Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റ മിസൈൽ തകര്‍ക്കാൻ റഷ്യയുടെ S–400 മതിയോ? സിറിയയില്‍ യുദ്ധഭീതി

missile-s400

സിറിയയുടെ പേരിൽ ലോക ശക്തികളായ അമേരിക്കയും റഷ്യയും നേർക്കുനേർ പോരിനിറങ്ങുകയാണ്. സിറിയയിലേക്ക് മിസൈൽ തൊടുത്താൽ തകർക്കുമെന്ന് റഷ്യയും തടുക്കാമെങ്കിൽ തടുത്തോവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പറ‍ഞ്ഞതോടെ മറ്റൊരു യുദ്ധഭീതിയിലാണ്.

വിമതരെ കൊന്നൊടുക്കാൻ രാസായുധം പ്രയോഗിച്ച സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ റഷ്യ പിന്തുണക്കുമ്പോള്‍ എല്ലാം തകർക്കുന്ന മിസൈല്‍ ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. സിറിയയ്ക്കു നേരെ നല്ല ഒന്നാന്തരം മിസൈലുകൾ വരുന്നുണ്ടെന്നും റഷ്യ തയാറായി ഇരുന്നു കൊള്ളാനുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. സിറിയയ്ക്കു നേരെ വരുന്ന മിസൈലുകളെല്ലാം വെടിവച്ചിടുമെന്നായിരുന്നു റഷ്യയുടെ പ്രഖ്യാപനം. രാസായുധം കൊണ്ടു സ്വന്തം ജനതയെ കൊല്ലുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന ഒരു മൃഗത്തെ ഇനിയും പിന്തുണയ്ക്കരുതെന്നും റഷ്യയോടു ട്രംപ് പറഞ്ഞു. 

യുഎസ് ആക്രമണത്തെ ശക്തിയായി നേരിടുമെന്നും മിസൈൽ മാത്രമല്ല, വിക്ഷേപണകേന്ദ്രം കൂടി തകർക്കുമെന്നും റഷ്യൻ സൈന്യം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിനിടെ സിറിയയ്ക്കു നേരെ മിസൈൽ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തു കൂടി പറക്കുന്ന വിമാനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നു യൂറോപ്പിലെ എയർ ട്രാഫിക് ഏജൻസി മുന്നറിയിപ്പു നൽകി. ചില വിമാനക്കമ്പനികൾ ഇതേത്തുടർന്നു റൂട്ടുമാറ്റിയിട്ടുണ്ട്.

ട്രംപിന്റെ മിസൈൽ തർക്കാൻ പുടിന്റെ എസ്–400 മതിയോ?

റഷ്യയുടെ എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്–400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് റഷ്യയുടെ ഒരു എസ്–400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്–400 ന്റെ പ്രധാന ശക്തിയും.

ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ. സിറിയയിലേക്ക് വരുന്ന മിസൈലുകള്‍ തകര്‍ക്കാൻ എസ്–400 മതിയെന്നാണ് റഷ്യൻ പ്രതിരോധ വിദഗ്ധർ പറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. 

അമേരിക്കയെ കൂടുതല്‍ ജാഗ്രതയുള്ളതാക്കാന്‍ മാത്രം എന്താണ് എസ്–400 ട്രയംഫിനുള്ളത്? 

അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതു തന്നെ. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ 'റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്' ബ്ലോഗ് അനുസരിച്ച് എസ്–400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല. 

മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അൽമസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു.

ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും സാധാരണയായ ഇന്ത്യ പോലൊരു രാജ്യത്ത് എസ്–400 ട്രയംഫിനു ഏറെ പ്രസക്തിയുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ ഇതു പര്യാപ്തവുമാണ്. 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഇതു സ്വന്തമാക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്-400 സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതു പ്രതിരോധം തീര്‍ക്കും.

ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും. കഴിഞ്ഞ വര്‍ഷം ചൈനയും റഷ്യയില്‍ നിന്നു തന്നെ എസ്–400 ട്രയംഫ് വാങ്ങിയിരുന്നു. കരാര്‍ വിജയകരമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഇതു വാങ്ങുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം 2017 മുതലാണ് ചൈനയ്ക്ക് ഇത് ഉപയോഗിക്കാനാവുക.

എസ്–400 ട്രയംഫ് ആകാശക്കാവൽ 

ആകാശമാർഗമുള്ള ആക്രമണങ്ങളെ തടയാനും തകർക്കാനും അത്യാധുനിക വ്യോമപ്രതിരോധ സം‌വിധാനം. 

∙ അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും

ലക്ഷ്യം

∙ പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും. 

∙ 400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കും 

∙ ശബ്ദാതിവേഗ വിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്തും

വേഗം

∙ ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗം. 

∙ പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കും ആയുധങ്ങൾ 

∙ 72 മിസൈൽ വിക്ഷേപിണികൾ. 384 മിസൈലുകൾ വരെ കൈകാര്യം ചെയ്യാം സവിശേഷത 

∙ അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സം‌വിധാനം 

∙ പൂർണ കംപ്യൂട്ടർവൽ‌ക്കൃത സം‌വിധാനം പ്രതിരോധ മിസൈലുകൾ 

∙ 9എം 96ഇ/9 എം96 ഭൂതല–വ്യോമ പ്രതിരോധ മിസൈൽ – 120 കിലോമീറ്റർ ദൂരെനിന്നു ശത്രുമിസൈലുകളെ തകർക്കാം – 30 കിലോമീറ്റർ വരെ ഉയരത്തിലും പ്രതിരോധം 

∙ 48എച്ച്6 ഇ/48എച്ച്6ഇ ഭൂതല–വ്യോമ പ്രതിരോധ മിസൈൽ – 200 കിലോമീറ്റർ വരെ അകലെ ശത്രുമിസൈലുകളെ തകർക്കാം – 27 കിലോമീറ്റർ വരെ ഉയരത്തിൽ പ്രതിരോധം.