Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടവയറിനു പിന്നിലെ 5 കാരണങ്ങൾ

Abdominal Obesity

അഴകളവുകളുടെ കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ ശ്രദ്ധയില്ലാത്തവരായി മാറുകയാണോ? അടുത്ത കാലത്തെ ചില പഠനങ്ങൾ വിരൽചൂണ്ടുന്നത് ഈ കാര്യത്തിലേക്കാണ്.

മലയാളി സ്ത്രീകൾക്കിടയിൽ അമിതവണ്ണം (ഒബീസിറ്റി) കൂടുന്നു. വയറിന്റെ ഭാഗത്തെ കൊഴുപ്പടിഞ്ഞുണ്ടാകുന്ന ’അബ്ഡോമിനൽ ഒബീസിറ്റി വല്ലാതെ വർധിച്ചിരിക്കുന്നു, ’പോട്ട് ബെല്ലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കുടവയർ.

കേരളീയ സ്ത്രീകളിൽ പകുതിയോളം പേർക്ക് അബ്ഡോമിനൽ ഒബീസിറ്റിയുണ്ടെന്ന് ചില മെഡിക്കൽ പഠനങ്ങൾ. ഇന്ത്യയിൽ സ്ത്രീകളിലെ ഒബീസിറ്റിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനവും മലയാളികൾക്കാണ്. പഞ്ചാബ് മാത്രമാണ് ഇക്കാര്യത്തിൽ നമ്മുടെ തൊട്ടു മുന്നിൽ.

ഹെൽത്ത് ക്ലബുകളും ജിംനേഷ്യങ്ങളും നഗരങ്ങളിൽ മുളച്ചു പൊങ്ങുന്നുണ്ടെങ്കിലും നഗരങ്ങളാണ് ഒബീസിറ്റിയുടെ തോതിൽ മുന്നിലെന്നതും ശ്രദ്ധേയം. കൊച്ചിയിലെ ആളുകൾക്കിടയിൽ അമിതവണ്ണം കൂടുന്നതായി അടുത്തകാലത്ത് ചില പഠനങ്ങൾ വന്നിരുന്നു. നഗരങ്ങളിലെ ആഡംബര ജീവിതശൈലിയും അമിതഭക്ഷണവും ജങ്ക്ഫുഡുമെല്ലാം ഇതിന്റെ കാരണമാണ്.

കുടവയറിനെ (അബ്ഡോമിനൽ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമായി സ്ത്രീകൾ കരുതിയാൽ അതു വലിയ മണ്ടത്തരമാണെന്നോർക്കുക. അപകടകരമായ ജീവിതശൈലീരോഗങ്ങൾ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ് വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയൽ. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മർദം, ഫാറ്റി ലിവർ ഇങ്ങനെ രോഗങ്ങളുടെ പടയാണ് കുടവയറുള്ള സ്ത്രീകളെ കാത്തിരിക്കുന്നത്. മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള കടുത്ത കരൾരോഗങ്ങൾ പോലും കുടവയറുള്ള സ്ത്രീകളെ ബാധിക്കാറുണ്ടെന്ന് ഡോക്ടർമാർ.

കുടവയറിനു പിന്നിലെ 5 കാരണങ്ങൾ ഇവയാണ്

1 ആരോഗ്യകരമല്ലാത്ത ഡയറ്റ്: മൈദ, തവിടു നീക്കിയ അരി, വൈറ്റ് ബ്രെഡ് തുടങ്ങിയ ഫൈബറില്ലാത്ത ആഹാരരീതി. മിച്ചം വരുന്ന കാലറി ശരീരത്തിനു വ്യായാമമില്ലാത്തപ്പോൾ നേരെ വയറിലെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു.

2 വ്യായാമമില്ലായ്മ: പതിവായി വ്യായാമം ചെയ്യുമ്പോൾ അധിക കാലറി ഉപയോഗിച്ചു തീരുന്നു. ഹൃദയവും ആരോഗ്യത്തോടെയിരിക്കുന്നു. വ്യായാമക്കുറവു കാരണമാണ് ശരീരത്തിലെ എക്സ്ട്രാ കാലറി നേരെ ഫാറ്റായി അടിയുന്നത്. ഇത് ആദ്യം തന്നെ വയറിന്റെ ഭാഗത്ത് അടിയുന്നു.

3 പാരമ്പര്യം: ശരീരത്തിൽ ഏതു ഭാഗത്താണ് കൊഴുപ്പടിയുന്നതെന്നു തീരുമാനിക്കുന്നതിൽ പാരമ്പര്യമായ പങ്കുണ്ട്. ചില സ്ത്രീകൾക്ക് വയറിലാണ് ആദ്യം കൊഴുപ്പടിയുക. ചിലർക്ക് ബട്ടക്സ്, കാൽ വണ്ണകൾ ഇവയിലായിരിക്കും. ശരീരത്തിന്റെ ആകൃതി തീരുമാനിക്കപ്പെടുന്നത് ഇങ്ങനെയാണ്.

4 സ്ട്രെസ്: ഉയർന്ന മാനസിക സമ്മർദമുള്ളവരിൽ കൊഴുപ്പ് കൂടുതലായി അടിയുന്നുവെന്ന് പഠനങ്ങൾ. ഉയർന്ന ടെൻഷനിലായിരിക്കുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോണും ഇൻസുലിനും ഉൽപാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തോടും മധുരത്തിനോടും ആർത്തി തോന്നുന്നു. കൂടുതൽ ഭക്ഷണം കഴിക്കുന്നതു വഴി വയറിൽ കൊഴുപ്പടിയുന്നു.

5 കുറഞ്ഞ മെറ്റബോളിക് നിരക്ക്: ചില സ്ത്രീകളിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് പതുക്കെയായിരിക്കും. ഇത് കുറഞ്ഞ ഭക്ഷണമേയുള്ളൂവെങ്കിൽ പിടിച്ചു നിൽക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികരീതിയാണ്. ഇതും വയറിൽ കൊഴുപ്പടിയുന്നതിലേക്കു നയിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.