ADVERTISEMENT

തേരട്ടകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവയെ കാണുമ്പോൾ ചിലർക്കു പേടിയാകാറുണ്ട്, ആകാരത്തിൽ ഇവ കുഞ്ഞൻമാരാണെങ്കിലും. സരാന്‌റോഫോബിയ, മിറിയാപോഡോഫോബിയ എന്നീ പേരുകളിലാണ് തേരട്ടകളോടുള്ള ഈ ഭയം അറിയപ്പെടുന്നത്. ഈ പേടിയുള്ളവർ 30 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ചുറ്റിപ്പോയേനെ.അന്നു ഭീമാകാരൻമാരായ തേരട്ടകൾ ഭൂമിയിൽ വിഹരിച്ചിരുന്നു. ഒരു കാറിന്റെ അത്രയൊക്കെ വലുപ്പമുള്ളവ. ഒന്നാലോചിച്ചുനോക്കിയേ ആ ദൃശ്യം.

നെറ്റ്ഫ്‌ളിക്‌സിന്റെ ശാസ്ത്ര പരമ്പരയായ ലൈഫ് ഓൺ അവർ പ്ലാനറ്റിന്റെ എപ്പിസോഡിൽ ഈ ഭീമൻ തേരട്ട പുനസൃഷ്ടിക്കപ്പെടുകയാണ്. ഇത്തരം ഭീമൻമാരിൽ ഏറ്റവും വലുപ്പമുണ്ടായിരുന്ന ആർതോപ്ലൂറയെയാണ് വെർച്വലായി പുനസൃഷ്ടിച്ചിരിക്കുന്നത്. എട്ടരയടി നീളവും ഒന്നരയടി വീതിയുമുള്ള ആർതോപ്ലൂറയ്ക്ക് ഏകദേശം 50 കിലോയായിരുന്നു ഭാരം. 170 വർഷങ്ങൾക്കു മുൻപാണ് ആർതോപ്ലൂറയുടെ ഫോസിലുകൾ ആദ്യമായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. കാർബോണിഫറസ് പീരിയഡ് എന്നറിയപ്പെട്ടിരുന്ന പ്രാചീനകാലഘട്ടത്തിൽ ഇവ ബ്രിട്ടനുൾപ്പെടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും വസിച്ചിരുന്നു. 2018ൽ ഈ ജീവിയുടെ ഏറെക്കുറെ പൂർണമായ ഒരു ഫോസിൽ കണ്ടെത്തി. ഇതാണ് ഈ ജീവിയെപ്പറ്റി സമഗ്രമായ വിവരങ്ങൾ ശാസ്ത്രലോകത്തിനു നൽകിയത്.

ആർതോപ്ലൂറയും മറ്റും ഭൂമിയിൽ ജീവിച്ചിരുന്ന കാലയളവിൽ ഇവിടത്തെ ഓക്‌സിജൻ നില വളരെ ഉയർന്ന തോതിലായിരുന്നു. വമ്പൻ മരങ്ങൾക്കൊപ്പം വമ്പൻ ജീവികളും ഇവിടെ ജീവിച്ചിരുന്നു.മെഗാന്യൂറയെന്നു പേരുള്ള ഒരു പക്ഷിയുടെ വലുപ്പമുള്ള തുമ്പിയും 10 സെന്‌റിമീറ്ററോളം നീളമുള്ള ഭീമൻ പാറ്റകളുമൊക്കെ അക്കാലത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ 2021ൽ  വടക്കൻ മേഖലാ നഗരമായ നോർത്തുംബർലൻഡിനു സമീപം ഒരു ആർത്രോപ്ലൂറ ഫോസിൽ കണ്ടെത്തിയിരുന്നു.വളരെ യാദൃശ്ചികമായിട്ടായിരുന്നു ഈ കണ്ടെത്തൽ. ബീച്ച് വഴി നടന്ന ഒരു പിഎച്ച്ഡി വിദ്യാർഥി പാറയിൽ ഫോസിൽ പോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടു. ആദ്യം എന്തെങ്കിലും മാലിന്യമോ പായലോ ആയിരിക്കുമെന്നു കരുതി നടന്നകലാൻ തുടങ്ങിയ വിദ്യാർഥി ശ്രദ്ധയോടെ വീണ്ടും പരിശോധിച്ചപ്പോഴാണു സംഭവം ഒരു ഫോസിലാണെന്നു മനസ്സിലായത്.

ആർത്രോപ്ലൂറ ജീവി ദിനോസറുകൾ ഭൂമിയിൽ വിഹരിക്കാൻ തുടങ്ങുന്നതിനും മുൻപുള്ളതാണ്. നാലരക്കോടി വർഷത്തോളം ഭൂമിയിൽ ജീവിക്കാൻ ഇവയ്ക്കു കഴിഞ്ഞു. അക്കാലത്ത് വിവിധ ഭൂഖണ്ഡങ്ങൾ ഉടലെടുത്തിരുന്നില്ല. ആദിമ കരഭാഗമായ പാൻജിയയാണ് ഉണ്ടായിരുന്നത്. ട്രോപ്പിക്കൽ കാലാവസ്ഥ അവിടെ നിലനിന്നു പോന്നു. ആർത്രോപ്ലൂറ വിഭാഗത്തിലുള്ള ഈ തേരട്ടകൾക്കു സുഖമായി ജീവിക്കാനും യഥേഷ്ടം ഭക്ഷണം കഴിക്കാനും ഈ കാലാവസ്ഥ തീർത്തും അനുയയോജ്യമായിരുന്നു.

എന്നാൽ പിൽക്കാലത്ത് കൂടുതൽ ചൂടുള്ള കാലാവസ്ഥ സംജാതമായതും ദിനോസറുകളും മറ്റ് ഉരഗങ്ങളും ശക്തിപ്രാപിച്ചതുമാകാം ഇവയുടെ നാശത്തിലേക്കു നയിച്ചതെന്നു കരുതപ്പെടുന്നു. ഇന്നത്തെ കാലത്തെ തേരട്ടകൾ ചത്തഴുകുന്ന ചെടികളും സസ്യങ്ങളും മരങ്ങളുമാണ് ഭക്ഷിക്കുന്നത്. എന്നാൽ പുരാതനകാലത്തെ ഈ വമ്പൻ തേരട്ടകൾ വലിയ വേട്ടക്കാരായിരുന്നത്രേ. കരയിലും കടലിലും ഇവ വിവിധ ജീവികളെ വേട്ടയാടിയിരുന്നു. 

English Summary:

Giant Arthropleura fossil with the size of a car unearthed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com