ലേഡീസ് ഹോസ്റ്റലിൽ വരെ ഒളിക്യാമറ, രഹസ്യ ക്യാമറകൾ എങ്ങനെ കണ്ടുപിടിക്കാം?

സാങ്കേതിക ലോകം അതിവേഗം കുതിക്കുകയാണ്. എന്തിനും ഏതിനും ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളെല്ലാം അതിവേഗത്തിലായി. എന്നാൽ അതിലേറെ വേഗത്തിൽ സുരക്ഷാ പ്രശ്നങ്ങളും സ്വകാര്യത നഷ്ടപ്പെടാനും തുടങ്ങി. ഇന്ന് ലോകത്ത് ഒരിടത്തും സുരക്ഷിതമല്ല, വീട്ടിലെ ബെഡ്റൂമിൽ പോലും. സ്മാർട് ഫോണും സ്മാർട് ഡിവൈസുകളും വ്യാപകമായതോടെ ഓരോ നിമിഷവും ഭയക്കേണ്ട സാഹചര്യമാണ്.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ലേഡീസ് ഹോസ്റ്റിൽ നിന്നു കണ്ട ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ബാത്ത്റൂമിലും ബെഡ്റൂമിലും ബെഡിന് സമീപത്തുവരെ ഒളി ക്യാമറകൾ. സാധാരണക്കാരന് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു ക്യാമറകള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. സംഭവം റിപ്പോർട്ട് ചെയ്തതോടെ പൊലീസ് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റു ചെയ്തു. എന്നാൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി അനധികൃത പിജി ഹോസ്റ്റലുകൾ, വനിതാ ഹോസ്റ്റലുകളും ഹോട്ടലുകളും ഉണ്ടെന്നാണ് റിപ്പോർട്ട്.

പഞ്ച നക്ഷത്ര ഹോട്ടലുകളുടെ ടോയ്‌ലറ്റ് റൂമിൽ പോലും ഒളിക്യാമറ ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയ വാർത്ത വന്നിരുന്നു. ഒരാൾക്കു പോലും ഇതു കണ്ടെത്താൻ സാധിക്കില്ലെന്ന് എന്നതാണ് വസ്തുത. നടി നടൻമാർ വരെ താമസിക്കുന്ന ഹോട്ടലിൽ പോലും ഹിഡൻ ക്യാമറകളുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. കണ്ണുകൊണ്ട് പെട്ടെന്ന് കണ്ടെത്താനാകാത്ത സുഷിരങ്ങളിൽ പോലും ക്യാമറ, സ്ക്രൂവിന്റെ വലുപ്പത്തിൽ ക്യാമറ, ക്ലോസറ്റിൽ ക്യാമറ, ബാത്ത് ടവൽ, ഷവർ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ക്യാമറ ഘടിപ്പിച്ചിരിക്കുന്നു.

അതേ, ഹോട്ടൽ മുറിയിൽ പോയാലോ പുതിയ വസ്ത്രം നോക്കാനായി ട്രയൽ റൂമിൽ കയറിയാലോ ഒക്കെ എല്ലാവർക്കും ഇന്നു ഭയമാണ്. ഒളിക്യാമറയുണ്ടാകുമോ എന്ന പേടിയിൽ പലരും ട്രയൽ റൂമുകളും ഹോട്ടൽ മുറികളിലെ താമസവും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു. എത്രനാൾ ഇതു തുടരാനാകും. പ്രായോഗികമായി ഇതിനു പരിഹാരമുണ്ടോ? നിങ്ങളുടെ സ്വകാര്യതയിലേക്ക് നീളുന്ന ക്യാമറക്കണ്ണുകള്‍ എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. പല രൂപത്തില്‍ പല ഭാവത്തില്‍ അതെവിടെയും കാണാം. തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. യാത്രകളില്‍ ഹോട്ടല്‍ മുറികളിലും ബാത്ത്‌റൂമുകളിലും തുണിക്കടയിലെ ട്രയല്‍ റൂമിലുമെല്ലാം ഇത്തരത്തിലുള്ള ക്യാമറകള്‍ കണ്ടുപിടിക്കുന്ന വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എത്രയോ പേരുടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തിയ ശേഷമാണ് ഒരിക്കല്‍ ആരെങ്കിലും ഇത് കണ്ടുപിടിക്കുന്നതു തന്നെ. അപ്പോഴേയ്ക്കും നിരവധിപ്പേരുടെ സ്വകാര്യത നഗ്നചിത്രങ്ങളായും വിഡിയോകളായും സോഷ്യൽമീഡിയകളിലും പോണ്‍ സൈറ്റുകളിലും കറങ്ങിത്തിരിയുന്നുണ്ടാവും.

