ADVERTISEMENT

ആരുടേയും കണ്ണുകളെ സന്തോഷത്താൽ ഈറനണിയിക്കുകയും ഹൃദയത്തെ ആർദ്രമാക്കുകയും ചെയ്യുന്ന ഒരു വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. രണ്ടു കുട്ടികൾ തമ്മിലുള്ള നിഷ്കളങ്ക സ്നേഹവും അവരുടെ കളിചിരികളുമൊക്കെ കണ്ട് സോഷ്യൽ ലോകത്തിന്റെയും ഹൃദയം നിറഞ്ഞു എന്നുതന്നെ പറയാം. സെറിബ്രൽ പാൾസി ബാധിച്ച തന്റെ കൂട്ടുകാരനെ വീട്ടിലെത്തി കാണുകയും അവനൊപ്പം മധുരം പങ്കിടുകയും അവന്റെ കൂടെ കളിക്കുകയുമൊക്കെ ചെയ്യുന്ന ആ കൊച്ചുബാലികയ്ക്കു ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നങ്ങൾ നൽകിയാണ് സമൂഹമാധ്യമങ്ങൾ തങ്ങളുടെ സ്നേഹം പ്രകടമാക്കിയത്. 

 

ഒരേ സ്കൂളിൽ പഠിക്കുന്ന ആർതറും ഹെലോയ്‌സയും അടുത്ത കൂട്ടുകാരാണ്. ആദ്യമായാണ് അവന്റെ ഒരു സുഹൃത്തു വീട്ടിലെത്തുന്നതും അവനൊപ്പം കളിക്കുന്നതും. ആ ആഹ്ളാദം ആർതറിന്റെ കുഞ്ഞുമുഖത്ത് കാണാവുന്നതാണ്. അവനൊപ്പം കളിക്കുക മാത്രമല്ല, അവനെ നടക്കാൻ സഹായിച്ചും അവനു പോപ്‌സികിൾ വായിൽ വെച്ച് കൊടുത്തും ഭക്ഷണം വാരികൊടുത്തുമൊക്കെ ഹെലോയ്‌സ ആ ദിവസം മുഴുവൻ അവനൊപ്പമുണ്ട്. ഒടുവിൽ ആർതറിനെ അന്ന് ഉറക്കുന്നത് വരെ ആ ബാലികയാണ്. അവൻ ഉറങ്ങി കഴിയുമ്പോൾ ക്യാമറയിൽ നോക്കി വിജയഭാവത്തിൽ ചിരിക്കുന്ന ഹെലോയ്‌സയ്‌ക്കൊപ്പം സന്തോഷത്താൽ കാണുന്നവരുടെ കണ്ണും നിറയും. 

 

വിഡിയോ കണ്ടവരെല്ലാം തന്നെ ചെറുകുറിപ്പുകളിലൂടെയാണ് രണ്ടുകുട്ടികളോടുമുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കിയത്. ആർതറിനു സെറിബ്രൽ പാൾസിയുണ്ടെന്നത് അവളൊരിക്കലും ഒരു കുറവായി കണ്ടിട്ടില്ലെന്നും തനിക്കൊപ്പം, തന്നെ പോലെത്തന്നെയാണ് അവൾ അവനെയും കണക്കാക്കിയിരിക്കുന്നതെന്നും പരിശുദ്ധവും നിഷ്കളങ്കവുമായ ആ സ്നേഹം കണ്ണുകൾ നനയിക്കുന്നുവെന്നും ഒരാൾ എഴുതിയപ്പോൾ തന്റെ കുഞ്ഞിനും ഇങ്ങനെയൊരു കുറവുണ്ടെന്നും ഇതുപോലൊരു സുഹൃത്തിനെ തന്റെ മകനും കിട്ടിയിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നുവെന്നും ഒരമ്മ വിഡിയോയുടെ താഴെ കുറിച്ചു. രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ കണ്ണുകൾ നിറയുന്നുവെന്ന് നിരവധി പേർ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Content Summary : Little girl visits her friend with cerebral palsy - Viral video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com