Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴികളിൽ വീഴാതെ...

subhadinam

നഗരത്തിൽ ഉപരിപഠനത്തിന് എത്തിയതാണു ഗ്രാമീണനായ കൃഷിക്കാരന്റെ മകൻ. അവിടത്തെ ആഡംബര ജീവിതവും ധാരാളിത്തവും കണ്ട് അവനു ഭയമായി. അവൻ അച്ഛനു കത്തെഴുതി. ‘ഞാൻ ഇവിടെ നിൽക്കുന്നത് അപകടമാണ്. എനിക്ക് എന്നെ നിയന്ത്രിക്കാനാകുന്നില്ല’. അവധിയെടുത്തു വന്ന മകന്റെ കയ്യിൽ അച്ഛൻ ഒരു ഫോട്ടോ കൊടുത്തു. പാടത്ത് ചേറിൽനിന്നു പണിയെടുക്കുന്ന അച്ഛന്റെ പടം. എന്നിട്ട് പറഞ്ഞു: നിനക്കു വഴിതെറ്റുന്നു എന്നു തോന്നുമ്പോൾ നീ ഈ പടത്തിൽ നോക്കണം. പിന്നീടൊരിക്കലും അവൻ അവനെ അവിശ്വസിച്ചില്ല. 

വഴുതിവീഴാതിരിക്കാൻ പ്രേരകമായ ചില കാരണങ്ങളാണ് ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. എത്ര വഴിമാറിയാലും തളർന്നാലും പിടിച്ചുനിൽക്കാതിരിക്കാനാവില്ല എന്ന തിരിച്ചറിവാണ് ഓരോ പ്രലോഭനത്തെയും മടക്കി അയയ്‌ക്കുന്നത്. തുടരാനുള്ള കാരണം, തകരാനുള്ള കാരണത്തെക്കാൾ ശക്തമാകണം. ആ കാരണം എല്ലാ ദിവസവും സജീവമായി മുന്നിലുണ്ടാകണം. സഞ്ചാരപഥങ്ങൾ തെറ്റിപ്പോകുന്നത് മുന്നോട്ടുള്ള വഴിയുടെ തെളിമ നഷ്‌ടപ്പെടുന്നതിനാലാണ്. സഞ്ചരിക്കരുതാത്ത വഴികളിലെ അലങ്കാരങ്ങളും ആഡംബരങ്ങളും വഴിമാറുന്നതിനു മതിയായ കാരണങ്ങളുമാകും.

വഴിതെറ്റി എന്ന തിരിച്ചറിവാണു മടങ്ങിവരവിലേക്കുള്ള ആദ്യപടി. തെറ്റിപ്പോയ പലരും തെറ്റായ വഴികളിൽത്തന്നെ തുടരുന്നത്, തങ്ങൾക്കു വഴിതെറ്റി എന്നു മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്. എന്നെ നോക്കി യാത്ര ചെയ്യൂ എന്നു പറയാൻ കഴിയുന്നതാകും ഒരാളുടെ അത്മവിശ്വാസത്തിന്റെ പരകോടി. വഴിതെറ്റാതിരിക്കാനായി എപ്പോഴും കൂടെ നടത്തുന്നവരല്ല യഥാർഥ സംരക്ഷകർ; തനിച്ചു പറക്കാനുള്ള ഉൾക്കരുത്തു നൽകി അദൃശ്യസാന്നിധ്യമായി നിലകൊള്ളുന്നവരാണ്.