ഒളിക്യാമറകൾ വിപണിയിൽ സുലഭം

∙ പെട്ടെന്നു കണ്ണിൽപെടാതെ സ്ഥാപിക്കാൻ കഴിയുന്ന ചെറിയ ക്യാമറകൾ വിപണിയിൽ ലഭ്യമാണ്. പ്ലഗ് ഹോൾഡർ മുതൽ ലൈറ്റുകൾക്കുള്ളിൽ വരെ ഇവ സ്ഥാപിക്കാൻ സാധിക്കും. എന്നാൽ ഇത്തരം ക്യാമറകൾ കണ്ടെത്താനും വഴികളുണ്ട്. സ്മോക് ഡിക്ടക്റ്റർ, പ്ലഗ് പോയിന്റ്, ലൈറ്റ്, ഭിത്തികളിലെ ചെറിയ സുഷിരം, പെയിന്റിങ് ഫ്രെയിമുകൾ, ലാംബുകൾ, ഇരുവശത്തു നിന്നും കാണാവുന്ന നിലക്കണ്ണാടികൾ, ക്ലോക്കുകൾ, ഷവർ, മേൽക്കൂരയിലെ മൂലകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കാൻ സാധ്യത കൂടുതൽ. പരിചയമില്ലാത്ത മുറികളിൽ താമസിക്കേണ്ടി വന്നാൽ ഇത്തരം സ്ഥലങ്ങൾ പരിശോധിക്കാം.

മൊബൈൽ ഫോണിൽ കോൾ വിളിച്ച ശേഷം കട്ട് ചെയ്യാതെ മുറിയിൽ ക്യാമറയുള്ളതായി സംശയമുള്ള സ്ഥലത്തിനു സമീപം പിടിച്ചാൽ കാന്തിക വലയം മൂലം ചെറു ശബ്ദങ്ങൾ ഉണ്ടാകും. ക്യാമറകളോ, മൈക്കുകളോ കണ്ടെത്താൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിൽ സൗജന്യമായി ലഭ്യമാണ്. ഇവ ഡൗൺലോഡ് ചെയ്തു പ്രവർത്തിപ്പിച്ചാൽ ഒളിക്യാമറകൾ എളുപ്പത്തിൽ കണ്ടെത്താം.

മുറിയിലെ ലൈറ്റുകൾ ഓഫുചെയ്ത ശേഷം ഫ്ലാഷ് ഓഫ് ചെയ്തു മൊബൈൽ ക്യാമറ പ്രവർത്തിപ്പിച്ചാൽ ക്യാമറകളിൽ നിന്നു പുറപ്പെടുന്ന ഇൻഫ്രാ റെഡ് ലൈറ്റുകൾ ദൃശ്യമാകും. ക്യാമറകളും, ഒളിച്ചുവച്ച ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്താൻ സാധിക്കുന്ന ആർഎഫ് ഡിക്ടറ്ററുകളും വിപണിയിൽ ലഭ്യമാണ്.

അതെ ഒളിക്യാമറ പല രൂപത്തിലും പല ഭാവത്തിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഒളിഞ്ഞുനോട്ടത്തിനും ഒളിക്യാമറയ്ക്കും കാലങ്ങളുടെ പഴക്കമുണ്ട്. വിവിധ ഒളിക്യാമറകളെയും അവയിൽ നിന്നുള്ള രക്ഷാമാർഗവും പരിചയപ്പെടാം.

