40 രൂപ ദിവസക്കൂലി ഇല്ലാത്ത ഛത്തീസ്ഗഡില്‍ ഫ്രീ ഫോണിൽ വോട്ടു പിടിക്കാൻ ബിജെപി!

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിലൂടെ ജനങ്ങളെ ആകര്‍ഷിക്കാനും പിടിച്ചുനിർത്താനും ബിജെപിയെ കഴിഞ്ഞ് ആരുമില്ലെന്ന് വായിച്ചിരുന്നല്ലോ. എന്നാല്‍ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുപടി കൂടി കടന്നാണ് കാര്യങ്ങള്‍ നീക്കുന്നത്. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴിക്കാനാണ് അവിടെ പാര്‍ട്ടി നടത്തുന്ന നീക്കം. മുഖ്യമന്ത്രി രമണ്‍ സിങ് സംസ്ഥാനത്ത് ഓരോ വീട്ടിലും സ്മാര്‍ട് ഫോൺ എന്ന ആശയവുമായാണ് നീങ്ങുന്നത്. 7.1 കോടി ഡോളറാണ് ഇതിനായി സർക്കാർ വിനിയോഗിച്ചിരിക്കുന്നത്. ഇതിലൂടെ 2.6 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നാണ് പറയുന്നത്. വനമേഖലയിലേതടക്കം 7,000 ഉള്‍നാടന്‍ ഗ്രാമങ്ങളാണ് സംസ്ഥാനത്തുള്ളത്. പലയിടത്തും മൊബൈല്‍ സിഗ്നലുകള്‍ പോലും ലഭ്യമല്ല. ഇവിടെ പാര്‍ട്ടിയുടെ പ്ലാന്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും കോളജ് വിദ്യാർഥികൾക്കും ഓരോ വീട്ടിലെയും ഒരു സ്ത്രീക്കും ബേസിക് ഫീച്ചറുകളുള്ള സ്മാര്‍ട് ഫോണ്‍ നല്‍കാനുമാണ്. ഇതിലൂടെ, കേന്ദ്ര പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തുകയാണ് പ്രത്യക്ഷ ലക്ഷ്യം. ഇത് അഭിനന്ദനാര്‍ഹവുമാണ്. പക്ഷേ, കാര്യങ്ങള്‍ അവിടെ നില്‍ക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ നില. ഇതുവരെ എകദേശം 30 ലക്ഷം പേര്‍ക്കാണ് ഫോണ്‍ ലഭിച്ചിരിക്കുന്നത്. ഇവരെ ലക്ഷ്യം വച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ബിജെപി ശമ്പളത്തിനു നിയോഗിച്ച 350 കരാര്‍ ജോലിക്കാർ ഫോണ്‍ ലഭിച്ചവരെ വിളിക്കുന്നെന്നും ആർക്കാണ് വോട്ടു ചെയ്യുന്നത് എന്നു ചോദിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദം. ഫോൺ ലഭിച്ച ചിലരാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ഇത്തരം കോൾ എടുത്താൽ ആദ്യം ചോദിക്കുന്നത് ഫോണ്‍ ലഭിച്ചതില്‍ സന്തോഷമുണ്ടോ എന്നും രമണ്‍ സിങ് സർക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടോ എന്നുമാണത്രേ. പിന്നെ വോട്ടിനെപ്പറ്റി ചോദിക്കുമെന്നും കോണ്‍ഗ്രസിനാണ് വോട്ടു ചെയ്യുക എന്നോ ഇത്തവണ വോട്ടു ചെയ്യില്ല എന്നോ പറഞ്ഞ ആളുകളുടെ അടുത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ അയയ്ക്കുന്നുവെന്നും ആരോപണമുന്നയിക്കുന്നവർ പറയുന്നു. ബിജെപി സ്വന്തം ആവശ്യത്തിന് സംസ്ഥാനത്തിന്റെ സംഘടിത ഘടന ഉപയോഗിക്കുന്നുവെന്നാണ്

