വായുവിൽ പാറിക്കളിക്കുന്ന മഴവില്ലുകള്‍; ഇതു ഭിന്നലിംഗക്കാരുടെ ആഘോഷം

രാജ്യതലസ്ഥാനത്തെ ബാറാക്കംഭാ റോഡ് മുതൽ ജന്തർ മന്തർ വരെ ആഹ്ലാദത്തിൽ ആറാടുകയാണ് ഒരുകൂട്ടർ... മഴവില്ലിൻ നിറമുള്ള ബലൂണുകളും പതാകകളും വായുവിൽ പാറിക്കളിക്കുന്നു... ഒത്തൊരുമയോടെ മുദ്രാവാക്യങ്ങൾക്കൊപ്പം അവർ ചുവടുവെക്കുന്നു... ഒറ്റപ്പെ‌ടുത്തലുകൾക്കും അവഗണനകൾക്കുമൊക്കെ ശേഷം അവർക്കു മാത്രമായി ഒരു ദിനം. അതാണ് നവംബറിലെ അവസാന തിങ്കളാഴ്ച്ച ഭിന്നലിംഗക്കാർ ഡൽഹിയിൽ ആഘോഷിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു നടന്ന ഡൽഹി ക്യൂർ പ്രൈഡ് ഡേയിൽ നൂറോളം ഭിന്നലിംഗക്കാരാണ് നിരത്തിൽ അണിനിരന്നത്. ആത്മാഭിമാനത്തോടെ ഓരോ ഭിന്നലിംഗക്കാരും തങ്ങൾക്കും വ്യക്തിത്വമുണ്ടെന്നു തെളിയിക്കുകയാണ് ഈ ദിവസം. സ്വാതന്ത്രവും സമത്വവും ആഘോഷിക്കുന്നതിനൊപ്പം സ്വവർഗാനുരാഗത്തെ കുറ്റകരമാക്കിയ നിയമം പിൻവലിക്കണമെന്നും അവർ ഒരുപോലെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥികമായ സ്ഥലങ്ങളിൽപ്പോലും സ്വവർഗാനുരാഗികൾക്ക് സ്വീകാര്യത വളർന്നിട്ടുണ്ടെന്ന് ഡൽഹി ക്യൂർ പ്രൈഡ് കമ്മിറ്റിയിലെ അംഗങ്ങൾ പറഞ്ഞു.

പലരും പ്രൈഡിനെത്തിയത് മുഖംമൂടികൾ ധരിക്കാതെയാണെന്നും അതിൽനിന്നും സ്വവര്‍ഗാനുരാഗം എന്ന അവസ്ഥയെ വിലക്കപ്പെട്ടതായി കണ്ട അവസ്ഥയിൽ നിന്നും മാറ്റം വരുന്നുണ്ടെന്നും വേണം മനസിലാക്കാനെന്നും കമ്മിറ്റിയിലുള്ളവർ പറഞ്ഞു. ഭിന്നലിംഗക്കാരു‌ടെ അവകാശത്തിനു വേണ്ടി പോരാ‌ടുന്ന ലക്ഷ്മി നാരായണ്‍ ത്രിപാതിയുടെ പ്രസംഗത്തോടെയാണ് പരിപാടി സമാപിച്ചത്. പ്രത്യാശിക്കാം മനുഷ്യരെന്ന പരിഗണന നൽകാതെ നികൃഷ്ട ജീവികളെപ്പോലെ സ്വവർഗാനുരാഗികളെ കാണുന്നതിൽ നിന്നും ഇനിയും മാറ്റങ്ങള്‍ വരുമെന്ന്....