ADVERTISEMENT

ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നവയാണ് അയാളുടെ കയ്യക്ഷരങ്ങൾ. ഉരുട്ടിയും നീട്ടിയും ചരിച്ചുമെഴുതുന്ന ഈ അക്ഷരങ്ങൾക്ക് നമ്മുടെ സ്വഭാവവുമായി വലിയ ബന്ധമുണ്ടെന്ന് പണ്ടുമുതലേ പറഞ്ഞു കേൾക്കുന്നുണ്ട്. പല പഠനങ്ങളും ആ പറച്ചിലുകൾക്ക് അടിവരയിടുന്നുമുണ്ട്. ഇന്ന് കൈകൊണ്ട് അക്ഷരങ്ങൾ എഴുതുന്നവർ വളരെ ചുരുക്കമാണ്. ഇമെയിലുകളും എസ്എം എസുകളും കൈപ്പടയിലെഴുതിയ അക്ഷരങ്ങളുടെ കാലത്തിനു വിരാമമിട്ടു എന്നുവേണമെങ്കിൽ പറയാം. എങ്കിലും ചില സന്ദർഭങ്ങളിൽ ഇന്നും നമുക്ക് പേനയെടുക്കേണ്ടി വരാറുണ്ട്. ഏതാണ് ആ ചില സന്ദർഭങ്ങൾ എന്നല്ലേ? ഔദ്യോഗിക ആവശ്യങ്ങൾ. അവിടെയിപ്പോഴും കയ്യൊപ്പുകൾക്ക് വലിയ സ്ഥാനമുണ്ട്. കയ്യൊപ്പുകളെ ഏഴുതരത്തിൽ തിരിച്ചുകൊണ്ടു ഒരു വ്യക്തിയുടെ സ്വഭാവം വിലയിരുത്താൻ കഴിയുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

വലുപ്പം
വലുപ്പം കൂടിയ ഒപ്പുകൾ ഇടുന്നവർ കൂട്ടുകൂടാൻ ഇഷ്ടപ്പെടുന്നവരും പ്രസന്ന പ്രകൃതമുള്ളവരുമായിരിക്കും. എന്നാൽ ചെറിയ ഒപ്പുകളുടെ ഉടമകൾ, ധനവിനിയോഗത്തിലും വികാരപ്രകടനങ്ങളുടെ കാര്യത്തിലും ലുബ്ധരും ഉൾവലിഞ്ഞ പ്രകൃതമുള്ളവരുമായിരിക്കും. അഹങ്കാരമോ ഞാനെന്ന ഭാവമോ ഇത്തരക്കാർക്കുണ്ടാകുകയില്ലായെന്നതും ചെറിയ ഒപ്പുകൾ ഇടുന്നവരുടെ സ്വഭാവത്തിന്റെ വലിയൊരു സവിശേഷതയാണ്.

ഒപ്പിലെ ആദ്യാക്ഷരം വലുതാണോ?
ചിലരുടെ ഒപ്പുകളിൽ ആദ്യാക്ഷരത്തിനു വലുപ്പം കൂടുതലാണ്. ഈ വലുപ്പ കൂടുതലുകൾ സൂക്ഷമമായി പരിശോധിച്ചാൽ ഇത്തരക്കാരുടെ സ്വഭാവം എളുപ്പത്തിൽ മനസിലാക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഒപ്പിലെ ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും സ്വയം ആ വ്യക്തി എങ്ങനെ വിലയിരുത്തുന്നുവെന്നും മറ്റുള്ളവരെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നും വെളിപ്പെടുത്തുന്നു. ഒപ്പിലെ ആദ്യാക്ഷരം വലിയ അക്ഷരമാണെങ്കിൽ, ആ വ്യക്തി ആത്മാഭിമാനം കൂടുതലുള്ള ആളായിരിക്കും. എന്നാൽ ഒപ്പിലെ ആദ്യാക്ഷരം ചെറുതാണെങ്കിൽ അയാൾ എളിമയുള്ളവനായിരിക്കും.

ചരിഞ്ഞ ഒപ്പുകൾ
ഒപ്പുകളിലെ ചരിവുകൾ ഒരു വ്യക്തിയുടെ മനോനിലയെയാണ് വെളിവാക്കുന്നത്. അങ്ങനെ ഒപ്പുകളെ മൂന്നായി തരംതിരിക്കാം. മുകളിലേക്കുള്ള ചരിവുകൾ ആ വ്യക്തിയുടെ ആഗ്രഹങ്ങളെയും ശുഭകരമായ ചിന്തകളെയുമാണ് സൂചിപ്പിക്കുന്നത്. തിരശ്ചീനമായ ഒപ്പുകൾ, വ്യക്തിയുടെ ജീവിതത്തോടും തൊഴിലിനോടുമുള്ള തുലന സമീപനത്തെയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ഒപ്പിലെ താഴേക്കുള്ള ചരിവുകൾ ആത്മാഭിമാനം ഇല്ലാത്ത വ്യക്തിത്വത്തിന്റെ അടയാളമായാണ് പരിഗണിക്കപ്പെടുന്നത്.

ആദ്യത്തെ പേരോ, അവസാനത്തെ പേരോ, ഇനിഷ്യലോ ഒപ്പിൽ ഉപയോഗിക്കുന്നവർ
ആദ്യത്തെ പേര് മാത്രം കയ്യൊപ്പിൽ ഇടുന്നവർ സ്വന്തം കാര്യങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുന്ന വ്യക്തിയായിരിക്കും. ഇത്തരക്കാർ സ്വകുടുംബത്തോട് അടുപ്പക്കൂടുതലൊന്നും പ്രകടിപ്പിക്കാനിടയില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന ഇവർ പണം ചെലവഴിക്കുന്നതിൽ കർക്കശക്കാരായിരിക്കും. സ്വന്തമായി തൊഴിൽ ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഇക്കൂട്ടർ.