∙ ഓട്ടോ ഡെ ബെഷ് (Automatique De Bertsch)

മിനി ക്യാമുകളുടെ മുതുമുത്തച്ഛനാണ് ഓട്ടോമാറ്റിക് ഡെ ബെഷ് എന്ന ഈ ക്യാമറ. ഒളിക്യാമറയുടെ ഉപയോഗം അതീവലളിതമായ ഇക്കാലത്തു ഈ ക്യാമറയെപ്പറ്റി ആലോചിക്കുന്നത് രസകരമാണ്. 1861ൽ വെറ്റ്– പ്ലേറ്റ് ഫോട്ടോഗ്രാഫിയുള്ള കാലം. കൊണ്ടുനടക്കാവുന്ന ബ്ലാക്ക്റൂമുമായി വേണം ഈ ക്യാമറയുമായി രഹസ്യങ്ങൾ ചിത്രീകരിക്കാൻ പോകേണ്ടത്. നീണ്ട എക്സ്പോഷർ ചിത്രങ്ങളെ അവ്യക്തവുമാക്കിയിരുന്നു. ദി ഫ്രഞ്ച് ചേമ്പർ ഓട്ടോമാറ്റിക് ഡെ ബെഷ് എന്നാണ് മുഴുവൻ പേര് (The French Chambre Automatique De Bertsch). ഒരിഞ്ച് വീതിയും ഒന്നരയിഞ്ച് നീളവും മാത്രമായിരുന്നു ഈ ക്യാമറയുടെ വലുപ്പം.

∙ ദി ആൻസ്കോ മെമോ

പ്രൈവറ്റ് ഡിറ്റക്ടീവിസ് ഏറ്റവുമധികം ഉപയോഗിച്ച ക്യാമറയാണിത്. ഡ്രൈ ഫിലിംസിലേക്ക് ഫൊട്ടോഗ്രഫി മാറിയ കാലം. 35 എംഎം ആൻസ്കോ മെമോ മിനിയേച്ചർ രംഗപ്രവേശനം ചെയ്തു. സംഗതി ഹിറ്റായി. 1920– 30 കാലഘട്ടത്തിൽ പോക്കറ്റിലിട്ട് നടക്കാവുന്നതും വേഗത്തിൽ ഫോട്ടോ എടുക്കാവുന്നതുമായ ക്യാമറയായിരുന്നുവത്.

∙ ടിക്കാ എക്സോ വാച്ച്

കണ്ടാൽ പോക്കറ്റ് വാച്ചെന്നേ തോന്നൂ. പക്ഷേ സമയം നോക്കാനല്ല, ഫോട്ടോ എടുക്കാനാണ് ഉപയോഗിച്ചിരുന്നത്. ടൈംപീസിനേക്കാൾ ഇരട്ടി കട്ടിയുള്ള ഇത് ക്യാമറയാണെന്ന് പിടികിട്ടില്ല. 1905–1914 കാലഘട്ടത്തിൽ ഒളിക്യാമറ ഓപ്പറേഷന് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടു. ഒരു ഡോളറായിരുന്നു ക്യാമറയുടെ വില.

∙ എബിസി റിസ്റ്റ് വാച്ച്

മനോഹരമായ ഡയലുകളുള്ള റിസ്റ്റ് വാച്ച്. 1949ൽ ജർ‌മ്മനിയിൽ നിർമിച്ച ദി എബിസി റിസ്റ്റ്‍വാച്ച് ശരിക്കുമൊരു ക്യാമറയായിരുന്നു. ആൾക്കൂട്ടത്തിലോ മീറ്റിംഗുകളിലോ പങ്കെടുത്ത് രഹസ്യമായി പടങ്ങളെടുക്കാൻ ഇവൻ മിടുക്കനായിരുന്നു. പക്ഷെ, ആരെങ്കിലും വന്നു സമയം ചോദിച്ചാൽ കുടുങ്ങിയതുതന്നെ.

∙ ദി എക്കോ ലൈറ്റർ

എരിയുന്ന സിഗരറ്റുമായി ചാരക്കണ്ണുകളോടെ നടക്കുന്ന ഡിറ്റക്ടീവ്സിന്റെ കൈവശം എപ്പോഴും സിഗരറ്റ് ലൈറ്റർ ഉണ്ടാകും. അലുമിനിയത്തിൽ പൊതിഞ്ഞ ലൈറ്റർ. തീയിനു വേണ്ടി കത്തിക്കുമ്പോൾ ഫ്ലെയിമിനു പകരം ഫ്രെയിമാണ് ഉണ്ടാവുകയെന്നു മാത്രം. 1951ലാണ് ദി എക്കോ 8 ലൈറ്റർ ക്യാമറകൾ വിപണിയിലെത്തിയത്.

