Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതും ‘വലുതാണ് ’

subhadinam-pic

ധ്യാനപരിശീലനം നടക്കുന്നു. ഗുരു ശിഷ്യനോട് പാത്രം മുഴുവൻ കല്ലുകൾ നിറയ്‌ക്കാൻ ആവശ്യപ്പെട്ടു. പണിതീർത്ത് അടുത്തെത്തിയ ശിഷ്യനോടു ചോദിച്ചു. അതിനകത്ത് ഇനി ഒന്നും കൊള്ളില്ലേ? ഇല്ല, ശിഷ്യൻ പറഞ്ഞു. ഗുരു കൈനിറയെ മഞ്ചാടിക്കുരു കൊടുത്തിട്ടു പറഞ്ഞു: ഇതു നിറയ്‌ക്കൂ. ശിഷ്യൻ മഞ്ചാടിക്കുരു ഇട്ടതിനുശേഷം വന്നുപറഞ്ഞു: ഇപ്പോൾ മുഴുവനും നിറഞ്ഞു. ഗുരു കുറേ മൺതരികൾ വാരിക്കൊടുത്തിട്ടു പറഞ്ഞു. ഇതു കൊണ്ടുപോയി നിക്ഷേപിക്കൂ. 

അതും ചെയ്‌തശേഷം ശിഷ്യൻ പറഞ്ഞു. ഗുരോ ഇനി അതിൽ ഒന്നും കൊള്ളില്ല. ഗുരു ഗ്ലാസിൽ കുറച്ചു വെള്ളം കൊടുത്തുവിട്ടു. അതും പൂർണമായി ഒഴിച്ച് അന്തിച്ചുനിൽക്കുന്ന ശിഷ്യനോടു ഗുരു പറഞ്ഞു: ഇനി പോയി സ്വയം ധ്യാനിക്കൂ. 

എന്തിനെയും ഉൾക്കൊള്ളാനും കൂടുതൽ മിഴിവോടെ സ്വീകരിക്കാനുമുള്ള സാധ്യതയും സന്നദ്ധതയുമാണ് ഏവരുടെയും ജീവിതത്തെ സംഭവബഹുലവും സാർഥകവുമാക്കുന്നത്. സ്ഥിരം പ്രവർത്തനങ്ങളും സൗഹൃദങ്ങളും ശൈലികളും രൂപപ്പെടുത്തി, പുതിയ ഒന്നിനെയും സ്വീകരിക്കാനാവാത്തവിധം മനസ്സു പാകപ്പെടുത്തുന്നതിൽ മനഃസുഖത്തിന്റെ മനഃശാസ്‌ത്രം ഒളിഞ്ഞിരിപ്പുണ്ട്. ‌

ചെറുതിനു മാത്രം നിറയ്‌ക്കാനാവുന്ന ചില വിടവുകളുണ്ട്. വലുതുകൾ തമ്മിലുള്ള കൂടിച്ചേരലുകൾക്കിടയിൽ അവർപോലും അറിയാതെ രൂപപ്പെടുന്ന ചില അകലങ്ങളുണ്ട്. കെട്ടിപ്പൊക്കിയ ഓരോ സൗധത്തിന്റെയും വിടവുകൾക്കിടയിലിരിക്കുന്ന മണൽത്തരികൾക്കും ചില കഥകൾ പറയാനുണ്ട്; ബലപ്പെടുത്തിയതിന്റെയും ഊർജം പകർന്നതിന്റെയും. അവഗണിക്കപ്പെടുന്ന ചെറിയ വിള്ളലുകളാണ് എല്ലാ പിളർപ്പിന്റെയും ആരംഭം. ചെറിയ അന്തരങ്ങളോട് അനുരൂപപ്പെടാൻ കഴിയാത്തതുകൊണ്ടു സംഭവിക്കുന്നതാണ് പിന്നീടുള്ള സ്‌ഫോടനങ്ങൾ മുഴുവനും. 

മണൽത്തരികൾക്കു പകരം നിൽക്കാൻ വെള്ളാരംകല്ലിനാകില്ല; വെള്ളാരംകല്ലിന്റെ ദൗത്യം നിറവേറ്റാൻ കരിങ്കൽക്കൂട്ടത്തിനും കഴിയില്ല. ഒന്നു ചെറുതായാൽ, താഴ്‌ന്ന് ഒഴുകാൻ ശീലിച്ചാൽ തനതുസ്ഥാനങ്ങൾ കണ്ടെത്താനാകും.അവഗണിച്ചുനിർത്തുന്ന

പലരും ഒഴിവാക്കാനാകാത്ത ദൗത്യങ്ങളിലൂടെ അദ്ഭുതപ്പെടുത്തും. ഓരോ ജീവിതവും ഓരോ നിയോഗമാണ്. അതിനെ വലുപ്പച്ചെറുപ്പത്തിന്റയോ ഏറ്റക്കുറച്ചിലുകളുടെയോ ഏകകം കൊണ്ട് അളന്നെടുക്കരുത്.