വിവാഹമോചനത്തോടെ ശത്രുക്കളാകണോ? മുൻഭാര്യക്കു നൽകിയ സർപ്രൈസ് സമ്മാനം വൈറലാകുന്നു

ബില്ലി ഫ്ലിൻ ഗാഡ്ബോയ്സ്

മരണം വരെയും നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, നിഴലു പോലെ കൂടെയുണ്ടാകും എന്നൊക്കെ പ്രഖ്യാപിച്ചാണ് പലരും വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്. പക്ഷേ പാതിവഴിയിലെപ്പോഴോ ആ പ്രതീക്ഷകളുടെ താളം തെറ്റുന്നു, ഒരു മനസും ശരീരവുമായി കഴിഞ്ഞവർ രണ്ടു മനസോടെ പരസ്പര വൈരത്തോടെ കഴിയുന്നു. അധികനാൾ ആ ജീവിതം കൊണ്ടുപോകാൻ കഴിയില്ലെന്നു ബോധ്യം വരുമ്പോള്‍ വിവാഹമോചിതരാകാൻ തീരുമാനിക്കുന്നു. വിവാഹ മോചനം നേടിക്കഴിഞ്ഞാൽ പിന്നെ പരസ്പരം കുറ്റപ്പെടുത്തലുകളാണ്. വിവാഹ മോചനം നേടിക്കഴിഞ്ഞാൽ ശത്രുക്കളെപ്പോലെ കഴിയേണ്ടതുണ്ടോ? ഈ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ എല്ലാവരും ഒരേസ്വരത്തിൽ പറയും ഒരിക്കലും അങ്ങനെയാവരുതെന്ന്.

ബോസ്റ്റൺ സ്വദേശിയായ ബില്ലി ഫ്ലിൻ ഗാഡ്ബോയ്സ് എന്നയാളാണ് ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ച് ലോകത്തെ അറിയിച്ചു താരമായത്. മുൻഭാര്യയുടെ പിറന്നാൾ ദിനത്തിൽ ബില്ലി ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചർച്ചയായത്. വിവാഹ മോചിതനാണെങ്കിൽക്കൂ‌ടിയും തന്റെ മുൻഭാര്യക്ക് പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനങ്ങൾ നൽകുകയാണ് ആ മനുഷ്യൻ ചെയ്തത്. അതുവഴി തന്റെ മക്കൾക്ക് നല്ലൊരു അച്ഛൻ എങ്ങനെയായിരിക്കണമെന്നു മാത്രമല്ല നല്ലൊരു പുരുഷൻ എങ്ങനെയായിരിക്കണം എന്നു കൂടിയാണ് ബില്ലി കാണിച്ചു കൊടുത്തത്. ബില്ലിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

''ഇന്ന് എന്റെ മുൻഭാര്യയുടെ പിറന്നാൾ ദിനമാണ്, അതുകൊണ്ടുതന്നെ ഞാൻ നേരത്തെ എഴുന്നേറ്റ് അവൾക്കായി പൂക്കളും കാർഡും വാങ്ങി മക്കളുടെ കയ്യിൽ അവൾക്കായി സമ്മാനവും നൽകി, ഒപ്പം അവൾക്കു പ്രാതലിനായി മക്കളെ സഹായിക്കുകയും ചെയ്തു. അതിനിടയ്ക്ക് എന്നോട് ആരോ ചോദിച്ചു നീ ഇപ്പോഴും ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനാണെന്ന്. അതെന്നെ അലട്ടി, അതുകൊണ്ട് ഞാൻ എന്തിനാണ് ഇതെല്ലാം ചെയ്തതെന്ന് നിങ്ങളോടെല്ലാം പറയാം.

ഞാൻ രണ്ട് ചെറിയ ആൺ‌കുട്ടികളെ വളർത്തുന്നുണ്ട്. ഞാൻ അവരുടെ അമ്മയെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് എന്നത് അവര്‍ക്കു മറ്റുള്ള സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നും ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചുമുള്ള ഉദാഹരണമായിരിക്കണം. എന്റെ കാര്യത്തിൽ അതൊരൽപം അധികവുമാണ്, കാരണം ഞങ്ങൾ വിവാഹമോചിതരാണ്. നിങ്ങളുടെ മക്കൾക്കു മുന്നിൽ ബന്ധങ്ങളുടെ നല്ല മാതൃക കാണിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു തോൽവിയാണ്. ഉയർന്നു ചിന്തിച്ച് അവർക്കൊരു ഉദാഹരണമാകണം. നല്ല ആൺകുട്ടികളെ വളർത്തൂ, കരുത്തയായ സ്ത്രീകളെ വളർത്തൂ. എന്നത്തെക്കാളും ഇപ്പോൾ ലോകത്തിന് അവരെ ആവശ്യമുണ്ട്.''

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തിൽ ഇതുപോലൊരു ഫേസ്ബുക് പോസ്റ്റ് നൽകുന്ന പ്രസക്തി ചില്ലറയല്ല. മറ്റു സ്ത്രീകളെ അമ്മയായോ പെങ്ങളായോ കാണണമെന്നല്ല അവളെ ഒരു മനുഷ്യ സ്ത്രീയായി കണ്ട് ബഹുമാനിക്കണമെന്നാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടത്. ബന്ധങ്ങളുടെയും പെരുമാറ്റത്തിന്റെയും ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കുക മാത്രമല്ല അവ ഊട്ടിയുറപ്പിക്കാൻ കൂടി കൂടെ നിൽക്കണം അച്ഛനും അമ്മയും.