Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

43 മണിക്കൂർ നീണ്ട സാഹസിക കായികവിനോദത്തിനിടയിലും മകനെ പാലൂട്ടി ഒരമ്മ

breast-feeding-44

സോഫി പവർ എന്ന ലണ്ടൻകാരിക്ക് ലോകത്തിനു നൽകാൻ ഒരു സന്ദേശമുണ്ട്. മാതൃത്വത്തിന്റെ മഹനീയസന്ദേശം. അതു വെറുതെ പറയുകയല്ല, മഹത്തായ ഒരു പ്രവൃത്തിയിലൂടെ അവർ ലോകത്തിനു കാണിച്ചുകൊടുത്തു. 

170 കിലോമീറ്റർ വരുന്ന മോണ്ട് ബ്ലാങ്ക് അൾട്രാ ട്രെയിൽ റേസ്. മലനിരകളിലൂടെ കുതിച്ചുപായുന്ന അതിദീർഘവും സാഹസികവുമായ കായികവിനോദം. 36 വയസ്സുകാരി സോഫി പവർ ഈ മൽസരയിനത്തിൽ പങ്കെടുത്തതിനിടെ മൂന്നുമാസം പ്രായമുള്ള മകനു പാലൂട്ടാനും സമയം കണ്ടെത്തി. 

43 മണിക്കൂർ എടുത്താണ് സോഫി മൽസരം പൂർത്തിയാക്കിയത്. സ്റ്റാർട്ടിങ് ലൈനിൽനിന്നു പുറപ്പെടുന്നതിനു മുമ്പ് സോഫി മകനെ പാലൂട്ടി. മൽസരം തുടങ്ങിയശേഷമുള്ള എല്ലാ വിശ്രമകേന്ദ്രങ്ങളിലും ഭർത്താവ് അവരെ അനുഗമിച്ചു. പാൽ ശേഖരിച്ച് അദ്ദേഹം മകന്റെയടുത്തേക്കു സഞ്ചരിച്ച് കുട്ടിയുടെ വിശപ്പു ശമിപ്പിച്ചു. ഫിനിഷിങ് ലൈൻ കടന്നതിനുശേഷമാണ് ഈ കാര്യം അവർ ലോകത്തെ അറിയിച്ചത്. 

2014–ൽ മൂത്തമകൻ ഡൊനാക്കയെ ഗർഭം ധരിച്ചിരിക്കുമ്പോഴും മൽസരത്തിൽ പങ്കെടുക്കാൻ തയാറായിരുന്നു സോഫി. പക്ഷേ അത്തവണ അവർക്ക് അനുമതി ലഭിച്ചില്ല.  പരുക്കു പറ്റിയവരെപ്പോലും  മൽസരിക്കാൻ അനുവദിക്കുമെങ്കിലും ഗർഭിണികളെ മൽസരിക്കാൻ അനുവദിക്കാറില്ലത്രേ.ഗർഭം എന്നത് ഓരോരുത്തരുടെയും ഇഷ്ടമായതിനാലാണ് അങ്ങനെയൊരു നിബന്ധന. രാജ്യാന്തര രംഗത്ത് പലയിനങ്ങളിലും സ്ത്രീകൾക്ക് അനുകൂലമായി നിയമം മാറ്റിയിട്ടുണ്ടെങ്കിലും ചില രംഗങ്ങളിലും സ്ത്രീവിവേചനം നിലനിൽക്കുന്നതായി സോഫി പറയുന്നു. 

സാധാരണ ഓരോ മൂന്നു മണിക്കൂർ കൂടൂമ്പോഴും സോഫി മകനു പാലു കൊടുക്കാറുണ്ട്. അതുകൊണ്ടാണ് 43 മണിക്കൂർ നീണ്ട മൽസരത്തിൽ പങ്കെടുക്കുമ്പോഴും അതിനു മുടക്കം വരുത്താതിരിക്കാൻ ശ്രദ്ധിച്ചതും അതിൽ വിജയിച്ചതും.