∙ സിഗരറ്റ് ക്യാമറ

ലൈറ്ററുകളിൽ ക്യാമറ ആകാമെങ്കിൽ സിഗരറ്റിലായിക്കൂടെ എന്നു ചിന്തയുടെ ഫലമാണ് ടെസ്സിന 35. സിഗരറ്റ് പാക്കറ്റു പോലെ കീശയിലിട്ടു നടക്കാവുന്ന ക്യാമറ. സിഗരറ്റ് വലിച്ചൂതുക, ഒപ്പമൊരു ചിത്രവുമെടുക്കുക. സിഗരറ്റുകൂട് കൈയിൽ പിടിച്ചു നടക്കുന്നയാൾ സൂത്രത്തിൽ ചിത്രമെടുക്കുകയാണെന്ന് മനസിലാകുകയേയില്ല. സിഗരറ്റിനൊപ്പം സിഗരറ്റു ക്യാമറയും ഹിറ്റായി. 1957 മുതൽ 1996 വരെ, 38 വർഷം മികച്ച ക്യാമറയെന്ന പേരോടെ വിപണയിലുണ്ടായി.

∙ മിനോക്സ്

ഫിലിം റീലോഡ് ചെയ്യാതെ 50 ചിത്രങ്ങളെടുക്കാം എന്നതായിരുന്നു മിനോക്സ് ക്യാമറയുടെ മെച്ചം. കൈപ്പിടിയിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറയിലൂടെ നിലവാരം കൂടിയ ചിത്രങ്ങൾ എടുക്കാം. 1937ൽ പുറത്തിറങ്ങിയെങ്കിലും അറുപതുകളിലും എഴുപതുകളിലുമാണ് പ്രീതി നേടിയത്. പിന്നീട് ഈ ക്യാമറയുടെ ഡിജിറ്റൽ പതിപ്പും ഇറങ്ങി.

∙ പീജിയൺ ക്യാമറ

വ്യക്തികൾ മാത്രമല്ല. സൈന്യങ്ങളും രാജ്യങ്ങളും രഹസ്യമായി ചിത്രങ്ങളെടുക്കുന്നുണ്ട്. ആകാശവീക്ഷണ ചിത്രത്തിന് ഇന്ന് സാറ്റലൈറ്റും ഡ്രോണുമുണ്ട്. പക്ഷേ 1940–50 കാലഘട്ടത്തിൽ ഇത്തരത്തിൽ രഹസ്യചിത്രം എടുക്കാൻ ഉപയോഗിച്ചിരുന്നത് പ്രാവുകളെയാണ്. യുദ്ധസമയങ്ങളിൽ 95 ശതമാനം കൃത്യതയോടെ പ്രാവുക്യാമറകൾ പല രാജ്യങ്ങൾക്കായി പണിയെടുത്തു.

∙ ബട്ടൺഹോൾ ക്യാമറ

ഉടുപ്പിന്റെ ബട്ടണിൽ ക്യാമറ പിടിപ്പിക്കുന്നത് ഇക്കാലത്ത് സാധാരണം. 1970ൽ തന്നെ കോട്ടുകളിൽ തുന്നിപ്പിടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ചിരുന്നു. യുഎസ്, സോവിയറ്റ് യൂണിയൻ, യൂറോപ്യൻ രാജ്യങ്ങൾ ആകമാനം ചാരവൃത്തിക്കായി ക്യാമറയുള്ള കോട്ടിട്ടു. ഇപ്പോൾ മുഴുനീള വിഡിയോ ചിത്രീകരിക്കാം. അന്നു ചിത്രമെടുക്കേണ്ട ഘട്ടത്തിൽ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് ക്യാമറയുടെ ട്രിഗർ പ്രവർത്തിപ്പിക്കുകയാണ് ചെയ്തിരുന്നത്.

