ആദ്യപ്രണയം തുറന്ന് പറഞ്ഞ് മാനുഷി ഛില്ലർ!

ഇന്ത്യയെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ച് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ താരമാണ് മാനുഷി ഛില്ലർ. മെ‍ഡിക്കൽ വിദ്യാർഥി കൂടിയായ മാനുഷിയുടെ ബോളിവു‍ഡ് അരങ്ങേറ്റം എന്നായിരിക്കുമെന്നു കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്. 

മാനുഷിയുടെ മനംകവർന്ന ആ ഭാഗ്യവാൻ ആരായിരിക്കുമെന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്കു തെറ്റിപ്പോയി ഗഡീസ്. മാനുഷി ഉദ്ദേശിച്ചത് തന്റെ അമ്മയോടുള്ള പ്രണയത്തെക്കുറിച്ചാണ്. എ​ക്കാലത്തെയും പ്രണയത്തിന് ആശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് മാനുഷി അമ്മയ്ക്ക് ആശംസ അർപ്പിച്ചത്. ഓരോ വർഷം വാലന്റൈൻസ് ദിനം വരുമ്പോഴും ആദ്യം വിഷ് ചെയ്യുന്നത് താനും അമ്മയുമായിരിക്കുമെന്ന് മാനുഷി പറയുന്നു. 

ഫെബ്രുവരി പതിനാലിന് റോസാ പുഷ്പങ്ങളും  ചോക്കലേറ്റുകളുമൊക്കെ ലഭിച്ചിരുന്നതും തിരികെ വീട്ടിലെത്തി അവയെല്ലാം അമ്മയ്ക്കു നൽകി അമ്മയാണ് തന്റെ ആദ്യപ്രണയമെന്നു പറഞ്ഞിരുന്നതും ഇപ്പോഴും ഓർക്കുന്നുവെന്ന് മാനുഷി പറയുന്നു. എന്തായാലും മാനുഷി വെളിപ്പെടുത്തിയ പ്രണയത്തിലെ താരം അമ്മയായത് തെല്ലൊന്നുമല്ല ആരാധകരെ സന്തുഷ്ടരാക്കിയത്. ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടല്ലോ എന്നാണ് പലരുടെയും ആശ്വാസം. 

അടുത്തതായി താരത്തിന്റെ ബോളിവു‍ഡ് പ്രവേശം എന്നാകുമെന്നാണ് പലരും ഉറ്റുനോക്കുന്നത്, എന്നാൽ തൽക്കാലം ബോളിവുഡിലേക്കില്ലെന്ന നിലപാടിലാണ് താനെന്ന് മാനുഷി നേരത്തെ പറഞ്ഞിരുന്നു. എന്നെങ്കിലും ബിടൗണിലേക്ക് അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ അത് ആമിർ ഖാനൊപ്പമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ലോകസുന്ദരി എന്ന തന്റെ ഇപ്പോഴത്തെ ഇമേജ് ഇന്ത്യയില്‍ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനാകും ഉപയോഗിക്കുക എന്നും മാനുഷി പറഞ്ഞിരുന്നു. 

ഇരുപതുകാരിയായ മാനുഷി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്.108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ തോൽപ്പിച്ചാണ് ഹരിയാന സ്വദേശിയായ ഈ സുന്ദരി പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്കു ലോകസുന്ദരിപ്പട്ടമെത്തിച്ചത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam