ADVERTISEMENT

ടൈറ്റാനിക് തകർന്നതിന്റെ മറ്റൊരു വാർഷികദിനമാണ് കടന്നുപോയത്. ലോക സമുദ്രയാന രംഗത്തെ ഇത്രയും പിടിച്ചുകുടുക്കിയ ഒരു സംഭവം വേറെയില്ലായിരുന്നു. ഈ സംഭവം ജെയിംസ് കാമറൺ സിനിമയാക്കുകയും അഭ്രപാളിയിലെ അദ്ഭുതമായി ടൈറ്റാനിക് മാറുകയും ചെയ്തു. കപ്പലിന്റെ ഇടിയും ദുരന്തവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെങ്കിലും അതിലെ നായക–നായികാ കഥാപാത്രങ്ങളായ ജാക്കിന്റെയും റോസിന്റെയും പ്രണയത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

iconic-titanic-door-from-epic-film-at-auction
ചിത്രത്തിന് കടപ്പാട് : യുട്യൂബ്

ടൈറ്റാനിക്കിൽ കാണിക്കുന്ന ഈ കഥാപാത്രങ്ങൾ പക്ഷേ യാഥാർഥ്യമല്ല. ഭാവനാത്മകമായി സൃഷ്ടിച്ചതാണ്. എന്നാൽ ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്ന പല യാത്രക്കാരെയും പറ്റി കൗതുകകരമായ വിവരങ്ങൾ പിന്നീടുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ കൗതുകകരമായ ഒരു കഥയാണ് ജപ്പാൻകാരനായ മസാബുമി ഹോസോനോയുടേത്.

ടൈറ്റാനിക് കപ്പലപകടം നടന്ന ശേഷം 700ൽ അധികം പേർ രക്ഷപ്പെട്ടിരുന്നു. ടൈറ്റാനിക്കിൽ സഞ്ചരിച്ച് അപകടത്തിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരു ജപ്പാൻകാരനായിരുന്നു ഹോസോനോ. എന്നാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു ജന്മനാട്ടിലെത്തിയ ഹോസോനോയ്ക്ക് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. അദ്ദേഹത്തെ പറ്റി പല കുപ്രചാരണങ്ങളും ഉയർന്നിരുന്നു. സ്ത്രീവേഷം കെട്ടി അദ്ദേഹം പെട്ടെന്നു രക്ഷപ്പെട്ടു എന്നിവയുൾപ്പെടെ ഇതിൽപെടും. മറ്റുള്ള യാത്രക്കാർക്കൊപ്പം ധീരമായി മരണം വരിക്കാതെ ജപ്പാന്റെ അഭിമാനം ഹോസോനോ കളഞ്ഞുവെന്നുൾപ്പെടെ വ്യാഖ്യാനങ്ങളുണ്ടായി. ജാപ്പനീസ് സർക്കാരിലുള്ള അദ്ദേഹത്തിന്റെ മികച്ച ജോലിയും പൊതുജനങ്ങളുടെ സമ്മർദ്ദം കാരണം നഷ്ടമായി.

masabumi-hosono-and-violet-jessop
Violet Jessop, Masabumi Hosono . Photo credit; Wikipedia

ടൈറ്റാനിക്കിൽ നിന്നു രക്ഷപ്പെട്ട മറ്റൊരു കൗതുകതയുള്ള യാത്രക്കാരി വയലറ്റായിരുന്നു, ഒരേ തരത്തിലുള്ള മൂന്ന് വമ്പൻ കപ്പൽ അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ട മഹാഭാഗ്യത്തിന് ഉടമസ്ഥയാണ് വയലറ്റ് ജെസോപ്പ്. 1887ൽ ഐറിഷ് കുടിയേറ്റക്കാരായ വില്യം ജെസോപ്പിന്റെയും കാതറീന്റെയും എട്ടുമക്കളിൽ ഒരാളായി അർജന്‌റീനയിലാണു വയലറ്റിന്റെ ജനനം. വയലറ്റിന് 21 വയസ്സ് ആയതോടെ കുടുംബത്തെ സംരക്ഷിക്കാനായി വയലറ്റ്, കപ്പലിലെ പരിചാരികജോലി ഏറ്റെടുത്തു. 1908ലാണ് വയലറ്റ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. 

1911ൽ വൈറ്റ് സ്റ്റാർ ലൈൻ എന്ന കമ്പനിയുടെ ജീവനക്കാരിയായ വയലറ്റിനെ കമ്പനിയുടെ പ്രശസ്തമായ ‘ആർഎംഎസ് ഒളിംപിക് ’ എന്ന കപ്പലിൽ പരിചാരികയായി നിയോഗിച്ചു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായ ഒളിംപിക് വൈറ്റ് സ്റ്റാറിന്റെ തിളങ്ങുന്ന താരമായിരുന്നു. കപ്പലിന്റെ അഞ്ചാം കടൽയാത്രയിൽ വയലറ്റും ഡെക്കിലുണ്ടായിരുന്നു. എന്നാൽ ഗുരുതരമായ ഒരപകടത്തിലാണ് യാത്ര അവസാനിച്ചത്. 1911 സെപ്റ്റംബറിൽ ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗത്ത് ഐൽ ഓഫ് വൈറ്റിനു സമീപം ഇടുങ്ങിയ കടലിടുക്കിൽ കൂടി യാത്ര ചെയ്ത കപ്പൽ എച്ച്എംഎസ് ഹോക്ക് എന്ന ബ്രിട്ടിഷ് പടക്കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഒളിംപിക് കപ്പൽ അറ്റകുറ്റപ്പണികൾക്കായി വർക്‌ഷോപ്പിലേക്കു കയറ്റി. ഈ കാലത്താണ് വൈറ്റ് സ്റ്റാർ ലൈൻ ടൈറ്റാനിക് ഇറക്കുന്നത്. 1912ൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ വയലറ്റ് അതിൽ നിയോഗിക്കപ്പെട്ടു. പിന്നീടെന്താണു നടന്നതെന്നത് പ്രശസ്തമായ കഥ.

ഒന്നാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് വയലറ്റ് മറ്റൊരു കടൽയാത്ര ചെയ്തത്. വൈറ്റ് സ്റ്റാർലൈൻ കമ്പനിയുടെ കപ്പലായ ബ്രിട്ടാനിക്കിൽ ആയിരുന്നു ഇത്തവണ. 1916 നവംബർ 21..കപ്പൽ ഈഗൻ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന ഒരു ജർമൻ മൈൻബോംബിൽ ഇടിച്ച കപ്പലിൽ പൊട്ടിത്തെറി നടക്കുകയും കപ്പൽ മുങ്ങാൻ തുടങ്ങുകയും ചെയ്തു. ആഴത്തിലേക്കു പോയ വയലറ്റിന്റെ തല കപ്പലിന്റെ അടിഭാഗത്ത് ഉടക്കിക്കിടന്നു. തുടർന്ന് അതു വഴി വന്ന രക്ഷാപ്രവർത്തകർ ഇവരെ രക്ഷിച്ച് തങ്ങളുടെ ബോട്ടിലിട്ടു. മിസ് അൺസിങ്കബിൾ എന്നായിരുന്നു പിൽക്കാലത്ത് അവർക്ക് ലഭിച്ച വിളിപ്പേര്.

ടൈറ്റാനിക്കിൽ മനുഷ്യർ മാത്രമല്ല, മറ്റുജീവികളുമുണ്ടായിരുന്നു. 12 നായകൾ, പൂച്ചകൾ കുറേ കോഴികൾ, എണ്ണമറിയാത്തത്ര എലികൾ എന്നിവയായിരുന്നു അത്.12 നായ്ക്കളിൽ 3 എണ്ണമൊഴിച്ച് ബാക്കിയെല്ലാം ചത്തു. ടൈറ്റാനിക്കിന് ഒരു ഔദ്യോഗിക പൂച്ചയുമുണ്ടായിരുന്നു. ജെന്നി എന്നായിരുന്നു അതിന്റെ പേര്. എന്നാൽ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട് റിഗൽ എന്നൊരു നായയുടെ കഥയുണ്ട്. ടൈറ്റാനിക് കപ്പലിലെ ഫസ്റ്റ് ഓഫിസറായ വില്യം മർഡോക്കിന്റെ വളർത്തുനായയായാണ് റിഗൽ ലേഖനങ്ങളിൽ അവതരിപ്പിക്കപ്പെട്ടത്. റിഗലിന്റെ കുരയാണ് കാർപാത്യ എന്ന രക്ഷാക്കപ്പലിനെ ടൈറ്റാനിക്ക് സമീപമെത്തിച്ചതെന്നാണ് കഥ. എന്നാൽ ഈ കഥ വെറും കെട്ടുകഥയാണെന്ന് ചരിത്രകാരൻമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com