ADVERTISEMENT

സന്ധ്യയ്ക്ക് ത്രയോദശി വരുന്ന ദിനമാണ് ഭഗവാൻ ശിവശങ്കരനു പ്രധാനമായ പ്രദോഷ ദിനം. ഇതനുസരിച്ചു മിഥുനമാസത്തിലെ പ്രദോഷം ജൂലൈ 15 ശനിയാഴ്‌ച വരുന്നു. ഒരു മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും പ്രദോഷം വരാറുണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം മാത്രം അനുഷ്ഠിക്കുന്നവരുമുണ്ട്. ജൂലൈ 15 ശനിയാഴ്‌ച വരുന്നത് കറുത്തപക്ഷത്തിലെ പ്രദോഷമാണ്. ത്രയോദശി തിഥി ജൂലൈ14 വെള്ളിയാഴ്ച 07: 17ന് ആരംഭിച്ചു ജൂലൈ 15  ശനിയാഴ്‌ച രാത്രി 08:33 ന് അവസാനിക്കുന്നു.

 

പ്രദോഷസന്ധ്യയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു. ഈ അവസരത്തിൽ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ വ്രതാനുഷ്ഠാനത്തോടെയുള്ള ഭജനം അതീവ ഫലദായകമാണ്. 

അറിയാം ദാമ്പത്യ ജീവിതത്തെ സ്വാധീനിച്ചേക്കാവുന്ന യോഗങ്ങളും ദോഷ പരിഹാരങ്ങളും

ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പ്രദോഷസന്ധ്യയിൽ  പാർവതീ ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. ഈ പുണ്യവേളയില്‍ സരസ്വതീ ദേവി  വീണ വായിക്കുകയും  ബ്രഹ്മാവ് താളം പിടിക്കുകയും ലക്ഷ്മീദേവി  ഗീതം ആലപിക്കുകയും മഹാവിഷ്ണു മൃദംഗം വായിക്കുകയും ചെയ്യുന്നു . നന്ദിയും ഭൃംഗിയും ഗന്ധര്‍വയക്ഷ കിന്നരന്മാരും  തുടങ്ങീ  എല്ലാവരും ഭഗവാനെ ഭക്തിയോടെ സേവിച്ചു നിൽക്കും. ഈ അവസരത്തിൽ നാം ജപിക്കുന്ന ഓരോ മന്ത്രത്തിനും ഇരട്ടിഫലമാണ് . ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ  സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ശിവസഹസ്രനാമം , പഞ്ചാക്ഷരീ സ്തോത്രം എന്നിവ സന്ധ്യയ്ക്ക് ജപിക്കാം. ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടക ജപം ഉത്തമമാണ്.  വാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി  സുഗമമായി മുന്നോട്ടു പോവാൻ സഹായിക്കും എന്നാണ് വിശ്വാസം.

പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പുറകുവിളക്കിൽ എണ്ണ, ജലധാര എന്നിവ  നടത്തുക. പ്രദോഷ ദിനത്തിൽ കൂവളത്തില പറിക്കാൻ പാടില്ലാത്തതിനാൽ തലേന്ന് സന്ധ്യയ്ക്ക് മുന്നേ പറിച്ചു വച്ചു പിറ്റേന്ന് ക്ഷേത്രത്തിൽ സമർപ്പിക്കാം. പകൽ മുഴുവൻ ഉപവാസം നന്ന്, അതിനു സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറുണ്ണാം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂർവം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. 

Content Summary : Significance of Shani Pradosh Vratham in 2023 July 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com