Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും തുടങ്ങാം

shubadinam-main

1981 ജൂൺ 14ന് യുഎസിലെ മിനസോട്ടയിലെ ചെറുപട്ടണമായ റോസ്‌വില്ലയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സൗണ്ട് ഓഫ് മ്യൂസിക് എന്ന ഇലക്‌ട്രോണിക് സ്റ്റോറിനെ അതു പൂർണമായും നശിപ്പിച്ചു. കാറ്റിനുശേഷം, ചിതറിപ്പോയവയെല്ലാം പെറുക്കിയെടുത്ത് അവർ ടൊർണാഡോ സെയിൽ ആരംഭിച്ചു. മിതമായ വിലയിൽ വാദപ്രതിവാദങ്ങൾ ഇല്ലാതെയുള്ള വിൽപന ആളുകളെ ആകർഷിച്ചു. ഒരു ദിവസംമാത്രം നടത്താൻ ഉദ്ദേശിച്ച വിൽപന വർഷം മുഴുവൻ തുടർന്നു. പിറ്റേവർഷം ചുഴലിക്കാറ്റ് ഉണ്ടായില്ലെങ്കിലും ടൊർണാഡോ സെയിൽ തുടർന്നു. പിന്നീട് അവർ ലോകത്തിലെ ഏറ്റവും വലിയ, ബെസ്റ്റ് ബൈ എന്ന ഇലക്‌ട്രോണിക്സ് വിതരണശൃംഖലയായി.

സംഭവങ്ങളല്ല, സംഭവങ്ങളോടുള്ള പ്രതികരണമാണു പ്രധാനം. എന്തെങ്കിലുമൊക്കെ എല്ലാദിവസവും സംഭവിക്കും. ചിലർ അവയുടെയെല്ലാം പിന്നാലെ അനാവശ്യമായി ഓടിക്കൊണ്ടിരിക്കും; ആകുലതയോടെ. പലതിനും പരിഹാരം ഉണ്ടാക്കാൻ കഴിയില്ല എന്നു മാത്രമല്ല, അവശേഷിക്കുന്ന ആവേശവും ഊർജവും നഷ്‌ടപ്പെടുകയും ചെയ്യും. സംഭവിച്ച ഒന്നിനെയും തിരുത്തി എഴുതാനാകില്ല; സംഭവിച്ചതിനോടുള്ള മനോഭാവത്തിൽ തിരുത്തൽ വരുത്താം. വീണതുകൊണ്ടല്ല, വീണിടത്തുനിന്ന് എഴുന്നേൽക്കാൻ തയാറാകാത്തതുകൊണ്ടാണ് പലരും പിന്നീടു കിടപ്പിലായത്. പഴയകാല ദുരനുഭവങ്ങളെ സ്വകാര്യതയിൽ കുത്തിനോവിക്കുമ്പോൾ ലഭിക്കുന്ന വൈകാരിക സുഖമുണ്ട്. ആ വേദനയിൽ തളർന്നുള്ള ഉറക്കം ആജീവനാന്ത ആശ്വാസവുമാണ്. നിഷ്‌ക്രിയതയ്‌ക്കും നിർജീവതയ്‌ക്കും ഏറ്റവും സുരക്ഷിതമായി കണ്ടെത്താവുന്ന തക്കതായ കാരണമാണ് മുൻകാലാനുഭവങ്ങൾ. 

അനുകൂലസാഹചര്യങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കാൾ, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിലാണ് സ്ഥിരതയുടെ രസതന്ത്രം. അവശേഷിച്ചതെല്ലാം വാരിക്കൂട്ടി അവസാനിച്ചിടത്തുനിന്നു വീണ്ടും തുടങ്ങാൻ തയാറാകുന്നവനോട് പ്രകൃതിക്കും ഈശ്വരനും ബഹുമാനമുണ്ടാകും. എന്തൊക്കെ തകർന്നാലും എത്രതവണ തകർന്നുവീണാലും, ഒരിക്കലും തകരരുതാത്ത ചിലതുണ്ട്; തിരിച്ചുപിടിക്കാനുള്ള തന്റേടവും തിരുത്താനുള്ള താൽപര്യവും.