Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യ തിരിച്ചടിക്കും, മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? ആശങ്കയുടെ തിരച്ചിൽ!

syria-attack

സിറിയൻ വിഷയത്തിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതും ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അമേരിക്ക സിറിയയില്‍ നേരിട്ട് ആക്രമണം ആരംഭിച്ചതും രാജ്യാന്തര തലത്തില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ ഇതെന്നാണ് മിക്കവരും ആശങ്കപ്പെടുന്നത്. ഈ ആശങ്ക ഇന്റര്‍നെറ്റിലും പ്രതിഫലിക്കുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്നതെന്നത് ഈ ആശങ്കയ്ക്ക് അടിവരയിടുന്നു. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരം സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തിയത് സോഷ്യൽമീഡിയകളിലും ട്രന്റിങ് വിഷയമാണ്. ബ്രിട്ടനും ഫ്രാൻസും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വരും മണിക്കൂറുകൾ ഭീതിജനകമായിരിക്കുമെന്നാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ പ്രവചിക്കുന്നത്.

സിറിയയിൽ ആക്രമണത്തിനു നേതൃത്വം നൽകുന്ന ട്രംപിനെ രൂക്ഷമായ ഭാഷയിലാണ് ഓൺലൈൻ ലോകം വിമർശിക്കുന്നത്. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ റഷ്യ കൂടുതൽ പ്രത്യാക്രമണങ്ങൾ നടത്തുമെന്ന് ഉറപ്പാണ്. റഷ്യയുടെ കൂടെ ആരൊക്കെ നിൽക്കുമെന്നാണ് ഇനി അറിയാനുളളത്.

നിക്കി ഹാലി, സിറിയ, റഷ്യ, ഡൊണാൾഡ് ട്രംപ്, ബാഷർ അൽ അസദ്, കെമിക്കൽ യുദ്ധം എന്നിവയെല്ലാം ഗൂഗിൾ സെർച്ചിലെ ട്രന്റിങ് വിഷയങ്ങളാണ്. അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മൂന്നാം ലോകമഹായുദ്ധം ഇപ്പോൾ ഗൂഗിളില്‍ പ്രധാന ട്രൻഡിങ് വാക്കായി മാറിയിരിക്കുന്നത്. 

ഏപ്രില്‍ 14ന് രാവിലെ മുതൽ മൂന്നാം ലോകമഹായുദ്ധം എന്ന വാചകം സെര്‍ച്ച് എൻജിനുകളില്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേസമയം മൂന്നാം ലോകമഹായുദ്ധം സെർച്ചിങ്ങിൽ മുന്നിലെത്തിയിരുന്നു. അന്ന് ഉത്തരകൊറിയ–അമേരിക്ക വാക്തർക്കങ്ങളായിരുന്നു വിഷയം. 2004 മുതല്‍ ഗൂഗിള്‍ പുറത്തുവിടുന്ന ട്രന്‍ഡിംഗ് റെക്കോഡുകളില്‍ ഏറ്റവും മുൻപിലേക്കുള്ള കുതിപ്പിലാണ് 'മൂന്നാം ലോകമഹായുദ്ധം'. ട്രംപ്–റഷ്യ പുതിയ വാക് പോരുകളും സിറിയയിലെ മിസൈല്‍ ആക്രമണവും ആശങ്ക മറ്റൊരുവിധത്തില്‍ പ്രകടമാകുന്നതാണ് ഇതെന്ന് കരുതുന്നവരും കുറവല്ല.  

കഴിഞ്ഞ മണിക്കൂറുകളിലെ ഗൂഗിള്‍ ട്രന്റില്‍ ഇന്ത്യ, പാക്കിസ്ഥാൻ, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് കൂടുതലായി തിരഞ്ഞത്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടോ? മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഗൂഗിളില്‍ ഉയര്‍ന്നുവന്നത്.  

നേരത്തെ 2015 നവംബറിലും സമാനമായരീതിയില്‍ ഗൂഗിളില്‍ മൂന്നാം ലോകമഹായുദ്ധം ട്രന്‍ഡിംഗായിരുന്നു. അന്ന് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ആശങ്കകള്‍ വര്‍ധിച്ചത്. തുര്‍ക്കി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ലോകമഹായുദ്ധ ആശങ്കകള്‍ അന്ന് ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിഷയങ്ങള്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നതും.  

അമേരിക്കന്‍ യുദ്ധകപ്പലുകള്‍ സിറിയൻ തീരത്ത് വിന്യസിച്ചിരിക്കുകയാണ്. റഷ്യയുടെ വെല്ലുവിളിയും സിറിയയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം. ആവശ്യമെങ്കില്‍ സിറിയക്കെതിരെ ഇനിയും ആക്രമണം നടത്തുമെന്ന് അമേരിക്കയും തിരിച്ചടിക്കുമെന്ന് റഷ്യയും ആവര്‍ത്തിക്കുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധമെന്ന ആശങ്കയെ വര്‍ധിപ്പിക്കുന്നതാണ് നിലവിലെ ഈ സാഹചര്യം.