അവസാന പേര് മാത്രം ഒപ്പിൽ ഉപയോഗിക്കുന്നവർ, കുടുംബത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുന്നത്. കുടുംബത്തോട് എപ്പോഴും വലിയ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നവരായിരിക്കും ഇവർ. ഇത്തരക്കാർക്ക് എന്തെങ്കിലും രീതിയിലുള്ള പ്രശ്ങ്ങളെ നേരിടേണ്ടി വന്നാലും, സ്വകുടുംബത്തിന്റെ കരുതൽ അവരെ ആ പ്രശ്നങ്ങളിൽ നിന്നും എളുപ്പത്തിൽ അതിജീവിക്കാൻ സഹായിക്കും.കയ്യൊപ്പുകളുടെ ആരംഭത്തിൽ ഇനിഷ്യലുകൾ ഉപയോഗിക്കുന്നവർ, ജീവിതത്തോട് എല്ലാക്കാലത്തും ഒരേതരത്തിലുള്ള സമീപനം പുലർത്തുന്നവരായിരിക്കും.ഒപ്പിടുമ്പോൾ അവസാന പേരിനു ശേഷമാണ് ആദ്യത്തെ പേരെഴുതുന്നതെങ്കിൽ ആ വ്യക്തി, തന്നെക്കാളുപരി തന്റെ കുടുംബത്തെ സ്നേഹിക്കുന്നയാളായിരിക്കും.

അടിവരയുള്ള ഒപ്പുകൾ
ഒപ്പുകൾക്ക് അടിവരയിടാത്തവർ എളിമയുള്ളവരും ഞാനെന്ന ഭാവം തീരെ പ്രകടിപ്പിക്കാത്തവരുമായിരിക്കും. ആവശ്യമില്ലാതെ ബഹളംവെയ്ക്കുന്നവരോ, തങ്ങളുടെ വൈദഗ്ധ്യം മറ്റുള്ളവർക്ക് മുമ്പിൽ പ്രകടിപ്പിച്ച് അവരിൽ മതിപ്പുളവാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നവരോ ആയിരിക്കുകയില്ല. ഒപ്പിനടിയിൽ ഒരു വര മാത്രം വരയ്ക്കുന്നവൻ തന്നെക്കുറിച്ചു മറ്റുള്ളവർ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. തങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുന്നതിനു ഇവർ ശ്രമിക്കുന്നതുമായിരിക്കും.

ഇരുവരകൾ ഒപ്പിനടിയിൽ വരക്കുന്നവർ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ കൂടി അറിയണമെന്ന് അതിയായി മോഹിക്കുന്നവരായിരിക്കും. മറ്റുള്ളവർക്ക് ഗുണപരമായ എന്തെങ്കിലും കാര്യങ്ങൾ ഇക്കൂട്ടർ ചെയ്തിട്ടുണ്ടെങ്കിൽ അത് ചുറ്റുമുള്ളവരറിയണമെന്നും അഭിനന്ദിക്കപ്പെടണമെന്നും ഇവർക്ക് ആഗ്രഹമുണ്ടായിരിക്കും. ഒപ്പിനെ ഖണ്ഡിക്കുന്ന തരത്തിൽ വരയിടുന്നവർ തങ്ങളുടെ വാക്കുകളിൽ ഉറച്ചുനിന്നുകൊണ്ടു തർക്കങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത കൂടുതലുള്ളവരാണ്.

ഒപ്പിൽ കുത്തുകളിടുന്നവർ
എഴുതുന്ന എല്ലാത്തിലും പൂർണത വേണമെന്നു ശഠിക്കുന്ന ചിലരുണ്ട്. അത്തരക്കാരാണ് തങ്ങളുടെ ഒപ്പുകളുടെ അവസാനങ്ങളിൽ പൂർണവിരാമം ചേർക്കുന്നത്. ഒപ്പിട്ടതിനു ശേഷം ചിലർക്ക് ഒരു അടിവരയും കുത്തും നിർബന്ധമാണ്. അത്തരക്കാരുടെ സ്വഭാവത്തിനുമുണ്ട് ചില സവിശേഷതകൾ. ഒപ്പുകളിൽ ഒരു കുത്ത് ഇടുന്നവർക്ക് താൻ ആരെണെന്നും എന്താണെന്നും തുടങ്ങി ചെയ്യുന്ന എല്ലാ പ്രവർത്തികളെക്കുറിച്ചും ഉത്തമ ബോധ്യമുള്ളവരായിരിക്കും. ഇരട്ടകുത്തുകളുടെ ഉടമകൾ ആരാണ് ഇത് ചെയ്തതെന്ന് ഓർമിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.

ഒപ്പുകളുടെ അവസാനത്തിൽ ഇടുന്ന കെട്ടുകൾ/ കുടുക്കുകൾ
ഒപ്പുകളുടെ അവസാനങ്ങളിൽ ചുറ്റികെട്ടുകൾ ഇടുന്നവർ എല്ലാകാര്യങ്ങളെക്കുറിച്ചും ഒരുപാട് ചിന്തിക്കുന്നവരായിരിക്കും. മറ്റുള്ളവരുടെ സന്തോഷത്തിനു ഇക്കൂട്ടർ പ്രാമുഖ്യം നൽകും. വളച്ചൊടിച്ചു വിശദീകരണങ്ങൾ നല്കുന്നവരായിരിക്കും ഇത്തരക്കാർ. സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കിൽ കലഹത്തിന് മുതിരാനും ഇവർക്ക് മടിയുണ്ടാകുകയില്ല.

English Summary:

Signature Styles Reveal These Personality Traits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com