യുഎസ് ഓപ്പൺ ടെന്നിസ്: ഫെഡററും ഷറപ്പോവയും പുറത്ത്

ഫെഡററെ തോൽപിച്ച ഓസ്ട്രേലിയയുടെ ജോൺ മിൽമാന്റെ ആഹ്ലാദം. 2. മൽസരശേഷം കാർല സുവാരെസിനെ (ഇടത്) അഭിനന്ദിക്കുന്ന മരിയ ഷറപ്പോവ.

ന്യൂയോർക്ക് ∙ യുഎസ് ഓപ്പണിലെ ‘കറുത്ത’ രാത്രിയിൽ ടെന്നിസിലെ രണ്ടു സുവർണ താരകങ്ങൾ നിലംപൊത്തി. അഞ്ചു വട്ടം യുഎസ് ഓപ്പൺ നേടിയ സ്വിസ് താരം റോജർ ഫെഡറർ, 2006ലെ കിരീട ജേതാവ് റഷ്യയുടെ മരിയ ഷറപ്പോവ എന്നിവർക്കാണ് പ്രീക്വർട്ടറിൽ അടിതെറ്റിയത്. അതേ സമയം സെർബിയയുടെ നൊവാക് ജോക്കോവിച്ച്, ക്രൊയേഷ്യയുടെ മാരിൻ സിലിച്ച് തുടങ്ങിയവർ ക്വാർട്ടറിലെത്തി. 

ഓസ്ട്രേലിയയുടെ 55–ാം റാങ്കുകാരൻ ജോൺ മിൽമാൻ 3–6, 7–5, 7–6, 7–6നാണു ഫെഡററെ വീഴ്ത്തിയത്. മൽസരത്തിൽ 77 അപ്രേരിത പിഴവുകളും 10 ഡബിൾ ഫോൾട്ടുകളുമാണു ലോക രണ്ടാം റാങ്കുകാരനായ ഫെഡറർ വരുത്തിയത്. 

മരിയ ഷറപ്പോവയെ 6–4, 6–3നു കീഴടക്കിയാണു സ്പെയിനിന്റെ കാർല സുവാരെസ് നവാരൊ മുപ്പതാം പിറന്നാൾ ദിനം ആഘോഷമാക്കിയത്. ഡീഡില്ലാ താരം ജാവോ സോസെയെ 6–3, 6–4, 6–3നു ജോക്കോവിച്ച് തോൽപ്പിച്ചു. ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനെതിരെ 7–6, 6–2, 6–4നു സിലിച്ച് ജയിച്ചു.