്റെ അടുത്ത എതിരാളി. റഷ്യയുടെ ഡാരിയ കസറ്റ്കിന ഗ്രീസിന്റെ മരിയ സക്കാറിയെ മറികടന്ന് അവസാന പതിനാറിൽ ഇടംപിടിച്ചു (6–1, 1–6, 6–3). ഫ്രാൻസിന്റെ പൗളിൻ പാമന്റീറിനെ 0–6, 3–6ന് തകർത്ത മുൻ ലോക ഒന്നാം നമ്പർ താരം കാരൊളിൻ വൊസ്നിയാക്കിയാണ് കസ്റ്റ്കിനയുടെ പ്രീ–ക്വാർട്ടർ എതിരാളി.

ഇന്ത്യൻ താരങ്ങളായ യുകി ഭാംബ്രി, ഡിവിജ് സരൺ, രോഹൻ ബൊപ്പണ്ണ എന്നിവർ പുറത്തായി. യുകി–സരൺ സഖ്യം പുരുഷ ഡബിൾസ് രണ്ടാം റൗണ്ടിൽ ഒലിവർ മറാക്– മേറ്റ് പാവിക് സഖ്യത്തോടു തോറ്റു. യുകി സിംഗിൾസിൽ നേരത്തെ തോറ്റിരുന്നു. മിക്സഡ് ഡബിൾസിൽ ബൊപ്പണ്ണ – ടിമിയ ബബോസ് സഖ്യം ജോൺ പീർസ് – ഷുവായ് ഷാങ് സഖ്യത്തോടു തോറ്റു. കഴിഞ്ഞ വർഷം ബൊപ്പണ്ണ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്കിക്കൊപ്പം ഇവിടെ കിരീടം നേടിയിരുന്നു.