Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മതി’ അഥവാ ലളിതം

subhadinam

ഗുരു ദിവസവും രാവിലെ മാർക്കറ്റിൽ പോകും. ഓരോ കടയിലും കയറി, എന്തൊക്കെ പുതിയ സാധനങ്ങൾ വന്നിട്ടുണ്ടെന്ന് അന്വേഷിക്കും. ഓരോന്നും എടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വയ്‌ക്കും. പതിവായപ്പോൾ കടക്കാർക്കെല്ലാം അദ്ദേഹമൊരു ശല്യമായി. എങ്കിലും, അദ്ദേഹം ഈ പ്രവൃത്തി തുടർന്നു. മരണാസന്നനായി കിടക്കുമ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോടു ചോദിച്ചു. ഒരു സാധനവും ആവശ്യമില്ലാത്ത താങ്കൾ എന്തിനാണു കടകളിൽ പോയി പുതിയ വസ്തുക്കൾ അന്വേഷിച്ചുകൊണ്ടിരുന്നത്. ഗുരു പറഞ്ഞു: ഓരോ ദിവസവും എനിക്ക് ആവശ്യമില്ലാത്ത എന്തൊക്കെ സാധനങ്ങളാണു കമ്പോളത്തിൽ വന്നിരിക്കുന്നതെന്ന് എനിക്കറിയണം. 

ലളിതമായി ജീവിക്കുക എന്നതു ലളിതമായ കാര്യമല്ല. ആഡംബരത്തിനു മുന്നിൽ കീഴടങ്ങുന്നവയാണു പല ജീവിതങ്ങളും; അളവിലും വ്യാപ്‌തിയിലും വ്യത്യാസമുണ്ടെങ്കിലും. ആഗ്രഹങ്ങളുടെ പൂർത്തീകരണം മാത്രമല്ല ജീവിതം; അനാവശ്യങ്ങളോടുള്ള വിടപറയൽ കൂടിയാണ്. ഓരോ സാധനവും വാങ്ങുമ്പോഴും ഉണ്ടാക്കുമ്പോഴും എനിക്കിത് ആവശ്യമുണ്ടോ, ഇതില്ലെങ്കിൽ എന്തു സംഭവിക്കും എന്നു ചോദിച്ചാൽ മിക്ക വ്യവഹാരങ്ങളും അവസാനിക്കും. ആവശ്യങ്ങൾ ഒന്നാണെങ്കിലും ആഗ്രഹങ്ങൾ പലർക്കും പലതാണ്. സഞ്ചരിക്കാനുള്ള വാഹനം ഒരാവശ്യമായിരിക്കാം; ആഡംബരവാഹനം എന്നത് ഒരാഗ്രഹവും. ആഗ്രങ്ങൾ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ ആർത്തിയാകും. 

‘മതി’ എന്ന പദമാകാം, ‘ലളിതം’ എന്നതിന് ഏറ്റവും യോജ്യമായ പര്യായപദം. വയറുനിറയുമ്പോൾ മാത്രമാകും ഒരാൾ താൽക്കാലികമായെങ്കിലും മതി എന്നു പറയാൻ സാധ്യത. മറ്റെന്തിനോടെങ്കിലും, അത് സമ്പത്തായാലും വിഭവങ്ങളായാലും സുഖസൗകര്യങ്ങളായാലും ആരെങ്കിലും മതി എന്നു പറയാറുണ്ടോ? അലമാരകളിൽ ഒന്നു സൂക്ഷ്‌മമായി നോക്കിയാൽ ആവശ്യമില്ലാത്തവയുടെ ആധിക്യം കാണാം. വേണ്ട കാര്യങ്ങളെ ആവശ്യത്തിനു മാത്രം ഉപയോഗിക്കുമ്പോഴാണ് എല്ലാവർക്കും എല്ലാം ലഭ്യമാകുന്നത്. 

വരുമാനവും സമ്പാദ്യവും ഉയർന്നു എന്നതുകൊണ്ട് ആരുടെയും ചിന്തയുടെയോ മനോഭാവത്തിന്റെയോ നിലവാരം ഉയരില്ല. ജീവിത നിലവാരം ഉയർന്നു എന്നു പറയുന്നതു സഞ്ചരിക്കുന്ന വാഹനവും ധരിക്കുന്ന വസ്‌ത്രവും കഴിക്കുന്ന ഭക്ഷണവും മുന്തിയവ ആകുമ്പോഴാണോ? അപ്രതീക്ഷിതമായ അധിക സമ്പാദ്യംപോലും ആരെയും സംതൃപ്‌തരാക്കില്ല. അതിനുമപ്പുറത്തേക്കുള്ള പ്രലോഭനം മാത്രമാകും അവ ഒരുക്കുക. ഒരാളുടെ പ്രദർശനവസ്തുക്കൾ അയാളെക്കുറിച്ച് എല്ലാം പറയും; പണനിലവാരം മാത്രമല്ല, ഗുണനിലവാരവും. തിരഞ്ഞെടുത്തവയെക്കാൾ, വേണ്ടെന്നുവച്ചവയുടെ പട്ടികയാവും സ്വഭാവവൈശിഷ്‌ട്യത്തിന്റെ മാറ്റ് നിർണയിക്കുന്നത്. ആവശ്യമില്ലാത്തവയെ വിവേചിച്ചറിയാൻ കഴിയുന്നവന് ആർഭാടങ്ങളിൽ കണ്ണു മഞ്ഞളിക്കില്ല. ഉൽപന്നങ്ങൾ ആവശ്യങ്ങളെ രൂപപ്പെടുത്താതെ, ആവശ്യങ്ങൾ ഉൽപന്നങ്ങളെ രൂപപ്പെടുത്തണം.