‘ലാലേട്ടാ നന്ദി’ ഛേത്രിയുടെ മറുപടി ഏറ്റെടുത്ത് മലയാളി ആരാധകർ

ഇന്ത്യ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുെട ജന്മദിന‌ം ഏറെ ആവേശത്തോടയാണ് ആരാധകർ ഏറ്റെടുത്തത്. ഇന്ത്യയുടെ ഫുട്ബോൾ  ഇതിഹാസത്തിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രവാഹമായിരുന്നു. കായിക താരങ്ങളും സിനിമാ താരങ്ങളും ഛേത്രിയ്ക്ക് ആശംസകളുമായെത്തി. 

ഇന്ത്യയുടെ അമരക്കാരന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം മോഹൻലാലും ട്വീറ്റ് ചെയ്തു. എന്നാൽ മോഹന്‍ലാലിന്റെ മധുരം തുളുമ്പുന്ന ആശംസയ്ക്കു ഛേത്രി നൽകിയതോ ഇരട്ടി മധുരമുള്ള മറുപടി. ‘ലാലേട്ടാ’ എന്ന വിളിയിലൂടെയാണ് ഛേത്രി മോഹന്‍ലാലിനു നന്ദി പറഞ്ഞത്. 

മോഹന്‍ലാലിനെ സ്നേഹത്തോടെ ലാലേട്ടാ എന്നാണു മലയാളികൾ വിളിക്കാറെങ്കിലും ഛേത്രിയിൽ നിന്നും ആരാധകർ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. സ്നേഹത്തോടെയുള്ള മോഹന്‍ലാലിന്റെ ആശംസയ്ക്ക് മധുരമായ ലാലേട്ടൻ വിളിയിലൂടെ ഛേത്രി നൽകിയ മറുപടി ആരാധകരേറ്റെടുത്തു.

ഇതോടെ മലയാളികളുടെ സ്നേഹാശംസകളിൽ ഛേത്രിയുെട ട്വിറ്റർ അക്കൗണ്ട് നിറഞ്ഞു. ഇംഗ്ലീഷിലും മംഗ്ലീഷിലും മലയാളത്തിലും ഛേത്രിയ്ക്ക് ജന്മദിനാശംസകൾ ഒഴുകിയെത്തി. ഛേത്രിയോടുള്ള സ്നേഹം കൂടുകയാണെന്നും ഒരു ജനതയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ജീവൻ നൽകിയെന്നും ആരാധകർ കുറിക്കുന്നു. ഇന്ത്യൻ മെസിയെന്നാണ് പലരും ഛേത്രിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇന്ത്യയുെട ഇതിഹാസ താരമായ സുനിൽ ഛേത്രിയ്ക്ക് ഇന്ത്യൻ മെസിയെന്ന വിശേഷണത്തിന്റെ ആവശ്യമില്ലെന്നു ചില ആരാധകർക്ക് അഭിപ്രായമുണ്ട്. 

‘ലോക റാങ്കിങ്ങില്‍ വളരെ പുറകിലാണെങ്കിലും  ഇന്ത്യൻ ഫുട്ബോള്‍ ആരാധകര്‍ക്ക് അഭിമാനിക്കാന്‍ ഏറെ അവസരങ്ങള്‍ ഒരുക്കിയ കരുത്തനായ നായകന്, തളരാത്ത പോരാളിക്ക് ജന്മദിന ആശംസകൾ.’