∙ ഇൻഫ്രാറെ‍ഡ് ബ്രീഫ്കെയ്സ്

പോക്കറ്റിലിട്ട് നടക്കാവുന്ന ക്യാമറകൾ മാത്രമായിരുന്നില്ല പണ്ടുണ്ടായിരുന്നത്. ബ്രീഫ്കെയ്സിൽ കൊണ്ടുനടക്കുന്ന തരവുമുണ്ടായിരുന്നു, സ്റ്റാസി ബ്രീഫ്കെയ്സ് ക്യാമറ (Stasi Briefcase camera). കൊണ്ടുനടക്കുക പ്രയാസമായിരുന്നു. എന്നാലും ചില അധികഗുണങ്ങൾ ഈ ഒളിക്യാമറക്കുണ്ട്. ഇൻഫ്രാറെഡ് ‌ഫിലിമാണ് ഉപയോഗിച്ചിരുന്നത്. മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാനാകാത്തതായിരുന്നു ഇതിലെ ഫ്ലാഷ്. രാത്രിയിലോ ഇരുട്ടിലോ ചിത്രമെടുക്കാൻ അനുയോജ്യം.

∙ കീചെയിൻ ക്യാമറ

എഴുപതുകളിൽ സിഐഎ ഏജന്റുമാരുടെ കൈവശം കീചെയിൻ നിർബന്ധമായും കാണും. കീചെയിൻ ഇല്ലെങ്കിൽ കാര്യമെല്ലാം കുളമാകും. കാരണം കീചെയിനിലുള്ളത് ഒളിക്യാമറയായിരുന്നു.

∙ യുഎസ്ബി ഫ്ലാഷ്

കീ ചെയിൻ പോലെ യുഎസ്ബി വിരലിലിട്ട് വീശിനടക്കുന്നവരെ ചിലപ്പോൾ സംശയിക്കേണ്ടി വരും. കാരണം പോക്കറ്റിൽ സൂക്ഷിക്കാവുന്ന യുഎസ്ബി പുറത്തുകാണിച്ചു നടക്കുമ്പോൾ ചില ഉദ്ദേശ്യങ്ങളുണ്ടാകാം. ഒളിക്യാമറകൾ ഫിറ്റ് ചെയ്ത യുഎസ്ബികൾ ധാരാളം വാങ്ങാൻ കിട്ടും. ഇതിലേതെങ്കിലുമാണ് ഇവരുടെ കൈയിലുള്ളതെങ്കിൽ കുടുങ്ങിയതു തന്നെ. യുഎസ്ബി പ്ലഗിന് എതിർവശത്താകും ക്യാമറകൾ സ്ഥാപിച്ചിരിക്കുക. ഓഫീസിലെയോ ക്ലാസ്മുറിയിലെയോ കംപ്യൂട്ടറിൽ അറിയാത്ത മട്ടിലിരിക്കുന്ന യുഎസ്ബികൾ ശ്രദ്ധിക്കണം.

∙ ഷവർജെൽ ക്യാമറ

ഷാമ്പൂ, ബോഡിവാഷ് കുപ്പികളിൽ സ്പൈകാം വയ്ക്കുന്നവരുമുണ്ട്. ഒരുതരത്തിലും സംശയം തോന്നില്ലെന്നതാണ് ഇവയുടെ ഗുണം. കുപ്പിയുടെ പകുതി ഷാമ്പൂവോ ഷവർജെല്ലോ തന്നെയാകും. മുകളിലോ താഴെയോയുള്ള ബാക്കി പകുതിയിലാകും ക്യാമറ. ജലപ്രതിരോധവും ചലനങ്ങളെ തിരിച്ചറിയാവുന്നതുമായ ആധുനിക ക്യാമറകളാണ് കുപ്പികളിലാക്കുന്നത്. പരിചിതമല്ലാത്ത വീടുകളിലോ ഹോട്ടൽ മുറികളിലോ ആണ് ഇത്തരം ചതിക്കുഴികൾ വലവിരിക്കുക.