രമണ്‍ സിങ് 15 വര്‍ഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. നാലാം തവണയാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താന്‍ ശ്രമിക്കുന്നത്. ഫോണിന്റെ ബാക്ഗ്രൗണ്ട് ഇമേജ് രമണ്‍സിങ്ങിന്റെ ചിത്രമാണ്. അതിനാല്‍ ചിലര്‍ ‘രമണ്‍ മൊബൈൽ’ എന്നു പരിഹസിക്കുന്നുണ്ട്. ഫോണില്‍ രണ്ട് പ്രചാരണ ആപ്പുകളും ഉണ്ട്. രമണ്‍ സിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും കേള്‍പ്പിക്കുന്ന ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്തകളും പ്രസംഗങ്ങളുമുള്ള മറ്റൊന്നും. എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ആദ്യം തുറക്കുമ്പോള്‍ മുഴുവന്‍ കോണ്ടാക്ടും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടും. പിന്നീട് വ്യക്തിവിവരങ്ങള്‍ ബിജെപിക്കു നല്‍കാന്‍ ആവശ്യപ്പെടും.

ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. ഒരു പാര്‍ട്ടിക്കു മാത്രമായി ഇതു അനുവദിക്കരുതെന്നും മറ്റു പാര്‍ട്ടികള്‍ക്കും ഇത്തരം ഡേറ്റ ലഭിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കോള്‍ സെന്റര്‍ നടത്തുന്ന മാഗ്നം ഗ്രൂപ്പ് തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിലൂടെ നിയമ ലംഘനമാണ് നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സുബ്രത് സാഹൂ പറയുന്നത് മാഗ്നം ഗ്രൂപ്പിനു ബിജെപി പണം നല്‍കുന്നതിനാല്‍ ഇത് നിയമപരമാണെന്നാണ്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇതേക്കുറിച്ചു കൂടുതല്‍ പഠിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാന ബിജെപി ഉപാധ്യക്ഷന്‍ സുനില്‍ സോണി പറയുന്നത് ഛത്തീസ്ഗഡിലെ പാവപ്പെട്ടരെ സഹായിക്കാനാണ് ഫോണ്‍ നല്‍കിയതെന്നാണ്. ചിലയിടങ്ങളില്‍ ഏതാനും വീടുകള്‍ മാത്രമാണുള്ളത്. ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തവരെ വികസനത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. പാര്‍ട്ടിക്കുവേണ്ടി വോട്ടു ചെയ്യാന്‍ മാഗ്നം ഗ്രൂപ്പ് അടക്കം പലരുടെയും സഹായത്തോടെ ജനങ്ങളോട് ആവശ്യപ്പെടുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാഗ്നം ഗൂപ്പിന് രമണ്‍ സിങ് സർക്കാരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. സഞ്ചാര്‍ ക്രാന്തി യോജന എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ട ഫ്രീ ഫോണ്‍ പ്രോഗ്രാമുമായി അവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. സർക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തരാണോ എന്നറിയാന്‍ 2017 ല്‍ അവര്‍ സര്‍വെ നടത്തിയിരുന്നു. സേവനത്തിന്റെ നിലവാരമറിയാന്‍, ഫോണ്‍ ലഭിച്ച 200,000 പേരെ ഇന്റര്‍വ്യൂ നടത്തിയതും മാഗ്നമാണ്. രണ്ടുമാസം മുൻപു വരെ സംസ്ഥാനമാണ് ഇതിന്റെ ചെലവു വഹിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ അതു നിർത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിനായി മാത്രം ഈ സംവിധാനം ഉപയോഗിച്ചുവെന്ന പേരു വരുത്താതിരിക്കാനാണ് ഇതെന്നു പറയുന്നു.

എന്നാല്‍, ഈ ഫോണുകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും അതു നന്നാക്കാന്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് അറിയില്ല എന്നും പറയുന്നവരുണ്ട്. എന്നാല്‍, അതിനേക്കാള്‍ ദൈന്യമാണ് മറ്റു ചിലരുടെ ആവശ്യം, ഫോണുകള്‍ക്കായി ലക്ഷക്കണക്കിനു രൂപ നല്‍കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്, മറിച്ച് തങ്ങളുടെ ദിവസക്കൂലി 40 രൂപയായി (അതെ, 40 രൂപ!) ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നാണ് അവര്‍ പറയുന്നത്.