Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചടങ്ങാകരുത് സൽക്കർമം

subhadianam-story

അപരിചിതമായ ഉൾഗ്രാമത്തിൽ രാത്രിയിൽ എത്തിച്ചേർന്ന യാത്രികൻ ഒരു സന്യാസിയുടെ വാതിലിൽ മുട്ടി. അൽപം വൈകിയാണെങ്കിലും ഇറങ്ങിവന്ന സന്യാസിയോട് തനിക്ക് ഇന്നു രാത്രി അഭയം നൽകണമെന്ന് അഭ്യർഥിച്ചു. സന്യാസി അദ്ദേഹത്തെ അകത്തുവിളിച്ച് കിടക്ക വിരിച്ചു. ഭക്ഷണമൊരുക്കി കൂട്ടിരുന്നു. പ്രാതലും നൽകിയാണ് രാവിലെ അയച്ചത്. കവലയിൽ എത്തിയ അയാളോട് ആളുകൾ ചോദിച്ചു. 

‘നിങ്ങൾ എവിടെയാണ് ഇന്നലെ അന്തിയുറങ്ങിയത്?’

 ‘സന്യാസിയുടെ വീട്ടിൽ’. 

‘എന്നിട്ടും ആ വീട്ടിൽ നടന്ന മരണം നിങ്ങൾ അറിഞ്ഞില്ലേ? സന്യാസിയുടെ സഹോദരങ്ങൾ ഇന്നലെ മരിച്ചു. മരണവീട്ടിൽ ഒന്നും പാകം ചെയ്യില്ല. അപരിചിതർക്കു രാത്രി പ്രവേശനമില്ല’.

അയാൾ തിരിച്ചെത്തി സന്യാസിയുടെ കാലിൽ വീണു.

സമയവും സൗകര്യവുമുള്ളപ്പോൾ മാത്രം ചെയ്യുന്ന പ്രവൃത്തികളൊന്നും സൽക്കർമങ്ങളല്ല. അവ വെറും സൽപേര് നിലനിർത്തൽ ചടങ്ങു മാത്രമാണ്. സഹായിക്കുന്നവന്റെ സാഹചര്യങ്ങളല്ല സഹായിക്കപ്പെടേണ്ടവന്റെ നിവൃത്തികേടാണ് പ്രധാനം. എല്ലാ അനുകൂല ഘടകങ്ങളും ഒത്തുവന്നതിനുശേഷം ആർക്കും ആരെയും സംരക്ഷിക്കാനാകില്ല. ഇടപെടലുകൾ സ്ഥാനത്തും സമയത്തും നടത്തണം. അല്ലാത്തതെല്ലാം ആളാവാനുള്ള കാപട്യം മാത്രം. കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നവരുണ്ട്. മറ്റുള്ളവരെല്ലാം ചെയ്‌തിട്ടും ചെയ്യാതിരുന്നാൽ മോശമാകുമെന്നു കരുതി ചെയ്യുന്നവരുമുണ്ട്.

മിച്ചമുള്ളപ്പോൾ കൊടുക്കുന്നത് മനുഷ്യത്വം. ഒന്നുമില്ലാത്തപ്പോൾ എല്ലാം ഉണ്ടാക്കി നൽകുന്നത് ദൈവികം. സ്വയം വിശക്കാതെ, വേദനിക്കാതെയുള്ള ധർമപ്രവൃത്തികളാണ് എല്ലാവർക്കും ഇഷ്‌ടം.