∙ വൈഫൈ അഡാപ്റ്റർ

പ്ലഗിൽ കുത്തിയിട്ടിരിക്കുന്ന എസിവൈഫൈ അഡാപ്റ്റർ. താഴേക്ക് വയർ നീണ്ടുകിടപ്പുണ്ടാകും. എത്ര നോക്കിയാലും സംശയമേയുണ്ടാകില്ല. പക്ഷെ അഡാപ്റ്ററിൽ ഒളിപ്പിച്ചിട്ടുള്ള ക്യാമറ നിങ്ങളെ ഒപ്പിയെടുക്കാൻ തുടങ്ങിയിരിക്കും. പോസിറ്റീവ്, നെഗറ്റീവ് ചിഹ്നങ്ങളുടെ ഹോളുകൾക്കു ഉള്ളിലായിരിക്കും മിക്കവാറും ക്യാമറകൾ. ഇൻബിൽറ്റ് വൈഫൈ ഉള്ള ചിലയിനം ക്യാമറകളിൽ നിന്നു ദൃശ്യങ്ങൾ തത്സമയം ആവശ്യക്കാരുടെ ഫോണിലോ ടാബിലോ എത്തും. ഇതിനുള്ള ആപ്പുകളുണ്ട്. മൈക്രോ എസ്ഡി കാർഡിൽ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്യും.

∙ ടിഷ്യു ബോക്സ്

സാധാരണ ടിഷ്യുപേപ്പർ ബോക്സ് ക്യാമറയാക്കി മാറ്റിയിരിക്കും. ടിഷ്യുവും അതിലുണ്ടാകും. സംശയം തോന്നില്ല. മുറിയിൽ വസ്ത്രങ്ങളുടെ കൂട്ടത്തിലോ ബാത്റൂമിലോ വച്ചാൽ കണ്ടുപിടിക്കുക എളുപ്പമല്ല.

∙ ഇലക്ട്രിക്കൽ ഇമോജി

ഇലക്ട്രിക് പ്ലഗുകൾ സ്പൈകാമിന്റെ ഇഷ്ട ഇടമാണ്. ഉപയോഗിക്കാത്ത പ്ലഗുകളിൽ ചിലപ്പോൾ സ്മൈലി ഇമോജികൾ ഫിറ്റ് ചെയ്തിട്ടുണ്ടാകും. ഇതിൽ ഒളിക്യാമറയുണ്ടാകും എന്നതാണ് ആശങ്ക. ഇത്തരം സ്പൈ ഇമോജികൾ സോക്കറ്റിൽ മാത്രമല്ല ചുമരുകളിലും ഒട്ടിച്ചുവയ്ക്കാം. അലങ്കാരത്തിനു വച്ചതെന്നോ കരുതൂ.

∙ ടോയ്‍ലറ്റ് ബ്രഷ്

ബാത്റൂമിലെ വാതിലിലും ഷാമ്പൂ ബോട്ടിലിലും സ്ക്രൂകളിലും ടിഷ്യു ബോക്സിലും ഒളിക്യാമറയെ സംശയിക്കണമെന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ ഇതൊന്നും പോരാഞ്ഞ്, താഴെ മൂലയിലിരിക്കുന്ന ടോയ്‍ലറ്റ് വൃത്തിയാക്കുന്ന ബ്രഷിലും ക്യാമറകളുണ്ടെന്നാണ് പുതിയ വിവരം. റിമോട്ട് കൺട്രോളും മോഷൻ സെൻസിംഗുമുള്ള ക്യാമറകളാണ് ബ്രഷിലുണ്ടാകുക. അതിബുദ്ധിയുള്ള ആളുകളെക്കൂടി ചതിയിൽ വീഴ്ത്തുകയാണ് ലക്ഷ്യം.

∙ സ്മോക് ഡിറ്റക്ടർ

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം സ്റ്റേകളിലുമാണ് സ്മോക് ഡിറ്റക്ടർ സ്ഥാപിച്ചിരിക്കുക. തീപിടുത്തമുണ്ടായാൽ പെട്ടെന്ന് മനസിലാക്കി അലാറം അടിച്ച് ഉടമസ്ഥരെ അറിയിക്കുകയാണ് ഉദ്ദേശ്യം. മുറിക്കുമുകളിലായി സ്ഥാപിച്ചിട്ടുള്ള സ്മോക് ഡിറ്റക്ടറിനെ പലരും സംശയിക്കാറുമില്ല. എന്നാൽ സ്മോക് പിടിച്ചെടുക്കാനല്ല, ആളുകളെ സ്വകാര്യത പൂർ‌ണതോതിൽ പിടിച്ചെടുക്കാനുള്ള ക്യാമറകളാണ് ഇങ്ങനെ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

∙ സ്പോർട്സ് ഷൂ

ആരും ചിന്തിക്കാത്തിടത്ത് ക്യാമറകൾ സ്ഥാപിക്കുന്നതിലാണ് ഒളി‍ഞ്ഞുനോട്ടക്കാരുടെ വിജയം. സ്പോർട്സ് ഷൂവിലാണ് പുതിയ പരീക്ഷണം. സാധാരണ ഷൂ പോലെയിരിക്കും. കാലിലണിഞ്ഞു നടക്കുകയും ചെയ്യാം. ആർക്കും സംശയത്തിന്റെ സൂചന പോലും കൊടുക്കാതെ ഒരു ഹാൾ മൊത്തമായി തന്നെ രഹസ്യമായി ഇവർ പകർത്തിയിരിക്കും.

∙ ബള്‍ബ് ക്യാമറ

കാണുമ്പോള്‍ സാധാരണ ബള്‍ബിനെപ്പോലെത്തന്നെ ഇരിക്കുന്ന ഈ ക്യാമറയ്ക്ക് ഇരുട്ടത്തു പോലും കാര്യങ്ങള്‍ കാണാനും രേഖപ്പെടുത്താനും കഴിയും. റിമോട്ട് കൺട്രോള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാം.

∙ പേന ക്യാമറ

സർവസാധാരണമാണ് പേനയിലെ ക്യാമറകള്‍. കീശയില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പേനകള്‍ മുന്നില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ഫോട്ടോകളും വിഡിയോകളും രേഖപ്പെടുത്തി വയ്ക്കും.

∙ സ്ക്രൂ ക്യാമറ

കുഞ്ഞു സ്ക്രൂവിൽ ഒളിപ്പിക്കാവുന്ന ക്യാമറകളും ഇപ്പോൾ ലഭ്യമാണ്. ഇത്തരം ക്യാമറകൾ ഉപയോഗിച്ച് വിഡിയോകൾ പകർത്താൻ സാധിക്കും. ഇത്തരം സ്ക്രൂ ക്യാമറകൾ കണ്ടുപിടിക്കുക ഏറെ ബുദ്ധിമുട്ടാണ്.

ക്യാമറക്കണ്ണുകള്‍ എങ്ങനെ തിരിച്ചറിയാം

കണ്ണുകള്‍ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം വിദഗ്ധമായായിരിക്കും ഒളിക്യാമറകള്‍ ക്രമീകരിക്കുന്നത്. ഇവയെ പ്രതിരോധിക്കാനും ചില മാര്‍ഗങ്ങളുണ്ട്. എങ്കിലും അപരിചിതമായ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത കാണിക്കുക എന്നതാണ് പ്രധാന പോംവഴി.

∙ വയര്‍ലെസ് ക്യാമറ ഡിറ്റക്റ്റര്‍

ഓണ്‍ലൈനില്‍ നിന്നോ ഇലക്ട്രോണിക് സ്റ്റോറുകളില്‍ നിന്നോ വാങ്ങാന്‍ കിട്ടും. ഇവ ഉപയോഗിച്ച് മുറിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ടെത്താനാകും.

∙ മൊബൈലും ഉപയോഗിക്കാം

സ്പീക്കറുകള്‍ക്ക് അടുത്തൊക്കെ നിന്നു സംസാരിക്കുമ്പോള്‍ മൂളല്‍ പോലെ ഫോണില്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കാറില്ലേ. ഇതേ വിദ്യ ഇവിടെയും പ്രായോഗികമാണ്. ക്യാമറ ഉള്ളിടത്ത് ശക്തമായ വൈദ്യുതകാന്തികമണ്ഡലം (electromagnetic field) കാണും. ഇങ്ങനെയുള്ളിടത്തു നിന്നു ഫോണില്‍ സംസാരിക്കുമ്പോള്‍ ഇതേ രീതിയിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും. മാത്രമല്ല, മുറിയിലെ ലൈറ്റെല്ലാം അണച്ചശേഷം മൊബൈലിലെ ക്യാമറ ഓണാക്കി മുറി മൊത്തം നോക്കിയാലും ഒളിക്യാമറകൾ കണ്ടുപിടിക്കാം. ഏതുചെറിയ ക്യാമറയായാലും പ്രവർത്തിക്കുമ്പോൾ ചെറിയ ചുവപ്പ് ലൈറ്റ് കത്തും. ഇതാണ് മൊബൈൽ ക്യാമറ പിടിച്ചെടുക്കുന്നത്.